Administrator
Administrator
ചലച്ചിത്രോത്സവം: പ്രതിഷേധത്തിന്റെ മൂന്നാം നാള്‍
Administrator
Monday 12th December 2011 8:39am

IFFK 2011 TRIVANDRAM, GANESHKUMAR SURROUNDED MEDIA'S

ഫെസ്റ്റിവല്‍ കാഴ്ചകള്‍– ചിത്രങ്ങള്‍/രാംകുമാര്‍

തിരുവനന്തപുരം: അന്താരാഷ്ട്ര ചലച്ചിത്രോത്സവം മൂന്നാം ദിനം പിന്നിട്ടെങ്കിലും പ്രതിഷേധങ്ങളുടെ വേലിയേറ്റമാണെവിടെയും. മലയാള സിനിമയെ മേള അവഗണിച്ചതിനെച്ചൊല്ലി ഓപ്പണ്‍ ഫോറത്തില്‍ ഞായറാഴ്ചയും ബഹളമുണ്ടായി. ഡെലിഗേറ്റുകളും സംഘാടകരും തമ്മില്‍ വാക്കേറ്റം രൂക്ഷമായതോടെ ഓപ്പണ്‍ഫോറം നിര്‍ത്തിവെച്ചു. ‘ചലച്ചിത്രമേളകളുടെ അസ്തിത്വം’ എന്ന വിഷയത്തില്‍ വിദേശികളുള്‍പ്പെടെയുള്ളവര്‍ പങ്കെടുത്ത പരിപാടിയാണ് പ്രതിഷേധത്തില്‍ മുങ്ങിയത്.

മേളകളെക്കുറിച്ചുള്ള ചര്‍ച്ച പുരോഗമിക്കുന്നതിനിടയാണ് സംഭവമുണ്ടായത്. വിദേശപ്രതിനിധികളോട് ഡെലിഗേറ്റ്‌സ് ചോദ്യങ്ങള്‍ ചോദിക്കുകയായിരുന്നു. നിങ്ങളുടെ നാട്ടിലെ ചലച്ചിത്രോത്സവങ്ങളില്‍ നിങ്ങളുടെ ഭാഷയിലുള്ള ചിത്രങ്ങള്‍ ഉണ്ടാവാറില്ലേ എന്ന ചോദ്യം ഉയര്‍ന്നതോടെ സംഘാടകര്‍ ഇടപെട്ടു. മത്സരത്തിന് ഒരു മലയാള സിനിമ പോലുമില്ലാതെ ചലച്ചിത്ര മേളയുടെ അസ്തിത്വത്തെക്കുറിച്ച് ചര്‍ച്ച ചെയ്യുന്നതില്‍ അര്‍ത്ഥമില്ലെന്നും പ്രതിനിധികള്‍ വാദിച്ചു. ഇതോടെ ഇത്തരം ചോദ്യങ്ങള്‍ അനുവദിക്കാനാവില്ലെന്ന് പറഞ്ഞ് രംഗത്തെത്തി. ചോദ്യം ചോദിച്ചവരെ ഇവര്‍ പുറത്തേക്ക് തള്ളിയതാണ് പ്രതിഷേധത്തിനിടയാക്കിയത്. ഓപ്പണ്‍ഫോറം ചോദ്യങ്ങള്‍ ചോദിക്കാനും ചര്‍ച്ച ചെയ്യാനുമുള്ളതാണെന്നും അതിനെ തടയാനാവില്ലെന്നും പ്രതിനിധികളും വിളിച്ചുപറഞ്ഞു.

IFFK2011-TRIVANDRAMഗുണ്ടകളെ ഉപയോഗിച്ച് ചോദ്യങ്ങള്‍ ചോദിച്ചവരെ ഭീഷണിപ്പെടുത്തുകയാണെന്ന് ആരോപിച്ച്  ചലച്ചിത്ര നിരൂപകന്‍ ജി.പി രാമചന്ദ്രന്‍, ഗായകന്‍ ഷഹബാസ് അമന്‍ തുടങ്ങിയവരും പ്രതിഷേധവുമായി രംഗത്തെത്തി. ഇതോടെ പരിപാടി നിര്‍ത്തിവെയ്ക്കാന്‍ തീരുമാനിക്കുകയായിരുന്നു. യു. രാധാകൃഷ്ണനായിരുന്നു മോഡറേറ്റര്‍. വി.രാജകൃഷ്ണന്‍, മാര്‍ട്ടിന അര്‍മാന്റ്, ലോറെ ബാര്‍ബറ, നോവ ഡേവിസ് എന്നിവരാണ് ഓപ്പണ്‍ഫോറത്തില്‍ സംസാരിച്ചത്.

