Administrator
Administrator
പ്രതിഷേധങ്ങള്‍ക്കു നടുവില്‍ ചലച്ചിത്ര മേളക്ക് തിരിതെളിഞ്ഞു-more photos
Administrator
Friday 9th December 2011 11:39pm

iffk-2011-inaugurartion

ചലച്ചിത്ര മേള മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി നിലവിളക്ക് കൊളുത്തി ഉദ്ഘാടനം ചെയ്യുന്നു

ചിത്രങ്ങള്‍: രാംകുമാര്‍

തിരുവനന്തപുരം: പ്രതിഷേധങ്ങള്‍ക്ക് നടുവില്‍ പതിനാറാമത് രാജ്യാന്തര ചലച്ചിത്രമേളയ്ക്ക് തുടക്കം. നിശാഗന്ധിയിലെ പ്രൗഢമായ വേദിയില്‍ മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിയാണ് മേള ഉദ്ഘാടനം ചെയ്തത്. മേളയിലെ മത്സര വിഭാഗത്തില്‍ നിന്ന് ആദിമധ്യാന്തത്തെ ഒഴിവാക്കിയതിലും മുല്ലപ്പെരിയാര്‍ വിഷയത്തിലും പ്രതിഷേധത്തോടെയാണ്  തുടക്കം. പ്രതിഷേധ സൂചകമായി ആദിമധ്യാന്തം സംവിധായകന്‍ ഷെറി നാളെ തിയേറ്ററിന് മുന്നില്‍ നിരാഹാര സമരം നടത്തുന്നുണ്ട്.

അനന്തപുരിയിലെ 10 തിയേറ്ററുകളിലും നിശാഗന്ധിയിലെ ഓപ്പണ്‍ എയര്‍ ഓഡിറ്റോറിയത്തിലുമായാണ് പ്രദര്‍ശനം. ഇരുന്നൂറോളം ചലച്ചിത്രങ്ങളാണ് പ്രേക്ഷകര്‍ക്കു കാണാന്‍ അവസരമൊരുങ്ങുന്നത്. ഉദ്ഘാടനച്ചടങ്ങില്‍ മന്ത്രി കെ.ബി.ഗണേഷ് കുമാര്‍ അധ്യക്ഷത വഹിച്ചു. ചലച്ചിത്ര അക്കാദമി ചെയര്‍മാന്‍ പ്രിയദര്‍ശന്‍ മോളയെക്കുറിച്ച് വിവരിച്ചു. ഹിന്ദി സിനിമയിലെ പഴയകാല നായിക ജയാബച്ചന്‍ മുഖ്യാതിഥിയായിരുന്നു. ഹിന്ദി നടന്‍ ഓംപുരിയും പങ്കെടുത്തു. സാംസ്‌കാരിക മന്ത്രി കെ.സി.ജോസഫ് ഓംപുരിക്ക് ഫെസ്റ്റിവല്‍ ഹാന്റ് ബുക്ക് നല്‍കി പ്രകാശനം ചെയ്തു. ഡെയ്‌ലി ബുള്ളറ്റിന്റെ പ്രകാശനം മന്ത്രി വി.എസ്.ശിവകുമാര്‍ നിര്‍വ്വഹിച്ചു. ഡോ.ശശിതരൂര്‍ എം.പി ഏറ്റുവാങ്ങി.

