എഡിറ്റര്‍
എഡിറ്റര്‍
മുസ്‌ലിം രാജ്യങ്ങളില്‍ നിരോധിക്കാമെങ്കില്‍ എന്തുകൊണ്ട് ഇന്ത്യക്കാകില്ല; മുത്തലാഖ് വിഷയത്തില്‍ സുപ്രീം കോടതി വിധി ഇങ്ങനെ
എഡിറ്റര്‍
Tuesday 22nd August 2017 1:55pm


ന്യൂദല്‍ഹി: രാജ്യത്ത് മുത്തലാഖ് നിരോധിച്ച് സുപ്രീം കോടതി. മുത്തലാഖ് ഭരണഘടനാ വിരുദ്ധമാണെന്നു നിരീക്ഷിച്ചാണ് സുപ്രീം കോടതിയുടെ തീരുമാനം. കോടതിയുടെ അഞ്ചംഗ ഭരണഘടനാ ബെഞ്ചില്‍ മൂന്ന് ജഡ്ജിമാര്‍ മുത്തലാഖിനെതിരായ നിലപാട് സ്വീകരിച്ചപ്പോള്‍ രണ്ടുപേര്‍ മുത്തലാഖ് മുസ്‌ലിം വ്യക്തി നിയമത്തിന്റെ ഭാഗമാണെന്ന് അഭിപ്രായമാണ് രേഖപ്പെടുത്തിയത്.

തുടര്‍ന്ന് ഭൂരിപക്ഷ വിധി പ്രകാരം മുത്തലാഖ് നിയമവിരുദ്ധമാണെന്ന അന്തിമവിധി സുപ്രീം കോടതി സ്വീകരിക്കുകയായിരുന്നു. വിവിധ മുസ്‌ലിം രാജ്യങ്ങളില്‍ മുത്തലാഖ് നിയമവിരുദ്ധമാണെന്നും എന്തുകൊണ്ട് ഇന്ത്യയ്ക്ക് അതില്‍നിന്നു മാറാനാകുന്നില്ലെന്നും സുപ്രീം കോടതി ചോദിച്ചു.


Also Read: മുത്തലാഖ് ഭരണഘടനാവിരുദ്ധമെന്ന് സുപ്രീം കോടതി: ജഡ്ജിമാര്‍ക്കിടയില്‍ ഭിന്നിപ്പ്


ചീഫ് ജസ്റ്റിസ് ജെഎസ് ഖെഹാറും മുത്തലാഖ് ജസ്റ്റിസ് അബ്ദുള്‍ നാസറുമാണ് മുത്തലാഖ് മുസ്‌ലിം വ്യക്തി നിയമത്തിന്റെ ഭാഗമാണെന്ന് അഭിപ്രായപ്പെട്ടത്. എന്നാല്‍ ജസ്റ്റിസുമാരായ കുര്യന്‍ ജോസഫ്, ആര്‍.എഫ് നരിമാന്‍, യു.യു ലളിതും മുത്തലാഖ് ഭരണഘടനാ വിരുദ്ധമാണെന്നും ഇത് മതാചാരത്തിന്റെ ഭാഗമായി മാത്രം കാണാനാവില്ലെന്നുമുള്ള നിലപാട് സ്വീകരിച്ചു.

മുത്തലാഖ് നിരോധിക്കാന്‍ ആവശ്യമെങ്കില്‍ ആറുമാസത്തിനകം നിയമനിര്‍മാണം നടത്തണമെന്ന് കേന്ദ്രസര്‍ക്കാരിനോട് ആവശ്യപ്പെട്ട കോടതി നിയമം നിലവില്‍ വരുന്നതുവരെ ആറുമാസത്തേക്കാണ് മുത്തലാഖിന് വിലക്ക് ഏര്‍പ്പെടുത്തിയിരിക്കുന്നത്.

ആറുമാസത്തിനുള്ളില്‍ നിയമനിര്‍മാണം നടത്തിയില്ലെങ്കില്‍ സുപ്രീംകോടതിയുടെ വിലക്കുതുടരുമെന്നും വിധിന്യായത്തില്‍ കോടതി പറയുന്നു.

മുത്തലാഖ് സമ്പ്രദായം ‘നിരര്‍ത്ഥകവും, നിയമവിരുദ്ധവും ഭരമണഘടനാ വിരുദ്ധവുമാണ്. ഭൂരിപക്ഷം ജനങ്ങളും മുത്തലാഖ് സമ്പ്രദായം ഖുറാന്റെ അടിസ്ഥാന തത്വത്തിനെതിരാണെന്നാണ് പറയുന്നതെന്നും കോടതി പറഞ്ഞു.


Dont miss: ഹോട്ടലില്‍ റൂം ലഭിച്ചില്ല; തെരുവിലെ സ്വന്തം പ്രതിമയ്ക്ക് മുന്നില്‍ കിടന്നുറങ്ങി പ്രതിഷേധിച്ച് ഹോളിവുഡ് സൂപ്പര്‍സ്റ്റാര്‍ അര്‍നോള്‍ഡ് ഷ്വാസ്നഗെര്‍


ഭരണഘടനാ ബെഞ്ചിലെ മൂന്ന് ജഡ്ജിമാര്‍ മുത്തലാഖ് പ്രത്യക്ഷമായും നിയമലംഘനവും ഭരണഘടനാ വിരുദ്ധവും ഭരണഘടനയ്ക്ക് ആഘാതമേല്‍പ്പിക്കുന്നതാണെന്നും അഭിപ്രായപ്പെട്ടു.

എല്ലാ രാഷ്ട്രീയപാര്‍ട്ടികളും നിയമനിര്‍മ്മാണം നടത്താന്‍ കേന്ദ്രത്തിനൊപ്പം നില്‍ക്കണമെന്നു പറഞ്ഞ കോടതി മുസ്ലിം വ്യക്തിനിയമം മനസ്സിലാക്കിവേണം നിയമനിര്‍മാണം നടത്തേണ്ടതെന്നും വ്യക്തമാക്കി.

Advertisement