Administrator
Administrator
വിരഹത്തിന്റെ രാഷ്ട്രീയം
Administrator
Friday 16th December 2011 11:11am

damascus-with-my-love

ഉത്സവ നഗരിയില്‍ നിന്ന് പത്രാധിപര്‍ ബാബു ഭരദ്വാജ് എഴുതുന്നു…

ഴാം നാള്‍ രാവിലെ ലബനീസ് ചിത്രമായ Here Comes The Rain കണ്ടു പുറത്തിറങ്ങുമ്പോള്‍ ഒരു യുവാവ് അത്ഭുതത്തോടെ പറഞ്ഞു:

‘ഓരോ ജീവിത മുഹൂര്‍ത്തത്തിന്നും രാഷ്ട്രീയ മുണ്ടെന്നും സിനിമയുടെ രാഷ്ട്രീയവും ദൗത്യവും അതാണെന്നും വിദേശങ്ങളിലെ സിനിമാ പ്രവര്‍ത്തകര്‍ക്കറിയാം. നമ്മുടെ സിനിമക്കാര്‍ക്കതറയില്ല’.

അത് നമ്മുടെ കുറ്റം കൂടിയാണ്. പ്രേക്ഷക പക്ഷത്തു നിന്ന് നമ്മള്‍ ചെയ്തുകൊണ്ടിരിക്കുന്ന കുറ്റം. നമ്മളെല്ലാം അര്‍ത്ഥമറിയാത്ത മുദ്രാവാക്യം വിളിയക്കുന്ന അരാഷ്ട്രീയ ജീവികളാണ്. നമ്മള്‍ രാഷ്ട്രീയമറിയാത്ത പ്രണയിക്കുന്നവരും വിരഹത്തിന്റെയും സമാഗമത്തിന്റെയും രാഷ്ട്രീയം അറിയാത്തവരുമാണ്. നമുക്ക് ദാരിദ്ര്യത്തിന്റെ രാഷ്ട്രീയം പോലും അറിയില്ല. പാര്‍ട്ടി പ്രവര്‍ത്തകനായ ഷെറിപോലും എത്ര അരാഷ്ട്രീയമായാണ് ‘ആദിമധ്യാന്തം’ എടുത്തിരിക്കുന്നത്. ഏഴാംനാള്‍ കണ്ട സിനിമകളില്‍ മൂന്നും പ്രധാന പ്രമേയം പ്രണയവും വിരഹവും ജീവിതവും രാഷ്ട്രീയവും തന്നെയാണ്.

രണ്ട് അറബ് ചിത്രങ്ങളും ഒരു ലാറ്റിന്‍ അമേരിക്കന്‍ ചിത്രവുമാണ് ഏഴാം നാള്‍ കണ്ടത്. അറബ് ചിത്രങ്ങളെല്ലാം തന്നെ അറബ് സ്പ്രിംഗ് എന്ന ലേബലോടെയാണ് പ്രദര്‍ശിപ്പിച്ചിരുന്നത്. അത്തരമൊരു കള്ളിയില്‍ ഈ ചിത്രങ്ങളെയൊക്കെ ഒരുക്കുന്നതിന്റെ സാംഗത്യം മനസ്സിലാക്കാന്‍ വിഷമമുണ്ട്. അറബ് രാജ്യങ്ങളില്‍ ഈയിടെ ഉരുണ്ടുകൂടിയ രാഷ്ട്രീയ കാലാവസ്ഥയായിരിക്കണം അതിന് പ്രചോദനമാവുന്നത്. ഒന്നോര്‍ത്താല്‍ ഒരു രാഷ്ട്രീയ കാലാവസ്ഥയും ഒരുനാള്‍ പെട്ടെന്നുണ്ടാവുന്ന ഒരു പേമാരിയല്ല. പ്രമേയങ്ങളില്‍ പതുക്കെപ്പെയ്തു ഇരുളുന്ന ആകാശങ്ങളാണ് ഉള്ളത്. ക്യാമറ അറിയാതെ ഭൂമിയില്‍ നിന്ന് ആകാശത്തിലേക്ക് തെന്നിമാറുന്നത് ഇത്തരമൊരു സൂചന തന്നെയായിട്ടായിരിക്കണം കാണേണ്ടത്. ആകാശത്തിലെപ്പോലെ ഭൂമിയിലും നന്മ നിറയ്‌ക്കേണമേ എന്ന് ബിബ്ലിക്കല്‍ വചനം ഇനി ഭൂമിയെപ്പോലെ ആകാശത്തിലും ക്ഷോഭം നിറയ്ക്കണമേ എന്ന് നമ്മളൊക്കെ തിരുത്തിപ്പറയാന്‍ തുടങ്ങിയിട്ടുണ്ടാവണം.