jaya-bachan iffkജൂറി ചെയര്‍പേഴ്‌സണ്‍ ബ്രൂസ് ബെറസ്‌ഫോര്‍ഡ്, ചലച്ചിത്ര അക്കാദമി വൈസ് ചെയര്‍മാന്‍ ഗാന്ധിമതി ബാലന്‍, ആര്‍ട്ടിസ്റ്റിക് ഡയറക്ടര്‍ ബീനാപോള്‍, നടി സുകുമാരി, ക്ഷേമനിധി ബോര്‍ഡ് ചെയര്‍മാന്‍ ജി.സുരേഷ്‌കുമാര്‍, കെ.എസ്.എഫ്.ഡി.സി ചെയര്‍മാന്‍ സാബു ചെറിയാന്‍, ലെനിന്‍ രാജേന്ദ്രന്‍, ബി.ഉണ്ണികൃഷ്ണന്‍, ബി.ഹരികുമാര്‍ എന്നിവര്‍ സംബന്ധിച്ചു. ചടങ്ങില്‍ സാംസ്‌കാരിക വകുപ്പ് പ്രിന്‍സിപ്പല്‍ സെക്രട്ടറി സാജന്‍ പീറ്റര്‍ സ്വാഗതവും ചലച്ചിത്ര അക്കാദമി സെക്രട്ടറി കെ.ജി.സന്തോഷ് കുമാര്‍ നന്ദിയും പറഞ്ഞു.

കഥകളിയിലെ 25ഓളം വേഷങ്ങള്‍ അണിനിരത്തി ടി.കെ രാജീവ് കുമാര്‍ സംവിധാനം ചെയ്ത ‘നിയതിയുടെ ചതുരംഗം’ എന്ന കലാവിരുന്ന് ഉദ്ഘാടനത്തിനു ശേഷം അരങ്ങേറി. തുടര്‍ന്ന് പ്രശസ്ത ചൈനീസ് സംവിധായകന്‍ ഴാങ് യിമോയുവിന്റെ ”അര്‍ ദി ഹോത്രോണ്‍ ട്രീ’ ഉദ്ഘാടന ചിത്രമായി പ്രദര്‍ശിപ്പിച്ചു.ലോകസിനിമ, ഹോമേജ്, റിട്രോ തുടങ്ങിയ പതിനഞ്ചോളം വിഭാഗങ്ങളിലാണ് മേള സംഘടിപ്പിച്ചിരിക്കുന്നത്.

adoor-in-iffk

ഉദ്ഘാടനച്ചടങ്ങില്‍ സദസ്സിലിരിക്കുന്ന സംവിധായകന്‍ അടൂര്‍ ഗോപാല കൃഷ്ണന്‍

വ്യക്തിഗത ചലച്ചിത്ര സംഭാവനകള്‍ കോര്‍ത്തിണക്കിയ റിട്രോ വിഭാഗത്തില്‍ മലയാളത്തിന്റെ പ്രിയനടന്‍ മധു, സെനഗല്‍ സംവിധായകന്‍ മാമ്പട്ടി, ജാപ്പനീസ് സംവിധായകനായ നഗീസ ഒഷിമ എന്നിവരുടെ ചിത്രങ്ങള്‍ ഉള്‍പ്പെടെ മുപ്പതോളം ചിത്രങ്ങളുണ്ട്. മണ്‍മറഞ്ഞ ചലച്ചിത്ര പ്രതിഭകളുടെ സ്മരണകള്‍ക്കായി ഹോമേജ് വിഭാഗത്തില്‍, ഇന്ത്യന്‍ സംവിധായകനായ മണികൗള്‍, ബംഗ്ലാദേശ് സംവിധായകനായ താരിഖ് മസൂദ് എന്നിവരുടെ ചിത്രങ്ങളുടെ സമര്‍പ്പണമുണ്ട്. അന്തരിച്ച ഹോളിവുഡ് നടി എലിസബത്ത് ടെയ്‌ലറുടെ ചിത്രവും മേളയുടെ ഭാഗമാകുന്നു.

കാല്‍പന്തുകളിയുടെ വശ്യതയും ലഹരിയും ഒപ്പിയെടുക്കുന്ന കിക്കിംഗ് ആന്റ് സ്‌ക്രീനിംഗ് വിഭാഗത്തില്‍ ഏഴ് ചിത്രങ്ങളും ഉള്‍പ്പെടുത്തിയിട്ടുണ്ട്. ജാപ്പനീസ് ഹൊറര്‍ ചിത്രങ്ങളടങ്ങിയ കെയ്ദാന്‍ ക്ലാസിക്കുകള്‍ ജൂറി ചിത്രമായ ‘ബേക്കര്‍ മൊറാന്റ്’ അറബ് രാഷ്ട്രങ്ങളിലെ ജനകീയ പോരാട്ടങ്ങള്‍ക്ക് ആവേശം പകര്‍ന്ന എട്ട് ചിത്രങ്ങള്‍ എന്നിവ പതിനാറാമത് രാജ്യാന്തര മേളയെ സമ്പന്നമാക്കും.