മൂന്നാം നാള്‍ തീയറ്ററുകളില്‍ വലിയ ജനക്കൂട്ടമാണ് എത്തിയത്. ആസൂത്രണമില്ലാത്തിതിന്റെ പിഴവ് എല്ലായിടത്തും അസ്വാരസ്യങ്ങളുണ്ടാക്കി. മുസ്തഫ നൂറിയുടെ ‘ബോഡി’ എന്ന ചലച്ചിത്രമാണ് പ്രേക്ഷകര്‍ക്ക് ഏറെ ഇഷ്ടപ്പെട്ടത്. മത്സരവിഭാഗത്തില്‍ പ്രദര്‍ശിപ്പിച്ച ബോഡികാണാന്‍ തീയറ്ററില്‍ വലിയ തിരക്കാണ് അനുഭവപ്പെട്ടത്. മത്സര വിഭാഗത്തില്‍ ‘ദല്‍ഹി ഇന്‍ എ ഡേ’ എന്ന സിനിമയും പ്രദര്‍ശിപ്പിച്ചു. ലോകസിനിമാ വിഭാഗത്തില്‍ പ്രദര്‍ശിപ്പിച്ച ‘എ സെപ്പറേഷന്‍’ എന്ന ഇറാനിയന്‍ ചിത്രവും പ്രേക്ഷക പ്രശംസ നേടി. അടുത്തിടെ അന്തരിച്ച സംവിധായകന്‍ മോഹന്‍ രാഘവന്റെ ഓര്‍മ്മപുതുക്കലായി നിശാഗന്ധിയില്‍ പ്രദര്‍ശിപ്പിച്ച ‘ടി ഡി ദാസന്‍ സ്റ്റാന്‍ഡേര്‍ഡ് 6 ബി’.

IFFK2011-TRIVANDRAM, PRAKASHRAJ ലോക സിനിമാ വിഭാഗത്തില്‍ പ്രദര്‍ശിപ്പിച്ച ബെല്‍വഡെയര്‍ ബ്ലാക്ക് ആന്റ് വൈറ്റിന്റെയും കളറിന്റെയും വ്യത്യസ്ത തലങ്ങളിലൂടെ കഥയെ പ്രേക്ഷക മനസ്സിലേക്ക് എത്തിക്കുന്നതില്‍ വിജയിച്ചുവെന്നാണ് പ്രേക്ഷകാഭിപ്രായം. വംശഹത്യയെ അതിജീവിച്ച ബോസ്‌നിയക്കാര്‍ അധിവസിക്കുന്ന ഒരു കോണ്‍സെന്‍ട്രേഷന്‍ ക്യാമ്പിന്റെയും ഒരു ടി.വി റിയാലിറ്റി ഷോയുടെയും സമാന്തരമായ അവതരണം ഈ ചിത്രത്തെ ഒരു കവിത പോലെ മനോഹരമാക്കി.

ഇറാനിയന്‍ സംവിധായകന്‍ അസ്ഹര്‍ ഫര്‍ഹാദിയുടെ ‘എ സെപ്പറേഷന്‍’ മേളയുടെ തുടക്കത്തില്‍ തന്നെ ചര്‍ച്ചാവിഷയമായിരുന്നു. കുടുംബജീവിതത്തിന്റെ സങ്കീര്‍ണ്ണതകളിലൂടെ വികസിക്കുന്ന കഥയില്‍ നാദെറും സിമിനും തെര്‍മയും നാദിറിന്റെ അച്ഛനും അടങ്ങുന്ന കഥാപാത്രങ്ങള്‍ പ്രേക്ഷകരുടെ മനം കവര്‍ന്നു.

