നിങ്ങള്‍ ബി.ജെ.പിയെ യു.പിയില്‍ നിന്ന് പുറത്താക്കിയാല്‍ ഞങ്ങള്‍ അവരെ രാജ്യത്ത് നിന്ന് പുറത്താക്കും: മമത ബാനര്‍ജി
2022 U.P Assembly Election
നിങ്ങള്‍ ബി.ജെ.പിയെ യു.പിയില്‍ നിന്ന് പുറത്താക്കിയാല്‍ ഞങ്ങള്‍ അവരെ രാജ്യത്ത് നിന്ന് പുറത്താക്കും: മമത ബാനര്‍ജി
ഡൂള്‍ന്യൂസ് ഡെസ്‌ക്
Tuesday, 8th February 2022, 9:55 pm

ലഖ്‌നൗ: പശ്ചിമ ബംഗാള്‍ നിയമസഭാ തെരഞ്ഞെടുപ്പിലേത് പോലെ ഉത്തര്‍പ്രദേശിലും ബി.ജെ.പിയും സമാജ്‌വാദി പാര്‍ട്ടിയും തമ്മില്‍ ഒറ്റയാള്‍ പോരാട്ടം നടക്കുമെന്നും അഖിലേഷ് യാദവ് വിജയിക്കുമെന്നും തൃണമൂല്‍ കോണ്‍ഗ്രസ് അധ്യക്ഷ മമത ബാനര്‍ജി.

എസ്.പി അധ്യക്ഷന്‍ അഖിലേഷ് യാദവിനൊപ്പം നടത്തിയ സംയുക്ത പത്രസമ്മേളനത്തിലാണ് മമത ബാനര്‍ജി ഇക്കാര്യം പറഞ്ഞത്. കഴിഞ്ഞ വര്‍ഷത്തെ നിയമസഭാ തെരഞ്ഞെടുപ്പില്‍ തന്റെ പാര്‍ട്ടിയുടെ ‘ഖേലാ ഹോബ്’ എന്ന പ്രചാരണ ഗാനം ‘ഖേലാ ഹോഗാ’ (കളി നടക്കുന്നു) എന്നാക്കി മാറ്റി ബാനര്‍ജി സമ്മേളനത്തിനിടെ പാടുകയും ചെയ്തു.

യോഗി ആദിത്യനാഥ് വീണ്ടും അധികാരത്തില്‍ വന്നാല്‍ രാഷ്ട്രീയമായും സാമ്പത്തികമായും അദ്ദേഹം ഉത്തര്‍പ്രദേശിലെ ജനങ്ങളെ വിഴുങ്ങികളയുമെന്ന് മമത പറഞ്ഞു.

ഇത്തവണ ഉത്തര്‍പ്രദേശില്‍ വോട്ട് വിഭജനം നടക്കില്ലെന്നും മമത കൂട്ടിച്ചേര്‍ത്തു.

‘ബി.ജെ.പി ബംഗാളില്‍ വിജയിക്കാന്‍ ശ്രമിച്ചിരുന്നുവെങ്കിലും അത് ടി.എം.സിയും ബി.ജെ.പിയും തമ്മിലുള്ള മത്സരമായി ചുരുങ്ങി. ഇവിടെയും അത് നേര്‍ക്കുനേര്‍ പോരാട്ടമായിരിക്കും. അഖിലേഷ് ജി ഉയര്‍ന്നുവരാന്‍ പോകുകയാണ്. അദ്ദേഹം വിജയിക്കും. എസ്.പി വിജയിക്കും, അത് ചരിത്രമാകും,” മമത പറഞ്ഞു.

ഉത്തര്‍പ്രദേശിലെ ജനങ്ങള്‍ ബി.ജെ.പിയെ സംസ്ഥാനത്ത് നിന്ന് പുറത്താക്കിയാല്‍ തങ്ങള്‍ അവരെ രാജ്യത്ത് നിന്ന് പുറത്താക്കുമെന്നും ഇത് തങ്ങളുടെ വാഗ്ദാനമാണെന്നും മമത പറഞ്ഞു.

