ദേവാലയത്തിന്റെ പരിപാവനത കാത്തുസൂക്ഷിക്കണം, ക്രൈസ്തവരുടെ മതവികാരം വ്രണപ്പെടുത്തരുത്; പി.ടി തോമസിന്റെ ചിതാഭസ്മം അടക്കം ചെയ്യുന്നതില്‍ മാര്‍ഗനിര്‍ദേശങ്ങളുമായി ഇടുക്കി രൂപത
Kerala News
ദേവാലയത്തിന്റെ പരിപാവനത കാത്തുസൂക്ഷിക്കണം, ക്രൈസ്തവരുടെ മതവികാരം വ്രണപ്പെടുത്തരുത്; പി.ടി തോമസിന്റെ ചിതാഭസ്മം അടക്കം ചെയ്യുന്നതില്‍ മാര്‍ഗനിര്‍ദേശങ്ങളുമായി ഇടുക്കി രൂപത
ഡൂള്‍ന്യൂസ് ഡെസ്‌ക്
Monday, 3rd January 2022, 9:15 am

ഇടുക്കി: കെ.പി.സി.സി വര്‍ക്കിങ് പ്രസിഡന്റും എം.എല്‍.എയുമായിരുന്ന പി.ടി. തോമസിന്റെ ചിതാഭസ്മം അടക്കം ചെയ്യുന്നതിന് മാര്‍ഗനിര്‍ദേശങ്ങള്‍ പുറപ്പെടുവിച്ച് ഇടുക്കി രൂപത.

ഇടുക്കി രൂപതയുടെ മുഖ്യവികാരിയായ ജനറല്‍ മോണ്‍. ജോസ് പ്ലാച്ചിക്കലാണ് മാര്‍ഗനിര്‍ദേശം പുറത്തിറക്കിയത്. പ്രധാനമായും മൂന്ന് നിര്‍ദേശങ്ങളാണ് മുന്നോട്ട് വെച്ചിരിക്കുന്നത്.

ദേവാലയവും ദേവാലയത്തിന്റെ പരിസരവും സെമിത്തേരിയുടെയും പരിപാവനത കാത്തുസൂക്ഷിക്കാന്‍ ചടങ്ങില്‍ പങ്കെടുക്കുന്നവര്‍ ശ്രദ്ധിക്കണമെന്നതാണ് ആദ്യത്തെ നിര്‍ദേശം.

സഭയുടെ ഔദ്യോഗിക കര്‍മങ്ങളോട് കൂടിയല്ല ചടങ്ങ് നടക്കുന്നതെങ്കിലും ദേവാലയ പരിസരങ്ങളിലും സെമിത്തേരിയിലും പ്രാര്‍ത്ഥനാപൂര്‍വമായ നിശബ്ദത പുലര്‍ത്തണമെന്നും ക്രൈസ്തവ വിശ്വാസികളുടെ മതവികാരങ്ങളെ വ്രണപ്പെടുത്തുന്ന പെരുമാറ്റങ്ങള്‍ ആരുടെ ഭാഗത്ത് നിന്നും ഉണ്ടാകാതിരിക്കാന്‍ ചടങ്ങില്‍ പങ്കെടുക്കുന്നവരും ഇതിന് നേതൃത്വം നല്‍കുന്നവരും ശ്രദ്ധിക്കണമെന്നും നിര്‍ദേശമുണ്ട്.

വികാരിക്കും പാരിഷ് കൗണ്‍സില്‍ അംഗങ്ങള്‍ക്കുമാണ് നിര്‍ദേശം നല്‍കിയിരിക്കുന്നത്.

തിങ്കളാഴ്ചയാണ് പി.ടി. തോമസിന്റെ ചിതാഭസ്മം വഹിച്ചുകൊണ്ടുള്ള സ്മൃതിയാത്ര നടക്കുന്നത്.

അദ്ദേഹത്തിന്റെ ആഗ്രഹപ്രകാരം ഇടുക്കിയിലെ ഉപ്പുതോട് സെന്റ് ജോസഫ്‌സ് പള്ളിയില്‍ പി.ടി. തോമസിന്റെ അമ്മയുടെ കല്ലറയില്‍ തന്നെയായിരിക്കും ചിതാഭസ്മം അടക്കം ചെയ്യുക.

രാവിലെ ഏഴിന് പാലാരിവട്ടത്തെ വീട്ടില്‍ പ്രതിപക്ഷ നേതാവ് വി.ഡി.സതീശന്റെ സാന്നിധ്യത്തില്‍ കെ.പി.സി.സി വൈസ് പ്രസിഡന്റ് വി.പി.സജീന്ദ്രന്‍ കുടുംബാംഗങ്ങളില്‍നിന്ന് ചിതാഭസ്മം ഏറ്റുവാങ്ങി. തുറന്ന വാഹനത്തില്‍ കൊണ്ടുപോകുന്ന ചിതാഭസ്മ സ്മൃതിയാത്രക്ക് ആദരമര്‍പിക്കാന്‍ വിവിധ സ്ഥലങ്ങളില്‍ ക്രമീകരണം ഒരുക്കിയിട്ടുണ്ട്.

എറണാകുളം ജില്ലയിലെ പ്രയാണത്തിനുശേഷം സ്മൃതി യാത്ര രാവിലെ 11ന് നേര്യമംഗലത്ത് എത്തുമ്പോള്‍ ഡി.സി.സി പ്രസിഡന്റ് സി.പി. മാത്യുവിന്റെ നേതൃത്വത്തിലായിരിക്കും ചിതാഭസ്മം ഏറ്റുവാങ്ങുക.

പിന്നീട് ഇരുമ്പുപാലം, അടിമാലി, കല്ലാര്‍കുട്ടി, പാറത്തോട്, മുരിക്കാശേരി വഴി വൈകീട്ട് നാലോടെ ഉപ്പുത്തോട്ടില്‍ എത്തിക്കുന്ന ചിതാഭസ്മം, ഉപ്പുതോട് കുരിശടിയില്‍ വെച്ച് കുടുംബാംഗങ്ങള്‍ക്ക് കൈമാറും.

ഡൂള്‍ന്യൂസിന്റെ സ്വതന്ത്ര മാധ്യമപ്രവര്‍ത്തനത്തെ സാമ്പത്തികമായി സഹായിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ

ഡൂള്‍ന്യൂസിനെ ടെലഗ്രാംവാട്‌സാപ്പ് എന്നിവയിലൂടേയും  ഫോളോ ചെയ്യാം


Content Highlight: Idukki Roopatha published guidelines for the cremation for PT Thomas’s ashes