'അങ്കം കുറിച്ചു'; 2019 ലോകകപ്പ് ഇന്ത്യാ- പാകിസ്താന്‍ മത്സരത്തിന്റെ വേദിയും തീയ്യതിയും പ്രഖ്യാപിച്ചു
ICC WORLD CUP 2019
'അങ്കം കുറിച്ചു'; 2019 ലോകകപ്പ് ഇന്ത്യാ- പാകിസ്താന്‍ മത്സരത്തിന്റെ വേദിയും തീയ്യതിയും പ്രഖ്യാപിച്ചു
സ്പോര്‍ട്സ് ഡെസ്‌ക്
Wednesday, 25th April 2018, 1:07 pm

ദുബായ്: ക്രിക്കറ്റ് മത്സരങ്ങളില്‍ ഇന്ത്യന്‍ ആരാധകര്‍ ഏറ്റവും കൂടുതല്‍ കാണാന്‍ ആഗ്രഹിക്കുന്ന പോരാട്ടമാണ് ഇന്ത്യ- പാകിസ്താന്‍ മത്സരം. അത് ലോകകപ്പിലാണെങ്കില്‍ ആവേശം ഇരട്ടിയാവുകയും ചെയ്യും. 2019 ലോകകപ്പിലും ഇന്ത്യയും പാകിസ്താനും നേര്‍ക്കുനേര്‍ വരിക എന്നറിയാനുള്ള ആകാംക്ഷയിലായിരുന്ന ആരാധകര്‍ക്ക് മുന്നിലേക്ക് ഒടുവില്‍ ആ വാര്‍ത്തയും എത്തുകയാണ്.

ഇംഗ്ലണ്ടിലും വെയില്‍സിലുമായി നടക്കുന്ന ലോകകപ്പ് പോരാട്ടത്തില്‍ ജൂണ്‍ 16 നാണ് ഇന്ത്യ-പാക് പോരാട്ടം അരങ്ങേറുക. മാഞ്ചസ്റ്ററാണ് മത്സരവേദി. മേയ് 30 നാരംഭിക്കുന്ന ലോകകപ്പില്‍ ഇന്ത്യയുടെ ആദ്യ മത്സരം ജൂണ്‍ നാലിനു ദക്ഷിണാഫ്രിക്കക്കെതിരെയാണ്. ജൂലൈ 14 നായിരിക്കും ഫൈനല്‍ അരങ്ങേറുക. ടൂര്‍ണ്ണമെന്റിന്റെ മുഴുവന്‍ മത്സരങ്ങളുടെയും ഫിക്സ്ചര്‍ ഈ മാസം അവസാനത്തോടെ പുറത്തുവിടും.

നേരത്തെ ഇന്ത്യയുടെ ആദ്യ മത്സരം ജൂണ്‍ 2 നാണ് തീരുമാനിച്ചിരുന്നത്. എന്നാല്‍ ഐ.പി.എല്‍ കഴിഞ്ഞ് താരങ്ങള്‍ക്ക് 15 ദിവസത്തെ വിശ്രമം അനുവദിക്കണമെന്ന ലോധ കമ്മിറ്റി നിര്‍ദ്ദേശത്തെത്തുടര്‍ന്നാണ് തിയതി പുതുക്കി നിശ്ചയിച്ചത്. അടുത്ത വര്‍ഷത്തെ ഐ.പി.എല്‍ ആരംഭിക്കുന്നത് മാര്‍ച്ച് 29 നാണ്. മേയ് 19 നാണ് ഫൈനല്‍.

1992 ലെ ലോകകപ്പിന് സമാനമായി എല്ലാ ടീമുകളും പരസ്പരം ഏറ്റുമുട്ടുന്ന രീതിയിലാണ് മത്സരങ്ങള്‍ ക്രമീകരിച്ചിരിക്കുന്നത്.

ഇന്ത്യന്‍ ടീമിന്റെ അടുത്ത അഞ്ചുവര്‍ഷത്തെ മത്സരങ്ങളുടെ എണ്ണത്തിലും കാര്യമായ മാറ്റങ്ങളുണ്ട്. ഇക്കാലയളവില്‍ ഇന്ത്യന്‍ ടീം 309 മത്സരങ്ങളിലാണ് കളിക്കാനിറങ്ങുന്നത്.

രണ്ട് തവണ ലോകജേതാക്കളായ ഇന്ത്യ ഇത്തവണ വിരാട് കോഹ്ലിയുടെ നേതൃത്വത്തില്‍ മികച്ച പ്രതീക്ഷയിലാണ് ഇറങ്ങുന്നത്. ഇതുവരെയും ലോകകിരീടം നേടാത്ത ടീമാണ് ആദ്യ മത്സരത്തിലെ എതിരാളികളായ ദക്ഷിണാഫ്രിക്ക.