Here-Comes-The-Rain

Here Comes The Rain എന്ന ലെബന്‍ ചിത്രം 1980 കളില്‍ രഹസ്യപ്പോലീസുകാര്‍ രാത്രിയുടെ മൂന്നാംയാമങ്ങളില്‍ വീടുകളില്‍ നിന്ന് പിടിച്ചിറക്കി കൊണ്ടുപോയി കാണാതെ പോയ മനുഷ്യരുടെ കഥയാണ്. അവര്‍ ജീവിച്ചിരിക്കുന്നുണ്ടോ മരിച്ചോ എന്നറിയാതെ ആകുലരായി അവരെ കാത്തിരിക്കുന്ന ഭാര്യമാരെയും അമ്മമാരുടെയും കഥയാണ്. ഇരുപതു കൊല്ലം കഴിഞ്ഞ് റമീസ് ഭാര്യയുടെയും മക്കളുടെയും അടുത്തേക്ക് തിരിച്ചെത്തുന്നു. അയാള്‍ക്കീ ലോകം അപരിചിതമാണ്. അയാളെ തിരഞ്ഞ് പിടിക്കുന്ന കാലത്ത് രണ്ടു മൂന്ന് വയസ്സ് പ്രായമുണ്ടായിരുന്ന മക്കള്‍ യുവാക്കളായി കഴിഞ്ഞു. അവര്‍ക്കീ മനുഷ്യന്‍ അപരിചിതനാണ്.

ഇരുപതു കൊല്ലക്കാലം നീണ്ടുനിന്ന പീഡനം അയാളെ വൃദ്ധനും മനോരോഗിയുമാക്കി മാറ്റിക്കഴിഞ്ഞു. അയാള്‍ക്കീ ലോകത്തോട് പൊരുത്തപ്പെടാനാവുന്നില്ല. അയാളോട് എത്രതന്നെ ശ്രമിച്ചാലും മക്കള്‍ക്കും പൊരുത്തപ്പെടാനാവുന്നില്ല. അയാളുടെ തിരിച്ചുവരവോടെ അതുവരെ ശീലിച്ചിരുന്ന ജീവിതവ്യവസ്ഥ അവര്‍ക്ക് കൈമോശം വരുന്നു. അതൊക്കെ അതൃപ്തമായ നിന്ദാവചനങ്ങളായി അമ്മയുടെ മേല്‍ ചൊരിയുന്നു. ഈ കഥയിലൂടെ സംവിധായകന്‍ ഒറ്റപ്പെട്ട മനുഷ്യകഥയല്ല പറയുന്നത്. ഇരുപതുകൊല്ലം മുന്‍പ് കാണാതെ പോയ ആയിരക്കണക്കിന് മനുഷ്യര്‍ ലെബനോണിലുണ്ട്. ലെബനോണില്‍ മാത്രമല്ല, ലോകമെമ്പാടുമുണ്ട്. അവരുടെയെല്ലാം കഥയാണ് പറയുന്നത്. റമീസിന്റെ കഥയ്‌ക്കൊപ്പം ഖാലിദിനെ കാത്തിരിക്കുന്ന സൈനബയുടെ കഥയും കൂട്ടിച്ചേര്‍ത്തിരിക്കുന്നു. ഖാലിദിനെ റമീസിനറിയാം. ജയിലില്‍ പീഡനത്തിലൂടെ ഖാലിദ് മരിക്കുന്നതിന് സാക്ഷിയാണ് റമീസ്. സൈനബയോട് അക്കാര്യം പറയാന്‍ റമീസിന് കഴിയുന്നില്ല.

പതിമൂന്നാമത്തെ വയസ്സില്‍ നിരത്തില്‍ കൂട്ടുകാര്‍ക്കൊപ്പം കളിക്കാനിറങ്ങിയ മകനെ കാത്തിരിക്കുന്ന ഒരമ്മയും ഇതിലുണ്ട്. 1984ലെ കഥയായതുകൊണ്ടായിരിക്കണം ഈ വര്‍ണചിത്രത്തില്‍ ഈ അമ്മയെ കറുപ്പു നിറത്തിലാണ് അവലോകനം ചെയ്തിരിക്കുന്നത്. മകനെത്തേടി അമ്മ നിരന്തരം അധികാരികള്‍ക്കും പത്രങ്ങള്‍ക്കും കത്തെഴുതിക്കൊണ്ടിരിക്കുന്നു. ഒടുക്കം ഒരു ഫോട്ടാഗ്രാഫറെക്കൊണ്ട് മകന്‍ തിരിച്ചുവന്നാല്‍ കാണാനായി തന്റെ ചിരിക്കുന്ന മുഖത്തിന്റെ ചിത്രമെടുത്ത് സൂക്ഷിച്ച് ആ അമ്മ ആത്മഹത്യ ചെയ്യുന്നു. ഈ സിനിമയിലൂടെ കാണാതാവലും കാത്തിരിക്കലും ലെബനോണ്‍ ജീവിതത്തിന്റെ നിത്യസത്യമാണെന്ന് സംവിധായകന്‍ ബോധിപ്പിക്കുന്നത്. അത് ലെബനോണിന്റെ മാത്രം സത്യമല്ല, എല്ലാ രാജ്യത്തിലേയും ജീവിതത്തിന്റെ പൊതുസത്യമാണ്.

