ഇന്ത്യ എന്ന വന്‍മരം വീണു... ഇനി ആര്? ഓസീസോ ഇംഗ്ലണ്ടോ
സ്പോര്‍ട്സ് ഡെസ്‌ക്

രണ്ടേ രണ്ട് മത്സരങ്ങള്‍ക്കപ്പുറം ലോകകപ്പ് കിരീടം ഉണ്ട്. ആതിഥേയരായ ഇംഗ്ലണ്ടും ആറാം കിരീടം ലക്ഷ്യമിടുന്ന ഓസ്‌ട്രേലിയയും രണ്ടാം സെമിയില്‍ കളത്തിലിറങ്ങുമ്പോള്‍ പ്രവചനങ്ങള്‍ക്ക് യാതൊരു സാധുതയുമില്ല.

രണ്ടാം സെമിയെ വേണമെങ്കില്‍ ആഷസ് പോരാട്ടമെന്ന് വിളിക്കാം. ആതിഥേയരായ ഇംഗ്ലണ്ട് ആദ്യ ലോകകപ്പ് സ്വപ്നം കാണുമ്പോള്‍ നിലവില്‍ ചാമ്പ്യന്‍മാരായ ഓസ്ട്രേലിയ ലോകകപ്പിലെ ആറാം പട്ടാഭിഷേകത്തിനാണ് കാത്തിരിക്കുന്നത്.

വിലക്ക് മാറിയെത്തിയ വാര്‍ണര്‍, നായകന്‍ ഫിഞ്ച്, പന്തില്‍ തീയുണ്ട ഒളിപ്പിച്ചുവച്ച സ്റ്റാര്‍ക്ക്… ഈ ലോകകപ്പില്‍ മികച്ച ടീം പെര്‍ഫോര്‍മന്‍സാണ് ഓസീസിനെ നയിക്കുന്നത്. സെമിയിലെത്തിയ മറ്റ് നാല് ടീമുകളില്‍ നിന്ന് വ്യത്യസ്തമായി ടീമിന്റെ പ്രകടനത്തില്‍ ഭയപ്പെടുത്തുന്ന ഒന്നും ഇല്ല എന്നതാണ് ഓസീസിനെ ചാമ്പ്യന്‍പോരാട്ടത്തില്‍ ഒന്നാമതെത്തിക്കുന്നത്.

ഓപ്പണിംഗില്‍ വാര്‍ണര്‍-ഫിഞ്ച് കൂട്ടുകെട്ട്, പിന്നാലെ വരുന്ന ഖ്വാജ, അലക്സ് കാരി, സ്റ്റോയിനിസ് എന്നിവരും ഉജ്വലഫോമില്‍. മാക്സെവലും സ്മിത്തും ബാറ്റിംഗില്‍ തിളങ്ങിയില്ലെങ്കിലും ഫീല്‍ഡിംഗില്‍ കാണിക്കുന്നത് അസാമാന്യപ്രകടനം

ബൗളിംഗില്‍ ഓസീസ് പേസ് പ്രതാപം പേറുന്ന സ്റ്റാര്‍ക്ക്. 26 വിക്കറ്റാണ് ഇതുവരെ സ്റ്റാര്‍ക്ക് ഈ ലോകകപ്പില്‍ നേടിയത്. സ്റ്റോയിനിസ് ബൗളിംഗിലും മികവ് കാണിക്കുന്നതോടെ ഓസീസിനെ സന്തുലിത ടീം എന്ന് തന്നെ വിളിക്കാം.

മറുവശത്ത് ആതിഥേയരായ ഇംഗ്ലണ്ട് അവസാന മത്സരങ്ങളില്‍ കാത്തുസൂക്ഷിച്ച പോരാട്ടവീര്യം സെമിയിലും പ്രകടിപ്പിക്കാമെന്ന പ്രതീക്ഷയിലാണ്. ബാറ്റിംഗ് തന്നെയാണ് ഇംഗ്ലണ്ടിന്റെ ചുറുപ്പുചീട്ട്. ഈ ലോകകപ്പിലെ ഏറ്റവും ഉയര്‍ന്ന സ്‌കോര്‍ ഇംഗ്ലണ്ടിന്റെ പേരിലാണ്. അഞ്ച് തവണയാണ് ആതിഥേയര്‍ ടൂര്‍ണ്ണമെന്റില്‍ 300 കടന്നത്.

ജോണി ബെയര്‍സ്റ്റോ, ജോ റൂട്ട്, ഇവോയിന്‍ മോര്‍ഗന്‍, ബെന്‍ സ്റ്റോക്സ്, ജോസ് ബട്ലര്‍…. ഏത് ടീമും മോഹിക്കുന്ന ബാറ്റിംഗ് നിര. മോയീന്‍ അലിയുടെ ഔള്‍റൗണ്ട് മികവ്, ആര്‍ച്ചറും ക്രിസ് വോക്സും നയിക്കുന്ന ബൗളിംഗ് നിര. ആറാം കിരീടം ലക്ഷ്യമിടുന്ന ഓസീസിനെ തളയ്ക്കാന്‍ ഇംഗ്ലീഷ് ആവനാഴിയിലെ അസ്ത്രങ്ങള്‍ ധാരാളമാണ്.

കലാശപ്പോരില്‍ ന്യൂസിലാന്റ് നേരിടേണ്ടത് ഓസ്‌ട്രേലിയയേയോ ഇംഗ്ലണ്ടിനേയോ. ക്രിക്കറ്റിന്റെ മെക്കയായ ലോര്‍ഡ്സ് പുത്തന്‍ കിരീടവകാശിയെ കാത്തിരിക്കുമ്പോള്‍ സെമി കടമ്പ ആര് കടക്കുമെന്നറിയാന്‍ ഇനി മണിക്കൂറുകള്‍ മാത്രം ബാക്കി.