അറ്റ്ലസ് രാമചന്ദ്രനെ ചേര്‍ത്ത്പിടിച്ച് സൗഹൃദക്കൂട്ടം; സ്നേഹമഴയായ് ഒരു ഇഫ്താര്‍
Gulf Today
അറ്റ്ലസ് രാമചന്ദ്രനെ ചേര്‍ത്ത്പിടിച്ച് സൗഹൃദക്കൂട്ടം; സ്നേഹമഴയായ് ഒരു ഇഫ്താര്‍
ന്യൂസ് ഡെസ്‌ക്
Wednesday, 29th May 2019, 10:22 pm

ദുബൈ: റമദാന്‍ വ്രതമാസത്തിന്റെ ധന്യതയെ അന്വര്‍ത്ഥമാക്കുന്നതായിരുന്നു ആ ഒത്തുകൂടല്‍. ദുബായില്‍ മെയ് 28 ചൊവ്വാഴ്ച നടന്ന ഇഫ്താര്‍ ഐക്യദാര്‍ഢൃത്തിന്റെ പുതിയ സന്ദേശമാണ് പകര്‍ന്നുനല്‍കിയത്. ‘അറ്റ്ലസ് രാമചന്ദ്രേട്ടനോടൊപ്പം ഒരു ഇഫ്താര്‍’ എന്ന പേരില്‍ സംഘടിപ്പിച്ച ഉദ്യമം വികാര നിര്‍ഭരമായി നിമിഷങ്ങളാണ് പങ്കുവെച്ചത്.

കലാകാരനും വ്യാപാര പ്രമുഖനുമായ അറ്റ്ലസ് രാമചന്ദ്രന്റെ ഭവനത്തില്‍ നിരവധി സുഹൃത്തുക്കള്‍ ഒത്തുചേര്‍ന്ന് അദ്ദേഹത്തെയും കുടുംബത്തെയും ചേര്‍ത്തുപിടിച്ച് ഒരു ഐക്യ ദാര്‍ഢ്യ പ്രഖ്യാപനം പോലെയാണ് നോമ്പ് തുറ വിരുന്ന് സംഘടിപ്പിച്ചത്. എഴുത്തുകാരനും സാമൂഹിക പ്രവര്‍ത്തകനുമായ ബഷീര്‍ തിക്കോടിയാണ് ഇത്തരമൊരു ആശയം മുന്നോട്ടുവെച്ചതും ഇഫാതാര്‍ വിരുന്ന് സംഘടിപ്പിക്കാന്‍ നേതൃത്വം നല്‍കിയതും.

സാമ്പത്തിക പ്രതിസന്ധികളെത്തുടര്‍ന്ന് ജീവിതത്തിലുണ്ടായ തിരിച്ചടികളെ മറികടക്കാന്‍ ശ്രമം തുടരുന്ന അറ്റ്ലസ് രാമചന്ദ്രന്‍ അതെല്ലാം അതിജയിച്ച് വീണ്ടും കച്ചവടത്തിന്റെയും കലയുടെയും മുഖ്യ ധാരയിലേക്ക് കടന്നുവരട്ടെയെന്ന് ചടങ്ങില്‍ പങ്കെടുത്തവര്‍ പ്രത്യാശിച്ചു. ബഷീര്‍ തിക്കോടി, കെ.കെ മൊയ്തീന്‍ കോയ, നിസാര്‍ സെയ്ദ്, നെല്ലറ ശംസുദീന്‍, എം.സി.എ നാസര്‍, ഷാബു കിളിത്തട്ടില്‍,ചാക്കോ ഊളക്കാടന്‍, എ.എ.കെ മുസ്തഫ, മോഹന്‍കുമാര്‍ ഷാര്‍ജ, ഹക്കീം വാഴക്കാലയില്‍, ജയപ്രകാശ് പയ്യന്നൂര്‍, സക്കരിയ നരിക്കുനി, രാജന്‍ കൊളാവിപ്പാലം, ഹാരിസ് കോസ്മോസ്, റഹ്മത്ത് വി.എം കുട്ടി തുടങ്ങി വിവിധ തുറകളിലുള്ളവര്‍ ഇഫ്താറില്‍ പങ്കെടുത്തു.

നേരത്തെ ദുബൈയിലെ അറ്റ്ലസ് ഭവനത്തില്‍ സ്ഥിരമായി സംഘടിപ്പിക്കപ്പെടാറുള്ള വൈക്കം മുഹമ്മദ് ബഷീര്‍ അനുസ്മരണ പരിപാടികള്‍ക്ക് ശേഷം ഒരു ഇടവേള കഴിഞ്ഞാണ് ഒരു ഒത്തുചേരല്‍ ഇപ്പോള്‍ ഉണ്ടാകുന്നത്. തന്റെ ജീവിതാനുഭവങ്ങളില്‍ എക്കാലവും സ്മരിക്കപ്പെടുന്ന നിമിഷങ്ങളാണ് ഇന്നത്തെ ഇഫ്താര്‍ നല്‍കുന്നതെന്ന് അറ്റ്ലസ് രാമചന്ദ്രന്‍ പറഞ്ഞു. ഈ ഒത്തുകൂടല്‍ നല്‍കുന്ന ധൈര്യം വലുതാണെന്നും, പ്രാര്‍ത്ഥനകള്‍ക്ക് നന്ദിയുണ്ടെന്നും അദ്ദേഹം പറഞ്ഞു. തന്റെ പ്രവര്‍ത്തനമേഖലയിലേക്ക് തിരികെവരാന്‍ ഈ സൗഹൃദം ആവേശം പകരുന്നതായും ഒന്നും നഷ്ടപ്പെട്ടിട്ടില്ലെന്ന തോന്നലാണ് ഇപ്പോള്‍ ഉണ്ടായിരിക്കുന്നതെന്നും അറ്റ്ലസ് രാമചന്ദ്രന്‍ പറഞ്ഞു.

ഭാര്യ ഇന്ദു , മകള്‍ മഞ്ജു എന്നിവരും ഇഫ്താറില്‍ പങ്കെടുത്തു. പ്രമുഖ ഫോട്ടോഗ്രാഫര്‍ ജയപ്രകാശ് പയ്യന്നൂര്‍ പകര്‍ത്തിയ ചിത്രങ്ങള്‍ അറ്റ്ലസ് രാമചന്ദ്രന് ഉപഹാരമായി നല്‍കി. ചടങ്ങില്‍ പങ്കെടുത്തവര്‍ അറ്റ്ലസ് രാമചന്ദ്രന്റെ ഛായാചിത്രം ഉയര്‍ത്തിപ്പിടിച്ചത് ഹൃദയം തൊടുന്ന നിമിഷങ്ങളായി മാറുകയായിരുന്നു.