ന്യൂസ് ഡെസ്‌ക്
ന്യൂസ് ഡെസ്‌ക്
kERALA NEWS
രണ്ടു ജില്ലകളിലെ പ്രളയബാധിത മേഖലകളില്‍ ബാങ്ക് ശാഖകളും എ.ടി.എമ്മുകളും പൂട്ടിയേക്കും
ന്യൂസ് ഡെസ്‌ക്
Friday 10th August 2018 4:01pm

കൊച്ചി: ഇടുക്കി ചെറുതോണി ഡാമിന്റെ അഞ്ചാമത്തെ ഷട്ടറും തുറന്നതോടെ എറണാകുളത്തെയും ഇടുക്കിയിലെയും പ്രളയബാധിത മേഖലകളിലെ എ.ടി.എമ്മുകളും ബാങ്ക് ശാഖകളും പൂട്ടിയേക്കും. ഈ സ്ഥലങ്ങളില്‍ ഗ്രൗണ്ട് ഫ്‌ളോറുകളില്‍ പ്രവര്‍ത്തിക്കുന്നവയാണ് പൂട്ടാന്‍ സാധ്യത. ഇത് സംബന്ധിച്ച് ചില ബാങ്കുകള്‍ സര്‍ക്കുലര്‍ ഇറക്കിയതായി മനോരമന്യൂസ് റിപ്പോര്‍ട്ട് ചെയ്യുന്നു.

ലോഡ് ചെയ്തിരിക്കുന്ന പണം മുഴുവന്‍ സമീപത്തെ കറന്‍സി ചെസ്റ്റുകളിലേക്ക് മാറ്റാനാണ് നിര്‍ദേശം. അടിയന്തര ഘട്ടം നേരിടാന്‍ തയ്യാറാകണം. ചെസ്റ്റുകളിലേക്ക് മാറ്റാന്‍ കഴിഞ്ഞില്ലെങ്കില്‍ വലിയ തുകകള്‍ സേഫുകളിലെ ഏറ്റവും ഉയര്‍ന്ന റാക്കുകളിലേക്കു മാറ്റാന്‍ കഴിയണം.

എ.ടി.എം കൗണ്ടറിലെ പവര്‍ സപ്ലൈ പൂര്‍ണമായും ഓഫ് ചെയ്ത ശേഷം ഷട്ടറുകള്‍ അടയ്ക്കാനുള്ള നടപടികള്‍ ഉടന്‍ ആരംഭിച്ചേക്കും.ബാങ്കിലെ സ്വര്‍ണം ഉള്‍പ്പടെയുള്ള വസ്തുക്കള്‍ പ്ലാസ്റ്റിക് കവറുകളിലേക്ക് മാറ്റണം. ബാങ്കുകളിലെ ഇലക്ട്രോണിക് ഉപകരണങ്ങളും സുരക്ഷിത സ്ഥാനത്തേക്ക് മാറ്റാനാണ് നിര്‍ദേശം. സമീപത്തുള്ള എ.ടി.എമ്മുകളില്‍ വലിയ തുക ലോഡ് ചെയ്യേണ്ടതില്ലെന്നും ചില ബാങ്കുകള്‍ നിര്‍ദേശം നല്‍കിയിട്ടുണ്ട്.

ചരിത്രത്തിലാദ്യമായാണ് ചെറുതോണി ഡാമിലെ അഞ്ചാമത്തെ ഷട്ടറും തുറക്കുന്നത്. സെക്കന്‍ഡില്‍ 700 ക്യുമെക്‌സ് വെള്ളമാണ് ഡാമിന് പുറത്തേക്ക് വരുന്നത്. ജില്ലയില്‍ കനത്ത മഴ തുടരുന്നതിനാല്‍ ഇനിയും ജലനിരപ്പ് ഉയരാനാണ് സാധ്യത.

അതേ സമയം കേരളത്തിലെ പ്രളയദുരന്തം വിലയിരുത്താന്‍ കേന്ദ്ര ആഭ്യന്തരമന്ത്രി രാജ്നാഥ് സിങ് ഞായറാഴ്ച കൊച്ചിയിലെത്തും

Advertisement