ഗണേഷിന് ബഹിഷ്‌കരണം; ഇടതുപക്ഷം വിട്ടുനിന്നു

ഉദ്ഘാടന ചടങ്ങിലെ ഒറ്റയാള്‍ പ്രതിഷേധം

തിരുവനന്തപുരം: പതിനാറാം രാജ്യാന്തര ചലച്ചിത്രോത്സവത്തിന്റെ ഉദ്ഘാടനച്ചടങ്ങില്‍ തന്നെ രാഷ്ട്രീയ സാമൂഹിക പ്രശ്‌നങ്ങളുയര്‍ത്തി പ്രതിഷേധങ്ങളും അരങ്ങേറി. വിവിധ വിഷയങ്ങളില്‍ സംഘാടകര്‍ക്കെതിരെ പല ഭാഗത്തു നിന്നും പ്രതിഷേധമുയര്‍ന്നു. മുല്ലപ്പെരിയാറില്‍ പുതി ഡാം പണിയണമെന്നാവശ്യപ്പെട്ട് ഒരുകൂട്ടംആളുകള്‍ പ്ലക്കാര്‍ഡുകളുമായി ഉദ്ഘാടനച്ചടങ്ങിനെത്തിയത് ശ്രദ്ധേയമായി.

മന്ത്രി ഗണേഷ് കുമാറിനെ ബഹിഷ്‌കരിക്കുന്നതിന്റെ ഭാഗമായി ഇടതുപക്ഷ എം.എല്‍.എയും മേയറും ചടങ്ങില്‍ നിന്ന് വിട്ടുനിന്നു. പ്രതിപക്ഷനേതാവ് വി.എസ്.അച്യുതാനന്ദനെ ആക്ഷേപിച്ചു സംസാരിച്ചതിനെ തുടര്‍ന്നാണ് ഗണേഷിനെ ഇടതുപക്ഷം ബഹിഷ്‌കരിക്കുന്നത്. കോഴിക്കോട്ടു നടന്ന ചലച്ചിത്ര അവാര്‍ഡു ചടങ്ങിലും ഇടതുപക്ഷം ഗണേശിനെ ബഹിഷ്‌കരിച്ചിരുന്നു. ചലച്ചിത്രമേളയ്ക്ക് ആവശ്യമായ എല്ലാ സഹായങ്ങളും നഗരസഭ ചെയ്തു കൊടുത്തിട്ടുണ്ടെന്ന് മേയര്‍ കെ.ചന്ദ്രിക പറഞ്ഞു. വരും ദിവസങ്ങളിലും എല്ലാ സഹായങ്ങളും നല്‍കും. വേദികളില്‍ പോകുകയും ചെയ്യും. എന്നാല്‍ പാര്‍ട്ടി തീരുമാനപ്രകാരമാണ് മന്ത്രി ഗണേശിനെ ബഹിഷ്‌കരിക്കുന്നതെന്നും അവര്‍ അറിയിച്ചു.