IFF KERALA 2011 AT TRIVANDRAMഇന്ത്യന്‍ സിനിമ വിഭാഗത്തില്‍ പ്രദര്‍ശിപ്പിച്ച ‘ഐ വാണ്ട് ടു ബി എ മദര്‍’, ഫിപ്രസി വിഭാഗത്തില്‍പ്പെട്ട ‘ഓഫ് ഗോഡ്‌സ് ആന്റ് മെന്‍’ എന്നീ ചിത്രങ്ങള്‍ നല്ല പ്രതികരണമാണ് സൃഷ്ടിച്ചത്. ഇവ കൂടാതെ റെട്രോസ്‌പെക്ടീവ് വിഭാഗത്തില്‍ മധുവിന്റെ ‘ഭാര്‍ഗ്ഗവി നിലയം’, ഹോമേജ് വിഭാഗത്തില്‍ ‘ത്രീ ലൈവ്‌സ് ആന്റ് എ ഡെത്ത്’, ഡെഫ വിഭാഗത്തില്‍ ‘ദി സണ്‍സ് ഓഫ് ഗ്രേറ്റ ബിയര്‍’ , ‘ഗേള്‍സ് ഇന്‍ വിറ്റ്‌സ്‌റ്റോക്ക്’, ‘ജര്‍മ്മനിടെര്‍മിനസ് ഈസ്റ്റ്’ തുടങ്ങി 51 ചിത്രങ്ങള്‍ വിവിധ തിയേറ്ററുകളിലായി പ്രദര്‍ശിപ്പിച്ചു.

പരാതികള്‍ ഇനിയും ഒഴിയാത്തത് മേളയുടെ നിറം കെടുത്തുകയാണ്. ‘കിറ്റ്’ കിട്ടിയില്ലെന്ന പരാതി പരിഹരിക്കാന്‍ ഇനിയും സംഘാടകര്‍ക്ക് കഴിഞ്ഞിട്ടില്ല. ചിത്രങ്ങളുടെ ലഘുവിവരണം അടങ്ങിയ ബുക്ക് ലഭ്യമല്ലാത്തതിനാല്‍ പ്രതിനിധികള്‍ പലര്‍ക്കും സിനിമ സെലക്ടുചെയ്യാന്‍ കഴിയുന്നില്ലെന്ന പരാതിയാണ് വ്യാപകമാകുന്നത്. ഒരു തീയറ്ററില്‍ നിന്ന് മറ്റൊന്നിലേക്കു പോകാനുള്ള വാഹന ഗതാഗതവും സജീവമല്ലാത്തത് പ്രതിനിധികളെ ബുദ്ധിമുട്ടിലാക്കുന്നുണ്ട്. ഓട്ടോ സര്‍വ്വീസ് ഉണ്ടെങ്കിലും പലപ്പോഴും അതു ലഭിക്കാറില്ല. ഓട്ടോകളുടെ എണ്ണം കഴിഞ്ഞ വര്‍ഷത്തേക്കാള്‍ കുറവുമാണ്.

IFF KERALA 2011 AT TRIVANDRAM, DELEGATES PLAYING GUITAR ചലച്ചിത്രോത്സവം വിജയിപ്പിക്കാന്‍ വിവിധ കമ്മിറ്റികളുണ്ടെങ്കിലും അവയുടെയൊന്നും പ്രവര്‍ത്തനം കാര്യക്ഷമമല്ല. എല്ലാ കമ്മിറ്റികളുടെയും നിയന്ത്രണം കോണ്‍ഗ്രസ്സുകാര്‍ക്കും യൂത്തുകോന്‍ഗ്രസ്സുകാര്‍ക്കുമാണെന്നാണ് പരാതി.

മുന്‍കൂട്ടി സീറ്റി റിസര്‍വ്വ് ചെയ്യാനുള്ള എസ്.എം.എസ് ബുക്കിംഗ് സംവിധാനം ഇന്നലെ ആകെ തകരാറിലായി. ഇതു സംബന്ധിച്ച പരാതികളുടെ പ്രളയം ഇന്നലെ കൈരളിതീയറ്ററിലെത്തിയ സിനിമാ മന്ത്രി ഗണേശ്കുമാറിന്റെ മുന്നിലുമെത്തി. പ്രശ്‌നം ഉടന്‍ പരിഹരിക്കുമെന്ന് മന്ത്രി പറഞ്ഞെങ്കിലും രാത്രിയിലും പരിഹാരമായില്ല.

Advertisement