ഗപ്ടിലിന്റെ ത്രോയില്‍ ഇന്ത്യ വീണു; ന്യൂസിലാന്റ് കലാശപ്പോരിന്
ICC WORLD CUP 2019
ഗപ്ടിലിന്റെ ത്രോയില്‍ ഇന്ത്യ വീണു; ന്യൂസിലാന്റ് കലാശപ്പോരിന്
സ്പോര്‍ട്സ് ഡെസ്‌ക്
Wednesday, 10th July 2019, 7:32 pm

ഓള്‍ഡ് ട്രഫോഡ്: ക്രിക്കറ്റ് ലോകകപ്പിലെ ആദ്യസെമിയില്‍ ഇന്ത്യയ്‌ക്കെതിരെ ന്യൂസിലാന്റിന് ജയം. ന്യൂസിലാന്റ് ഉയര്‍ത്തിയ 239 റണ്‍സ് വിജയലക്ഷ്യം പിന്തുടര്‍ന്ന ഇന്ത്യ 18 റണ്‍സകലെ തകര്‍ന്നടിഞ്ഞപ്പോള്‍ ഫൈനലിലേക്കുള്ള ഇന്ത്യന്‍ സ്വപ്‌നം തകര്‍ന്നുവീണു.

രവീന്ദ്ര ജഡേജ പുറത്തെടുത്ത അസാമാന്യ പോരാട്ടവീര്യമാണ് ഇന്ത്യയ്ക്ക് അവസാന ഓവറിലേക്ക് ആയുസ് നീട്ടിനല്‍കിയത്.

ഈ ലോകകപ്പിലെ ഏറ്റവും മികച്ച ബാറ്റ്‌സ്മാനായ രോഹിത് ശര്‍മ്മ മുതല്‍ ഒന്നൊന്നായി കിവീസ് ബൗളര്‍മാര്‍ക്ക് മുന്നില്‍ കീഴടങ്ങിയപ്പോള്‍ ഏഴാം വിക്കറ്റില്‍ ഒത്തുചേര്‍ന്ന ജഡേജ-ധോണി സഖ്യമാണ് ഇന്ത്യയെ മത്സരത്തിലേക്ക് തിരികെയെത്തിച്ചത്.

92 റണ്‍സിന് ആറ് വിക്കറ്റ് വീഴ്ത്തിയ ഇന്ത്യയെ സെഞ്ച്വറി കൂട്ടുകെട്ട് നേടിയ ഇരുവരും മുന്നോട്ടുനയിക്കുകയായിരുന്നു.

എന്നാല്‍ കൃത്യമായ ഇടവേളയില്‍ വിക്കറ്റ് വീഴ്ത്തിയ കിവികള്‍ വിജയം കൊത്തിയെടുത്തു. 59 പന്തില്‍ 77 റണ്‍സെടുത്ത ജഡേജ 47ാം ഓവറിന്റെ അഞ്ചാം പന്തില്‍ ഹെന്റിയ്ക്ക് മുന്നില്‍ വീണു. വിജയത്തിലേക്ക് നീങ്ങവെ 50 റണ്‍സെടുത്ത ധോണിയും വീണതോടെ ഇന്ത്യന്‍ പ്രതീക്ഷകള്‍ അവസാനിച്ചു.

രോഹിത് ശര്‍മ (1), കെ.എല്‍. രാഹുല്‍ (1), ക്യാപ്റ്റന്‍ വിരാട് കോലി (1), ദിനേഷ് കാര്‍ത്തിക് എന്നിങ്ങനെയാണ് ഇന്ത്യന്‍ മുന്‍നിരയുടെ സ്‌കോര്‍. ഋഷഭ് പന്തും ഹാര്‍ദിക് പാണ്ഡ്യയും 32 റണ്‍സ് വീതമെടുത്തു.

ന്യൂസിലാന്റിന്റെ തുടര്‍ച്ചയായ രണ്ടാം ഫൈനലാണിത്. കിവികള്‍ക്കായി ഹെന്റി മൂന്നുവിക്കറ്റും ബോള്‍ട്ടും സാന്റ്‌നറും രണ്ട് വിക്കറ്റ് വീതവും വീഴ്ത്തി.

നേരത്തെ ആദ്യം ബാറ്റു ചെയ്ത കിവീസ് നിശ്ചിത 50 ഓവറില്‍ എട്ടു വിക്കറ്റ് നഷ്ടത്തില്‍ 239 റണ്‍സാണ് നേടിയത്. മഴ കാരണം ചൊവ്വാഴ്ച്ച നിര്‍ത്തിവെച്ച മത്സരം റിസര്‍വ് ദിനമായ ബുധനാഴ്ച പുനഃരാരംഭിക്കുകയായിരുന്നു. 46.1 ഓവറില്‍ അഞ്ചു വിക്കറ്റിന് 211 റണ്‍സ് എന്ന നിലയിലാണ് ബുധനാഴ്ച്ച കിവീസ് ഇന്നിങ്‌സ് ആരംഭിച്ചത്.

തുടക്കത്തില്‍ തന്നെ 74 റണ്‍സെടുത്ത റോസ് ടെയ്ലറെ രവീന്ദ്ര ജഡേജ റണ്ണൗട്ടാക്കി. 90 പന്തുകള്‍ നേരിട്ടാണ് ടെയ്ലര്‍ 74 റണ്‍സെടുത്തത്. പിന്നാലെ 10 റണ്‍സെടുത്ത ടോം ലാഥത്തെ ഭുവനേശ്വറിന്റെ പന്തില്‍ ജഡേജ ക്യാച്ചെടുത്തു. അതേ ഓവറില്‍ തന്നെ ഭുവി മാറ്റ് ഹെന്റിയേയും പുറത്താക്കി.

നാളെ നടക്കുന്ന ഓസ്‌ട്രേലിയ-ഇംഗ്ലണ്ട് രണ്ടാം സെമിയിലെ വിജയികളെയാണ് ന്യൂസിലാന്റ് ഫൈനലില്‍ നേരിടേണ്ടത്.