മേളയില്‍ നിന്ന് ഒഴിവാക്കിയ ‘ആദിമധ്യാന്തം’ സിനിമയുടെ പ്രവര്‍ത്തകരും ഉദ്ഘാടനച്ചടങ്ങില്‍ പ്രതിഷേധിച്ചു. പരിപാടി തുടങ്ങും മുമ്പു തന്നെ ചിത്രത്തിന്റെ അണിയറ പ്രവര്‍ത്തകര്‍ പ്രതിഷേധ നോട്ടീസ് വിതരണം ചെയ്തു. എല്ലാ ജനാധിപത്യ മര്യാദകളെയും ലംഘിച്ചുകൊണ്ടാണ് സിനിമയെ ഒഴിവാക്കിയതെന്ന് ഇവര്‍ ആരോപിച്ചു. കഴിഞ്ഞ വര്‍ഷം മലയാളത്തിലുണ്ടായ നല്ല സിനിമയെ അക്കാദമി നിരസിച്ചിരിക്കുകയാണ്. മേളയുടെ ലക്ഷ്യങ്ങള്‍ക്കും ഗൗരവത്തിനും വിരുദ്ധമായ നടപടിയാണിത്. അതിനാല്‍ ചിത്രത്തിന് മേളയില്‍ അര്‍ഹമായ സ്ഥാനം നല്‍കണമെന്നും പ്രതിഷേധക്കാര്‍ ആവശ്യപ്പെടുന്നു.

മുല്ലപ്പെരിയാര്‍ വിഷയത്തില്‍ പ്ലക്കാര്‍ഡുകളേന്തി പ്രതിഷേധിക്കുന്നവര്‍

കെ.ആര്‍.മോഹന്‍, സച്ചിതാനന്ദന്‍, ടി.വി.ചന്ദ്രന്‍, യു.എ.ഖാദര്‍, ടി.കെ.രാജീവ്കുമാര്‍, സക്കറിയ, രഞ്ജിത്ത്, സാറാജോസഫ്, പ്രിയനന്ദനന്‍, റോസ്‌മേരി, മധുപാല്‍, വൈശാഖന്‍, ഷഹനാസ്അമന്‍, പന്ന്യന്‍ രവീന്ദ്രന്‍ തുടങ്ങി 36 ഓളം പേരാണ് പ്രതിഷേധക്കുറിപ്പില്‍ പേരു ചേര്‍ത്തിരിക്കുന്നത്. ഉദ്ഘാടനച്ചടങ്ങില്‍ മുഖ്യാതിഥി ജയാബച്ചന്‍ സംസാരിക്കാന്‍ എഴുന്നേറ്റപ്പോള്‍ വേദിയില്‍ നിന്ന് ചിലര്‍ ആദിമധ്യാന്തത്തിന്റെ പേരില്‍ പ്രതിഷേധ സ്വരം ഉയര്‍ത്തിയെങ്കിലും അത് അത്ര ശ്രദ്ധിക്കപ്പെട്ടില്ല.
ഉദ്ഘാടനച്ചടങ്ങില്‍ ഏറ്റവും കൂടുതല്‍ കയ്യടി നേടിയത് ഓംപുരിയും ചലച്ചിത്രമേളയുടെ ആര്‍ട്ടിസ്റ്റിക് ഡയറക്ടര്‍ ബീനാപോളുമായിരുന്നു. ഓംപുരി സംസാരിച്ചു തുടങ്ങിയപ്പോള്‍ ജനം നീണ്ട ഹര്‍ഷാരവം മുഴക്കി. ബീനാപോളിനും കിട്ടി ജനത്തിന്റെ കയ്യടി വളരെ നേരം. എന്നാല്‍ മന്ത്രി ഗണേശ്കുമാര്‍ സംസാരിക്കാന്‍ എഴുന്നേറ്റപ്പോള്‍ ഒറ്റതിരിഞ്ഞ കൂക്കുവിളികളുണ്ടായി. സംസാരത്തിനിടെ മന്ത്രി വി.എസ്.ശിവകുമാറിന് നാക്കുപിഴച്ചതും ശ്രദ്ധയമായി. ഈ ശുഭ മുഹൂര്‍ത്തത്തില്‍ മേളയ്ക്ക് തിരശ്ശീല വീണിരിക്കുകയാണെന്ന അദ്ദേഹത്തിന്റെ വാക്കുകള്‍ ജനത്തിനു ചിരിക്കു വക നല്‍കി. ചടങ്ങില്‍ സംസാരിച്ച എംപി ശശിതരൂര്‍ ബംഗാളി, ഹിന്ദി, ഇംഗ്ലീഷ്, സെനഗല്‍ ഭാഷകളില്‍ സംസാരിച്ചതും ശ്രദ്ധേയമായി.

