ഇന്‍സ്റ്റഗ്രാമിലെ പാട്ടിലൂടെ  പ്രഭുദേവയുടെ സിനിമയിലെത്തിയ  തൃശ്ശൂര്കാരി ക്ടാവ്
Movie Day
ഇന്‍സ്റ്റഗ്രാമിലെ പാട്ടിലൂടെ  പ്രഭുദേവയുടെ സിനിമയിലെത്തിയ  തൃശ്ശൂര്കാരി ക്ടാവ്
അശ്വിന്‍ രാജ്
Friday, 4th January 2019, 7:08 pm

ഇന്‍സ്റ്റഗ്രാമില്‍ ഖവാലിയിലെ “ദമാ ദം മസത് കലന്തര്‍” എന്ന പാട്ട് റെക്കോര്‍ഡ് ചെയ്ത് ഇടുമ്പോള്‍ തൃശ്ശൂരുകാരി ശിഖ പ്രഭാകരന്‍ സ്വപ്‌നത്തില്‍ പോലും കരുതിയിരുന്നില്ല ഇത് തന്റെ സംഗീത ജീവിതത്തിലെ നിര്‍ണായക വഴിത്തിരിവായിരിക്കുമെന്ന്, അത് കൊണ്ടാണ് ഗാനം കേട്ട് സംഗീത സംവിധായകന്‍ ഡി ഇമ്മന്‍ വിളിച്ചപ്പോഴും ആദ്യം വിശ്വസിക്കാന്‍ ശിഖയ്ക്ക് കഴിയാതിരുന്നത്.

എന്തായാലും തമിഴിലെ ഹിറ്റ്മേക്കര്‍ സംഗീത സംവിധായകരില്‍ ഒരാളായ ഡി. ഇമ്മന്റെ പുതിയ ചിത്രത്തിലെ ഗാനം ആലപിക്കുന്നത് ശിഖയാണ്. എന്നാല്‍ അത്ഭുതം അവിടെയും തീര്‍ന്നില്ല. തന്റെ ഇഷ്ട നായകരിലൊരാളായ പ്രഭുദേവ നായകനാവുന്ന ചിത്രത്തില്‍ സോളോ ഡപ്പാംകൂത്താണ് ശിഖ ആലപിച്ചത്. ഇപ്പോഴും ഒരു സ്വപ്‌നം പോലെയാണെന്നാണ് ശിഖ ഇതിനെക്കുറിച്ച് പറയുന്നത്.

മലയാളികള്‍ക്ക് അത്ര അപരിചിതയൊന്നുമല്ല ശിഖ പ്രഭാകരന്‍ മുമ്പ് ഐഡിയ സ്റ്റാര്‍ സിംഗര്‍ സീസണ്‍ 4ലെ മത്സരാര്‍ത്ഥി കൂടിയായിരുന്നു.

തമിഴ് സിനിമയിലേക്കുള്ള വിളി ഇന്‍സ്റ്റഗ്രാമിലൂടെ

ഇന്‍സ്റ്റഗ്രാമില്‍ അത്രയ്ക്ക് ആക്ടീവ് ഒന്നുമല്ല ശിഖ. ഇടയ്ക്ക് ഇഷ്ടപ്പെട്ട ഗാനങ്ങള്‍ സെല്‍ഫി വീഡിയോ ആയി ഇന്‍സ്റ്റഗ്രാമില്‍ പോസ്റ്റ് ചെയ്യാറുണ്ട്. ഇത്തരത്തില്‍ പോസ്റ്റ് ചെയ്ത ഒരു ഗാനം കേട്ടാണ്. സംഗീത സംവിധായകന്‍ ഡി ഇമ്മന്‍ തന്റെ പുതിയ ചിത്രത്തിലേക്ക് ഗാനം ആലപിക്കാന്‍ ശിഖയെ ക്ഷണിച്ചത്. ഫോണില്‍ ശിഖയെ വിളിച്ച ഇമ്മന്‍ ഒന്ന് രണ്ട് ഗാനം പാടിക്കുകയും കുറച്ച് ഗാനങ്ങള്‍ ആയച്ചുകൊടുക്കാന്‍ പറയുകയും ചെയ്തു. ഓപ്പണ്‍ ത്രോട്ടിലുള്ള ശിഖ ആലപിച്ച ഗാനം ഇഷ്ടമായ ഇമ്മന്‍ ഒരു സോളോ ഫാസ്റ്റ് നമ്പര്‍ തന്നെ ശിഖയെ എല്‍പ്പിക്കുകയായിരുന്നു.

