എഡിറ്റര്‍
എഡിറ്റര്‍
ദക്ഷിണേന്ത്യക്കാരെ കറുത്തവരെന്നു വിളിച്ച് വംശീയമായി അധിക്ഷേപിച്ച് ബി.ജെ.പി നേതാവ്; വെട്ടിലായതോടെ മാപ്പു പറഞ്ഞ് തലയൂരാന്‍ ശ്രമം
എഡിറ്റര്‍
Friday 7th April 2017 8:22pm

നോയിഡ: ദക്ഷിണേന്ത്യക്കാര്‍ക്കെതിരെ വംശീയധിക്ഷേപം നടത്തിയ ബി.ജെ.പി നേതാവ് തരുണ്‍ വിജയ്‌ക്കെതിരെ വ്യാപക പ്രതിഷേധം. ആഫ്രിക്കന്‍ വംശജരായ യുവാക്കള്‍ക്കെതിരെ നോയിഡയില്‍ ഉണ്ടായ ആക്രമത്തെ കുറിച്ചുള്ള ചോദ്യത്തിനു നല്‍കിയ മറുപടിയാണ് വ്യാപക പ്രതിഷേധത്തിനു കാരണമായത്.

ഇന്ത്യ വര്‍ണ്ണ വിദ്വേഷമുള്ള രാജ്യമായിരുന്നുവെങ്കില്‍ ഞങ്ങള്‍ക്കു ചുറ്റുമുള്ള കറുത്തവര്‍ക്കൊപ്പം ഞങ്ങള്‍ എങ്ങനെ ജീവിക്കുമെന്നായിരുന്നു ബി.ജെ.പി നേതാവിന്റെ പ്രസ്താവന.’ ഞങ്ങളൊരു വര്‍ണ്ണവിദ്വേഷമുള്ള രാജ്യമായിരുന്നുവെങ്കില്‍, കേരളം, തമിഴ്‌നാട്, ആന്ധ്ര, കര്‍ണ്ണാടക, അടങ്ങുന്ന മുഴുവന്‍ കറുത്തവരായ ദക്ഷിണേന്ത്യക്കാര്‍ക്കൊപ്പം ഞങ്ങളെങ്ങനെ ജീവിക്കും.’ എന്നായിരുന്നു തരുണ്‍ വിജയ് പറഞ്ഞത്.

ഞങ്ങള്‍ക്കു ചുറ്റും കറുത്തവരുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേര്‍ക്കുകയുണ്ടായി. അല്‍ ജസീറ ചാനലില്‍ നടന്ന ചര്‍ച്ചയ്ക്കിടെയായിരുന്നു തരുണിന്റെ വിവാദ പരാമര്‍ശം. പാനലിസ്റ്റുമാരിലൊരാളായ ഫോട്ടോഗ്രാഫര്‍ കൂടിയായ മഹേഷ് ശാന്തറാമിന്റെ ചോദ്യത്തിനുള്ള മറുപടി നല്‍കുകയായിരുന്നു തരുണ്‍.

എന്തുകൊണ്ടാണ് ഇന്ത്യ വര്‍ണ്ണ വിവേചനമുള്ള രാജ്യമാണെന്ന് പറയുന്നത്, എന്തുകൊണ്ടാണ് ഇന്ത്യക്കാരും നാടുകാണാന്‍ വന്നവരുമെല്ലാം അങ്ങനെ പറയുന്നത്? എന്നായിരുന്നു മഹേഷിന്റെ ചോദ്യം.

ചര്‍ച്ചയുടെ വീഡിയോ സോഷ്യല്‍ മീഡിയയില്‍ പ്രത്യക്ഷപ്പെട്ടതോടെ നാനാഭാഗങ്ങളില്‍ നിന്നും പ്രതിഷേധം ഉയരുകയായിരുന്നു. ഇതോടെ വിശദീകരണവുമായി തരുണ്‍ തന്നെ രംഗത്തെത്തുകയായിരുന്നു. ‘ രാജ്യത്തിന്റെ വിവിധ ഭാഗങ്ങളായി വൈവിധ്യം നിറഞ്ഞ ജനതയാണുള്ളത്, വര്‍ണ്ണത്തിലും. എന്നാല്‍ അവര്‍ക്കെതിരെ ആരും വര്‍ണ്ണ വിവേചനം കാണിച്ചിട്ടില്ല. ഇത് വ്യക്തമാക്കാന്‍ പ്രാപ്തമായിരുന്നില്ല എന്റെ വാക്കുകള്‍. ‘ എന്നായിരുന്നു തരുണിന്റെ മറുപടി. തന്റെ വാക്കുകള്‍ തെറ്റിദ്ധരിക്കപ്പെടുകയാണെന്നും അതിനാല്‍ മാപ്പു ചോദിക്കുന്നതായും അദ്ദേഹം പറഞ്ഞു.

വര്‍ണ്ണ വിവേചനത്തിനെതിരെ ആദ്യം പ്രതികരിച്ചത് ഇന്ത്യക്കാരാണെന്നും ബ്രിട്ടീഷുകാരുടെ വര്‍ണ്ണ വിവേചനത്തിന്റെ ഇരകളായിരുന്നു ഇന്ത്യക്കാരെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. വര്‍ണ്ണത്തിലും സംസ്‌കാരത്തിലുമെല്ലാം വ്യത്യസ്തരായ ആളുകള്‍ ജീവിക്കുന്ന രാജ്യമായിട്ടും ഇന്ത്യയില്‍ വര്‍ണ്ണ വിവേചനം ഒട്ടുമില്ലെന്നാണ് തന്റെ പ്രസ്താവനയെ വിശദീകരിച്ചു കൊണ്ട് അദ്ദേഹം സംസാരിച്ചത്.


Also Read: ‘മേയറായ എനിക്കുണ്ടായ അനുഭവം ഇതാണെങ്കില്‍ സാധാരണക്കാരായ സ്ത്രീകളുടെ അവസ്ഥ എന്തായിരിക്കും?’; ജൂഡ് ആന്റണിക്കെതിരെ ഫേസ്ബുക്ക് പോസ്റ്റുമായി സൗമിനി ജെയിന്‍


താനൊരിക്കലും ദക്ഷിണേന്ത്യക്കാരെ കറുത്തവരെന്നു വിളിച്ചിട്ടില്ലെന്നും തന്റെ വാക്കുകള്‍ തെറ്റിദ്ധരിക്കപ്പെടുകയായിരുന്നുവെന്നും തരുണ്‍ പറഞ്ഞു. എനിക്ക് മരിക്കാം പക്ഷെ എങ്ങനെയാണ് ഞാന്‍ എന്റെ സംസ്‌കാരത്തെ തള്ളിപ്പറയുക എന്നും അദ്ദേഹം ചോദിക്കുന്നു.

നോയിഡയില്‍ നൈജീരിയന്‍ വിദ്യാര്‍ത്ഥികള്‍ ആക്രമിക്കപ്പെട്ട സംഭവത്തില്‍ വിദേശകാര്യ മന്ത്രി സുഷമ സ്വരാജ് സ്വതന്ത്ര അന്വേഷണത്തിന് ഉത്തരവിട്ടിരിക്കുകയാണ്. സംഭവത്തിനെതിരെ ആഫ്രിക്കന്‍ വിദ്യാര്‍ത്ഥികളുടെ സംഘടന രംഗത്തെത്തിയതിനെ തുടര്‍ന്നായിരുന്നു മന്ത്രിയുടെ നടപടി.

Advertisement