‘ലാന്‍ഡ്‌സ്‌കേപ്പ്‌സ് ഇന്‍ മലയാള സിനിമ’ പ്രദര്‍ശനം ശനിയാഴ്ച മുതല്‍

പതിനാറാമത് രാജ്യാന്തര ചലച്ചിത്രമേളയോടനുബന്ധിച്ച് മലയാള സിനിമയിലെ കലാസംവിധായകരുടെ സൃഷ്ടികളുടെ ഫോട്ടോ പ്രിന്റ്ടുകളുടെ പ്രത്യേക പ്രദര്‍ശനം ഫെഫ്ക ആര്‍ട്ട് ഡയറക്‌ടേഴ്‌സ് യൂണിയന്റെ ആഭിമുഖ്യത്തില്‍ കനകക്കുന്നില്‍ നടക്കും. ‘ലാന്‍ഡ്‌സ്‌കേപ്‌സ് ഇന്‍ മലയാള സിനിമ’ എന്ന പ്രദര്‍ശനം ശനിയാഴ്ച (10.12.11) രാവിലെ 11 മണിക്ക് പ്രശസ്ത ചലച്ചിത്രതാരം ഓംപുരി ഉദ്ഘാടനം ചെയ്യും. മൂന്ന് വിഭാഗങ്ങളായി തിരിച്ചിട്ടുള്ള പ്രദര്‍ശനത്തില്‍ മലയാളത്തിലെ പ്രമുഖരായ പത്ത് കലാസംവിധായകരുടെ സൃഷ്ടികള്‍ പ്രദര്‍ശിപ്പിക്കും. 16 വരെയാണ് പ്രദര്‍ശനം. ആദ്യകാല കലാസംവിധായകനായ രാമചന്ദ്രനെ ചടങ്ങില്‍ ആദരിക്കും.

ഓപ്പണ്‍ ഫോറത്തിന് ഇന്ന്  തുടക്കം

പതിനാറാമത് രാജ്യാന്തര ചലച്ചിത്ര മേളയുടെ ഭാഗമായി നടക്കുന്ന ഓപ്പണ്‍ ഫോറത്തിന് ഇന്ന് (ഡിസംബര്‍ 10) വൈകീട്ട് 5.00ന് ന്യു തിയേറ്ററില്‍ തുടക്കമാകും. പ്രശസ്ത ചലച്ചിത്രതാരം ഇന്നസെന്റ് ഫോറം ഉദ്ഘാടനം ചെയ്യും. തുടര്‍ന്ന് ‘ആവിഷ്‌കാര സ്വാതന്ത്ര്യവും സംഘടനകളും’ എന്ന വിഷയത്തില്‍ ചര്‍ച്ച നടക്കും. ചലച്ചിത്ര അക്കാദമി ചെയര്‍മാന്‍ പ്രിയദര്‍ശന്‍, രഞ്ജിത്, കമല്‍ , ജയരാജ്, ഹരികുമാര്‍ , പന്തളം സുധാകരന്‍ , ബി ഉണ്ണികൃഷ്ണന്‍ , ലെനിന്‍ രാജേന്ദ്രന്‍ എന്നിവര്‍ പങ്കെടുക്കും.