ആദ്യ ഗാനം ഇഷ്ടതാരത്തിന്റെ സിനിമയില്‍

ഇഷ്ടതാരങ്ങളില്‍ ഒരാളായ പ്രഭുദേവയുടെ സിനിമയില്‍ തന്നെ ആദ്യ തമിഴ് ഗാനം ആലപിക്കാന്‍ കഴിഞ്ഞതിന്റെ സന്തോഷത്തിലാണ് ശിഖ. പ്രഭുദേവ ആദ്യമായി പൊലീസ് വേഷത്തില്‍ എത്തുന്ന “പൊന്‍മാണിക്യവേല്‍” എന്ന ചിത്രത്തിനായാണ് ശിഖ ഗാനം ആലപിച്ചത്. റിയല്‍ ലൈഫ് ക്യാരക്ടര്‍ സ്റ്റോറിയാണ് ഇത്.

മഹാരാജാസിലെ തൃശ്ശൂര്കാരി ക്ടാവ്, പൂമരത്തിലെ പാട്ടുകാരി

എറണാകുളം മഹാരാജാസ് കോളെജിലാണ് ശിഖ പ്രഭാകരന്‍ പഠിക്കുന്നത്. രണ്ടാം ക്ലാസില്‍ സംഗീത പഠനം തുടങ്ങിയ ഈ തൃശ്ശൂര്കാരി ഇപ്പോള്‍ സംഗീതത്തില്‍ എം.എ ചെയ്യുകയാണ്. അഭിനയത്തിലും താന്‍ മോശമല്ലെന്ന് ശിഖ തെളിയിച്ചിട്ടുണ്ട് എബ്രിഡ് ഷൈന്‍ സംവിധാനം ചെയ്ത പൂമരത്തില്‍ അഭിനയിക്കുകയും ഒരു ഗാനം ആലപിക്കുകയും ചെയ്തിട്ടുണ്ട്. മലയാളത്തില്‍ സംഗീത സംവിധായകരായ മോഹന്‍ സിതാരയുടെയും ശരതിന്റെയും സിനിമകളിലും ശിഖ ഇതിനോടകം ഗാനം ആലപിച്ചിട്ടുണ്ട്.

പൂര്‍ണ പിന്തുണയോടെ അച്ഛനും അമ്മയും ചേട്ടനും

ശിഖയ്ക്ക് പൂര്‍ണപിന്തുണയുമായി അച്ഛന്‍ പ്രഭാകരനും അമ്മ ഉഷയും ചേട്ടന്‍ ശിബിനുമുണ്ട്. വീട്ടില്‍ അമ്മയുടെ പാടാനുള്ള കഴിവാണ് തനിക്ക് കിട്ടിയതെങ്കിലും അച്ഛനും ഏട്ടനുമാണ് തന്റെ എറ്റവും വലിയ കേള്‍വിക്കാരും വിമര്‍ശകരെന്നും ശിഖ പറയുന്നു. “പൊന്‍മാണിക്യവേലിലെ ഗാനം ആലപിക്കാന്‍ ചെന്നൈയിലേക്ക് പോയപ്പോഴും ഇവര്‍ മൂന്ന് പേരും തനിക്ക് കരുത്തായി കൂടെയുണ്ടായിരുന്നെന്ന് ശിഖ പറയുന്നു.

അശ്വിന്‍ രാജ്
ഡൂള്‍ന്യൂസ് സബ് എഡിറ്റര്‍, കാലിക്കറ്റ് യൂണിവേഴ്‌സിറ്റിയില്‍ നിന്നും ബിരുദവും ജേര്‍ണലിസത്തില്‍ പി.ജി ഡിപ്ലോമയും പൂര്‍ത്തിയാക്കിയിട്ടുണ്ട്. 2017 ജൂണ്‍ മുതല്‍ ഡൂള്‍ന്യൂസില്‍ പ്രവര്‍ത്തിക്കുന്നു.