Damascus-With-Love

Damascus With Love ഉം ഒരു അറബ് സ്പ്രിംഗ് ചിത്രമാണ്. സിറിയയില്‍ നിന്ന് ഇറ്റലിയിലേക്ക് കുടിയേറാന്‍ നിര്‍ബന്ധിതരായ ജൂത കുടുംബങ്ങളുടെ കഥയാണത്. ഇറ്റലിയിലേക്ക് ഒരു ഗ്ലാസ്സ് ഭരണിയില്‍ സിറിയയിലെ മണ്ണുമായാണ് ഒരു ജൂതന്‍ യാത്രതിരിക്കുന്നത്. അയാളുടെ മകള്‍ ഹാല എയര്‍പോര്‍ട്ടില്‍ നിന്ന് വിമാനം കയറാതെ ഡമസ്‌കസിലേക്ക് തന്നെ തിരിച്ചു പോവുന്നു. കഥയില്‍ അച്ഛന്‍ പറയുന്നതു പോലെ മുല്ലപ്പൂവിന്റെ മണമുള്ള ഡമസ്‌കസിന്റെ മണ്ണിലേക്ക്. കാരണം, വിമാനത്തില്‍ കയറുന്നതിന് തൊട്ടുമുന്‍പാണ് അച്ഛന്‍ അവളുടെ കാമുകന്‍ ജീവിച്ചിരിപ്പുണ്ടെന്ന് അറിയുന്നത്.

അതുവരെ അയാള്‍ മരിച്ചുവെന്നാണ് അവള്‍ കരുതിയിരുന്നത്. തന്റെ നഷ്ടപ്പെട്ട കാമുകനെത്തേടി അവള്‍ സിറിയ മുഴുവന്‍ അലയുന്നു. അവളെ സഹായിക്കാന്‍ ജൂതന്‍മാര്‍ മത്രമല്ല ഉണ്ടായിരുന്നത്, ക്രിസ്ത്യാനികളും മുസ്ലിംകളുമെല്ലാം ഉണ്ട്. അവളുടെ കാമുകന്‍ ക്രിസ്ത്യാനിയായിരുന്നു. നീണ്ട ദശകങ്ങളാണ് അവള്‍ അയാള്‍ക്കു വേണ്ടി കാത്തിരുന്നത്. ആ കാത്തിരിപ്പിനിടയിലും അയാള്‍ യുദ്ധത്തില്‍ മരിച്ചു കഴിഞ്ഞെന്നു തന്നെയാണ് അവള്‍ കരുതിയിരുന്നത്. ഒടുക്കം പുന:സമാഗമത്തില്‍ കഥ തീരുന്നു.

The-Cat-Vanishes

The Cat Vanishes എന്ന മത്സര വിഭാഗത്തിലെ അര്‍ജന്റീനിയന്‍ ചിത്രം മറ്റൊരുതരം വിരഹത്തിന്റെയും സമാഗമത്തിന്റെയും കഥയാണ്. ഭ്രാന്താശുപത്രിയില്‍ അടയ്ക്കപ്പെടുന്ന ഒരു ചരിത്ര പ്രൊഫസര്‍ ഭ്രാന്ത് മാറി തിരിച്ചു വീട്ടിലെത്തുന്നതാണ് കഥ. അയാള്‍ക്ക് ഭ്രാന്ത് മാറിയെന്ന് വിശ്വസിക്കാന്‍ ഭാര്യയ്ക്കു ആവുന്നില്ല. അതിന്റെ വിഹ്വലതകളാണ് ചിത്രം മുഴുക്കെ. അയാള്‍ ഓമനിച്ചു വളര്‍ത്തുന്ന കറുത്ത പൂച്ച അയാളെ കാണുമ്പോള്‍ രോഷത്തോടെ ചീറിയടുത്ത് അയാളുടെ കണ്ണുകള്‍ക്ക് താഴെ മുറിവേല്‍പ്പിക്കുന്നതും പിന്നീടതിനെ കാണാതാകുന്നതും ഭാര്യ നിമിത്തമായി കാണുന്നു.

അയാള്‍ക്ക് ഭ്രാന്ത് മാറിയെന്ന കാര്യം മനുഷ്യര്‍ക്കറിയില്ലെങ്കിലും പൂച്ചയ്ക്കറിയാമെന്ന് അവള്‍ കരുതുന്നു. അവളുടെ ഭയം വര്‍ധിക്കുന്നു. ഉറ്റവരുടെ ഭ്രാന്ത് മാറിയാലും അവരെ ഉള്‍ക്കൊള്ളാന്‍ ഏറ്റവും അടുത്തിടപഴകുന്നവര്‍ക്കു പോലും കഴിയില്ലെന്നും അയാളുടെ ഓരോ പ്രവര്‍ത്തനത്തിലും ഭ്രാന്തിന്റെ അംശങ്ങള്‍ തേടാന്‍ അവര്‍ നിര്‍ബന്ധിതരാവുമെന്നുമുള്ള മനസ്സിന്റെ വികല്പമാണ് ഇവിടെ ചിത്രീകരിക്കപ്പെടുന്നത്.

Malayalam news

Kerala news in English

Advertisement