കോടതി പറഞ്ഞതുപോലെ ചെയ്യാന്‍ സാധിച്ചില്ലെങ്കില്‍ തങ്ങള്‍ തൂങ്ങിമരിക്കണോ എന്ന് കേന്ദ്രമന്ത്രി; വാക്‌സിന്‍ വിതരണത്തില്‍ കേന്ദ്രത്തിന് ഒഴുക്കന്‍ സമീപനം
national news
കോടതി പറഞ്ഞതുപോലെ ചെയ്യാന്‍ സാധിച്ചില്ലെങ്കില്‍ തങ്ങള്‍ തൂങ്ങിമരിക്കണോ എന്ന് കേന്ദ്രമന്ത്രി; വാക്‌സിന്‍ വിതരണത്തില്‍ കേന്ദ്രത്തിന് ഒഴുക്കന്‍ സമീപനം
ഡൂള്‍ന്യൂസ് ഡെസ്‌ക്
Thursday, 13th May 2021, 7:40 pm

ബെംഗളൂരു: കോടതി നിര്‍ദ്ദേശിക്കുന്നത് പോലെ വാക്‌സിന്‍ നിര്‍മ്മിക്കാന്‍ സാധിച്ചില്ലെങ്കില്‍ സര്‍ക്കാര്‍ സ്വയം തൂങ്ങിമരിക്കണോ എന്ന് കേന്ദ്രമന്ത്രി ഡി.വി സദാനന്ദ ഗൗഡ.

” കോടതി നല്ല ഉദ്ദേശ്യത്തോടെയാണ് രാജ്യത്തെ എല്ലാവര്‍ക്കും വാക്‌സിനേഷന്‍ ലഭിക്കണമെന്ന് പറഞ്ഞത്. പക്ഷേ എനിക്ക് ഒരു കാര്യം ചോദിക്കാനുണ്ട്, നാളെ കോടതി പറയുകയാണ് നിങ്ങള്‍ ഇത്ര വാക്‌സിന്‍ കൊടുക്കണമെന്ന്, അത് നിര്‍മ്മിക്കാന്‍ സാധിച്ചില്ലെങ്കില്‍ ഞങ്ങള്‍ സ്വയം തൂങ്ങിമരിക്കണോ?” ഗൗഡ മാധ്യമപ്രവര്‍ത്തകരോട് ചോദിച്ചു.

വാക്‌സിന്‍ ക്ഷാമത്തെക്കുറിച്ച് ചോദിച്ച മാധ്യമപ്രവര്‍ത്തകരോട് അത് നികത്താനുള്ള നടപടികള്‍ സര്‍ക്കാര്‍ നടത്തുന്നുണ്ടെന്നും ഒരു തരത്തിലുള്ള രാഷ്ട്രീയ നേട്ടവും പിന്നിലില്ലെന്നും ഗൗഡ പറഞ്ഞു.

സര്‍ക്കാര്‍ ആത്മാര്‍ത്ഥമായാണ് ജോലി ചെയ്യുന്നതെന്നും എന്നിരുന്നാലും ചില പോരായ്മങ്ങള്‍ ഉയര്‍ന്നുവന്നിട്ടുണ്ടെന്നും കേന്ദ്രമന്ത്രി പറഞ്ഞു.

” പ്രായോഗികമായി നോക്കുമ്പോള്‍ ചില കാര്യങ്ങള്‍ നിയന്ത്രണാതീതമാണ്, നമുക്ക് അതൊക്കെ അങ്ങ് കൈകാര്യം ചെയ്യാന്‍ ആകുമോ?” ഗൗഡ ചോദിച്ചു.

അതേസമയം, കര്‍ണാടകയ്ക്ക് വിതരണം ചെയ്യുന്ന ഓക്സിജന്റെ അളവ് കൂട്ടണമെന്ന ഹൈക്കോടതി ഉത്തരവിനെതിരെ സുപ്രീംകോടതിയെ സമീപിച്ച കേന്ദ്രത്തിന് നേരത്തെ തിരിച്ചടി കിട്ടിയിരുന്നു.

കര്‍ണാടകയിലെ ജനങ്ങളെ ഒരു ദുര്‍ഘടാവസ്ഥയിലാക്കാന്‍ തങ്ങള്‍ക്ക് കഴിയില്ലെന്നാണ് കേന്ദ്രത്തോട് സുപ്രീംകോടതി പറഞ്ഞത്.

കര്‍ണാടക ഹൈക്കോടതിയുടേത് ശ്രദ്ധാപൂര്‍വ്വം പുറപ്പെടുവിച്ച ഉത്തരവാണെന്നും അതുകൊണ്ടുതന്നെ കേന്ദ്രത്തിന്റെ അപ്പീല്‍ സ്വീകരിക്കാന്‍ പറ്റില്ലെന്നും കോടതി വിധിച്ചു.
കര്‍ണാടകയ്ക്ക് വിതരണം ചെയ്യുന്ന ഓക്സിജന്റെ അളവ് കൂട്ടാനുള്ള ഹൈക്കോതി വിധി നിര്‍ത്തിവെക്കണമെന്നായിരുന്നു കേന്ദ്രത്തിന്റെ ആവശ്യം.

ദിവസേന കൊടുക്കുന്ന ഓക്സിജന്റെ അളവ് 1200 മെട്രിക് ടണ്‍ ആക്കണം എന്നാണ് കോടതിയുടെ ഉത്തരവ്.

 

 

Content Highlights: “If Vaccines Not Produced Yet, Should We Hang Ourselves?”: Union Minister