അമ്പത് സിനിമകളുമായി രണ്ടാം നാള്‍

പതിനാറാമത് രാജ്യാന്തര ചലച്ചിത്രമേളയുടെ രണ്ടാം ദിനമായ ഇന്ന് വിവിധ രാജ്യങ്ങളിലെ 50 സിനിമകള്‍ തലസ്ഥാന നഗരിയിലെ പത്ത് തിയേറ്ററുകളിലും നിശാഗന്ധിയിലുമായി പ്രദര്‍ശിപ്പിക്കും. ഇത്തവണത്തെ മുഖ്യ ആകര്‍ഷണമായ ‘കെയ്ദാന്‍ ഹൊറര്‍ ക്ലാസിക്’ സിനിമാ വിഭാഗത്തില്‍ ദി ഡെയ്‌സ് ആഫ്റ്റര്‍, ദി നോസ്, ദി ആം, ദി വിസ്റ്റ്‌ലര്‍ എന്നിവയുടെ പ്രദര്‍ശനം ശ്രീയില്‍ നടക്കും. മത്സരവിഭാഗത്തിലെ ആദ്യ ചിത്രമായ പ്രശാന്ത് നായരുടെ, ഡല്‍ഹിയിലെ സമ്പന്നരുടെ ജീവിതത്തെ ആക്ഷേപഹാസ്യമായി ചിത്രീകരിച്ചിരിക്കുന്ന ‘ഡല്‍ഹി ഇന്‍ എ ഡേ’ ധന്യ തിയേറ്ററില്‍ മാറ്റുരയ്ക്കാനെത്തും. ഫിലിപ്പൈന്‍ സിനിമാ വിഭാഗത്തില്‍ അഡോള്‍ഫോ അലിക്‌സിന്റെ ‘ഫാബിള്‍ ഓഫ് ദ ഫിഷ്’ പ്രദര്‍ശിപ്പിക്കും. റെട്രോ വിഭാഗത്തില്‍ മധുവിന്റെ ‘ചെമ്മീന്‍’, അഡോള്‍ഫാസ് മേക്കാസിന്റെ ‘ഹല്ലേലൂയ ദ ഹില്‍’, നഗിസാ ഓഷിമയുടെ ‘സിങ് എ സോങ് ഓഫ് സെക്‌സ്’, ഡിയോപ് മാമ്പട്ടിയുടെ ‘തൗക്കി ബൗക്കി’, തിയോ ആഞ്ചലോ പൊലിസിന്റെ ‘എറ്റേണിറ്റ് ആന്റ് എ ഡേ’, യസൂസോയുടെ ‘ എ വൈഫ് കണ്‍ഫസ് ‘ എന്നിവയുടെ ആദ്യ പ്രദര്‍ശനവും ഇന്ന് നടക്കും.

ഇന്ത്യന്‍ സിനിമാ വിഭാഗത്തില്‍ ഋതുപര്‍ണ്ണഘോഷിന്റെ രമേഷ് ചൗധരിയുടെയും ഹേം നളിനിയുടെയും പ്രണയകഥയെ പ്രമേയമാക്കി ചിത്രീകരിച്ച ‘നൗക്കാ ദൂബി’ ശ്രീകുമാറില്‍ പ്രദര്‍ശിപ്പിക്കും. റോബര്‍ട്ട് ബ്രസന്റെ 85 മിനിട്ട് ദൈര്‍ഘ്യമുള്ള ‘ലാര്‍ഗന്റ്’ റിട്രോ വിഭാഗത്തില്‍ കലാഭവനില്‍ പ്രദര്‍ശിപ്പിക്കും.
വേള്‍ഡ് സിനിമാ വിഭാഗത്തിലെ ‘ദി ഹൗസ് അര്‍ ദി വാട്ടര്‍’, ബെസ്റ്റ് ഓഫ് ഫിപ്രസി വിഭാഗത്തിലെ പോയട്രി തുടങ്ങിയ ചിത്രങ്ങള്‍ ഇന്ന് വിവിധ തിയേറ്ററുകളിലായി പ്രദര്‍ശനത്തിനെത്തും.

നവാഗത സംവിധായകനായ രാജേഷ് പിള്ളയുടെ ‘ട്രാഫിക്’ വൈകുന്നേരം 6.15ന് നിശാഗന്ധിയില്‍ പ്രദര്‍ശിപ്പിക്കും. യഥാര്‍ത്ഥ സംഭവത്തെ ആസ്പദമാക്കി ചിത്രീകരിച്ച ഈ ചിത്രം പ്രത്യേക ആഖ്യാന രീതികൊ് ശ്രദ്ധേയമായിരുന്നു.

Malayalam news, Kerala news in English

Advertisement