ഇത്തവണ അഖിലേഷ് യാദവ് 300ലധികം സീറ്റുകള്‍ നേടും. എല്ലാ പ്രാദേശിക പാര്‍ട്ടികളും ഒറ്റക്കെട്ടായി ബി.ജെ.പിയെ ദല്‍ഹിയില്‍ നിന്ന് പുറത്താക്കും മമത ബാനര്‍ജി കൂട്ടിച്ചേര്‍ത്തു.

2024ലെ പൊതുതെരഞ്ഞെടുപ്പില്‍ ഉത്തര്‍പ്രദേശില്‍ നിന്ന് മത്സരിക്കാന്‍ പദ്ധതിയുണ്ടോയെന്ന ചോദ്യത്തിന്, അതിനെക്കുറിച്ച് അഖിലേഷ് യാദവുമായി സംസാരിച്ച് തീരുമാനമെടുക്കുമെന്നാണ് മമത മറുപടി നല്‍കിയത്.

ഉത്തര്‍പ്രദേശില്‍ എസ്.പിയെ പിന്തുണക്കുന്നതിന്റെ ഭാഗമായി തൃണമൂല്‍ കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥിയെ നിര്‍ത്തിയിട്ടില്ല.

മുസ്‌ലിം-യാദവ വിഭാഗങ്ങള്‍ക്കൊപ്പം തന്നെ മറ്റ് പിന്നാക്ക വിഭാഗങ്ങളെയും കൂടെ നിര്‍ത്തിയാണ് ഉത്തര്‍പ്രദേശ് മുന്‍മുഖ്യമന്ത്രിയും സമാജ്‌വാദി പാര്‍ട്ടി നേതാവുമായ അഖിലേഷ് യാദവ് തന്റെയും പാര്‍ട്ടിയുടെയും സ്വാധീനശേഷി വര്‍ധിപ്പിക്കുന്നത്. ഇത്തവണത്തെ തെരഞ്ഞെടുപ്പില്‍ ഇക്കൂട്ടരെയും എസ്.പി പരിഗണിക്കുന്നുമുണ്ട്.

ഒറ്റയ്ക്കല്ല സമാജ്‌വാദി പാര്‍ട്ടി തെരഞ്ഞെടുപ്പിനെ നേരിടുന്നത്. അമ്മാവന്‍ ശിവപാല്‍ യാദവിന്റെ പ്രഗതിശീല്‍ സമാജ് വാദി പാര്‍ട്ടി (ലോഹ്യ), ജയന്ത് ചൗധരിയുടെ രാഷ്ട്രീയ ലോക് ദള്‍ (ആര്‍.എല്‍.ഡി) എന്നിവരുടെയും മമതയുടെ തൃണമൂല്‍ കോണ്‍ഗ്രസ്, എന്‍.സി.പി തുടങ്ങിയ പാര്‍ട്ടികളുടെയും പിന്തുണയോടെയാണ് മത്സരരംഗത്തിറങ്ങുന്നത്.

ഏഴ് ഘട്ടങ്ങളിലായാണ് ഉത്തര്‍പ്രദേശിലെ 403 മണ്ഡലങ്ങളിലേക്കുള്ള വോട്ടെടുപ്പ് നടക്കുന്നത്. ഫെബ്രുവരി 10, 14, 20, 23, 27, മാര്‍ച്ച് മൂന്ന്, മാര്‍ച്ച് ഏഴ് ദിവസങ്ങളിലാണ് തെരഞ്ഞെടുപ്പ് നടക്കുന്നത്.

തെരഞ്ഞെടുപ്പിന്റെ മൂന്നാം ഘട്ടമായ ഫെബ്രുവരി 20നാണ് അഖിലേഷ് യാദവിന്റെ മണ്ഡലമായ കര്‍ഹാലിലും ആറാം ഘട്ടമായ മാര്‍ച്ച് മൂന്നിനാണ് യോഗിയുടെ മണ്ഡലമായ ഗൊരഖ്പൂരിലും തെരഞ്ഞെടുപ്പ് നടക്കുന്നത്. മാര്‍ച്ച് പത്തിനാണ് വോട്ടെണ്ണല്‍.


Content Highlights: If you expel the BJP from UP, we will expel them from the country: Mamata Banerjee