Administrator
Administrator
ഗണേശോത്സവത്തിന് കൊടിയിറങ്ങി
Administrator
Sunday 18th December 2011 2:27pm


ബാബു ഭരദ്വാജ്

ത്തവണത്തെ ചലച്ചിത്ര മേളയെ ഈ പേരില്‍ വിളിക്കാനാണ് തോന്നുന്നത്. ഒരു മാടമ്പി നടത്തുന്ന മേള പോലെയാണ് മേള തുടങ്ങിയതും അവസാനിച്ചതും. സമാപനച്ചടങ്ങിലെ ഗണേഷ് കുമാറിന്റെ പ്രസംഗവും ഉത്സവക്കമ്മിറ്റിക്കാര്‍ സാധാരണ നടത്താറുളള വെടിക്കെട്ടുപോലെയായിരുന്നു. ഉത്സവം വിജയിപ്പിച്ചതില്‍ നാട്ടുകാരോടുള്ള അഭിനന്ദനം. ഉത്സവപറമ്പില്‍ തുടക്കം മുതലേ കുഴപ്പം ഉണ്ടാക്കാന്‍ ശ്രമിച്ചവരോടുള്ള ഭീഷണി. ആനകളിടഞ്ഞു നിന്നിട്ടും ഉത്സവം നടന്നു പോയതിലുള്ള ആശ്വാസം. രാമന്‍ നായരുടെ കൊച്ചുമോന് കൊട്ടാരക്കരയുടെ ‘ഠ ‘ വട്ടത്തില്‍ നിന്ന് ഇനിയും പുറത്തുകടക്കാന്‍ കഴിഞ്ഞിട്ടില്ല. കഴിയുകയുമില്ല. മാടമ്പിത്തരം ചുണ്ണാമ്പിട്ടു കഴുകിയാല്‍ ”പാണ്ടായി ”ത്തീരും. മനസ്സിലെ പാണ്ട് ഒരിക്കലും മാറില്ല.

അടുത്ത വര്‍ഷം മുതല്‍ ഡെലിഗേറ്റ് പാസ്സ് പരിമിതപ്പെടുത്തുമെന്നും വെരിഫിക്കേഷന്‍ നടത്തിയേ കൊടുക്കുകയുള്ളൂവെന്നും പറഞ്ഞിരിക്കുന്നു. ഇത്തവണ പതിനായിരത്തിലേറെ ഡെലിഗേറ്റ്‌സ് പാസ്സ് വിതരണം ചെയ്തിരുന്നു. അത് 6000 ആയി കുറയ്ക്കുമത്രേ. ”മാടമ്പി’യെ അനുസരിക്കുന്നവര്‍ മാത്രം സിനിമ കണ്ടാല്‍ മതി. അതോടെ മേളയുടെ ഏറ്റവും വലിയ ഉദ്ദേശ്യ ലക്ഷ്യത്തില്‍ നിന്ന് പിന്‍തിരിയലായി. നല്ല സിനിമ കാണുകയും അത്തരം ആസ്വാദകരുടെ എണ്ണം കൂട്ടുകയുമായിരുന്നു മേളയുടെ പ്രധാന ലക്ഷ്യം. ഗണേഷ് കുമാര്‍ ആസ്വാദകരുടെ എണ്ണം കുറയ്ക്കാനാണ് തീരുമാനിച്ചിരിക്കുന്നത്. നല്ല സിനിമ ആള്‍ക്കാര്‍ കാണരുതെന്നും അവരൊക്കെ ഗണേഷും കമ്പനിക്കാരും പടച്ചുവിടുന്ന പീറപ്പടങ്ങള്‍ കാണുകയും അവയെ വാഴ്ത്തുകയുമാണ് ചെയ്യേണ്ടതെന്ന് ചുരുക്കം. എന്തായാലും ഒരു പരസ്യ വാചകം എഴുതാം. ”മലയാള സിനിമ വളരും’ അതിന് കൂട്ടുനില്‍ക്കാന്‍ ചലച്ചിത്ര ആരാധകര്‍ തയ്യാറാവുമോ ? ചുരുക്കത്തില്‍ മേളയുടെ ശവപ്പെട്ടിയാണ് ഗണേഷ്‌കുമാര്‍ ഉണ്ടാക്കിക്കൊണ്ടിരിക്കുന്നത്.

മേളയിലെ കാണികള്‍ തിരഞ്ഞെടുത്ത ചിത്രം PAINTING LESSON ആണ്. ജൂറി തിരഞ്ഞെടുത്ത ചിത്രം COLOURS OF MOUNTAIN ഉം. രണ്ടും ചിത്രമെന്ന നിലയില്‍ കേമം തന്നെ. കൃത്യമായ രാഷ്ട്രീയ നിലപാടുകള്‍ ഉള്ളവര്‍ക്ക് രണ്ടുചിത്രങ്ങളെ കുറിച്ചും വിമര്‍ശനം ഉണ്ടാകാം. PAINTING LESSON എന്ന ചിത്രത്തിന്റെ രാഷ്ട്രീയ പരിസരം അലന്‍ഡെ ഭരണകൂടത്തിന്റെ അവസാന നാളുകളാണ്. എന്നാല്‍ ചലച്ചിത്രകാരന്‍ ” പിനോച്ച’യുടെ പട്ടാള ഭരണകൂടത്തിനെതിരെ പ്രത്യക്ഷമായ നിലപാട് ഈ ചിത്രത്തില്‍ എടുക്കുന്നില്ല. ഈ ചിത്രം നിര്‍മ്മിച്ച 2011 ല്‍ അത്തരം വിലക്കുകള്‍ ഇല്ലാത്തതിനാല്‍ കുറേക്കൂടി സൂക്ഷ്മമായി ചിത്രത്തില്‍ രാഷ്ട്രീയം കൈകാര്യം ചെയ്യാമായിരുന്നു.

COLOURS OF MOUNTAINS ലെ പ്രമേയം ഒരു മൈന്‍പാടത്ത് പെട്ടുപോയ ഒരു ഫുട്‌ബോള്‍ വീണ്ടെടുക്കുന്ന കഥയാണ്. ഇതിന്റെ രാഷ്ട്രീയം കൊളംബിയയുടെയും ലാറ്റിന്‍ അമേരിക്കയുടെയും ഇന്നത്തെ രാഷ്ട്രീയ പരിസ്ഥിതിയാണ്. ഒരു ഭാഗത്ത് ഭരണകൂടവും അവര്‍ക്കൊപ്പം ഫ്യൂഡല്‍ മാടമ്പികളും ചേര്‍ന്ന് ജനങ്ങളെ അടിച്ചമര്‍ത്തുന്നു. മറുഭാഗത്ത്് ജനങ്ങളില്‍ നിന്നുയര്‍ന്നു വരുന്ന ഗറില്ലകള്‍ ഭരണകൂടത്തിനെതിരെ കലാപം ഉണ്ടാക്കുന്നു. സിനിമയുടെ രചയിതാവ് ഇതില്‍ ആരുടെ ഭാഗത്താണ് എന്നതാണ് പ്രശ്‌നം. ചിത്രം നല്‍കുന്ന സന്ദേശം ഗ്രാമത്തിലെ ഗറില്ലാ സാനിധ്യം സമാധാനപരമായ ജീവിതത്തെ തകര്‍ക്കുന്നുവെന്നതാണ്. അതെത്രത്തോളം ശരിയാണ്?

ജനങ്ങളുടെ ”സുരക്ഷ’ എന്നതൊരു സമീപ യാഥാര്‍ത്ഥ്യം മാത്രമല്ല. അതിന്റെ ചക്രവാളം വളരെ വിസ്തൃതമാണ്. താത്ക്കാലികമായ അരക്ഷിതകളില്‍ നിന്ന് പൂര്‍ണ്ണമായ സുരക്ഷയിലേക്കുള്ള മാര്‍ഗം ഈ അരക്ഷിതകളെ അതിജീവിക്കലും അത്തരം അരക്ഷിതകള്‍ കൊണ്ടുണ്ടാകുന്ന വ്യവസ്ഥകള്‍ക്കെതിരെയുളള സമരം ശക്തമാക്കലുമാണ്. അത്തരം ചില സൂചനകളെങ്കിലും ചിത്രം നല്‍കിയിരുന്നെങ്കില്‍ COLOURS OF MOUNTAIN ഉത്തമ കലാസൃഷ്ടിയായി മാറിയേനെ. നിലപാടുകളില്‍ തീര്‍പ്പില്ലാത്ത ഒരു പൊതുസമൂഹത്തിന്റെ സൃഷ്ടിയാണോ ലോകവ്യാപകമായി നടന്നുകൊണ്ടിരിക്കുന്നത്. ഇത്തരം ചില ആശങ്കകളും സന്ദേഹങ്ങളും ഉണ്ടാക്കലും നല്ലതുതന്നെ,കലയുടെ കടമയും അതു തന്നെ.

Advertisement