15-ാം സെഞ്ച്വറിയുമായി വാര്‍ണര്‍; പാകിസ്താനെതിരെ ഓസ്‌ട്രേലിയയ്ക്ക് 41 റണ്‍സ് ജയം
ICC WORLD CUP 2019
15-ാം സെഞ്ച്വറിയുമായി വാര്‍ണര്‍; പാകിസ്താനെതിരെ ഓസ്‌ട്രേലിയയ്ക്ക് 41 റണ്‍സ് ജയം
സ്പോര്‍ട്സ് ഡെസ്‌ക്
Wednesday, 12th June 2019, 10:45 pm

ടോണ്ടന്‍: ലോകകപ്പില്‍ ഓസ്‌ട്രേലിയയ്‌ക്കെതിരായ മത്സരത്തില്‍ പാകിസ്താന് 41 തോല്‍വി. 308 റണ്‍സ് വിജയലക്ഷ്യവുമായിറങ്ങിയ പാകിസ്താന്‍ 266 റണ്‍സിന് പുറത്തായി.

ഭേദപ്പെട്ട ടോട്ടല്‍ പിന്തുടരാനിറങ്ങിയ പാകിസ്താന് തുടക്കത്തില്‍ തന്നെ തിരിച്ചടിയേറ്റു. എന്നാല്‍ രണ്ടാം വിക്കറ്റില്‍ ഒത്തുചേര്‍ന്ന ഇമാം ഉള്‍ ഹഖും ബാബര്‍ അസമും പതുക്കെ ഇന്നിംഗ്‌സ് കെട്ടിപ്പൊക്കി. അര്‍ധസെഞ്ച്വറി പിന്നിട്ട കൂട്ടുകെട്ടിനെ കൂള്‍ട്ടര്‍നൈലാണ് പുറത്താക്കിയത്. പുറത്താകുമ്പോള്‍ അസം 30 റണ്‍സാണ് നേടിയത്.

പിന്നീട് വന്ന മുഹമ്മദ് ഹഫീസ് നിലയുറപ്പിച്ച് കളിപ്പിച്ചതോടെ മൂന്നാം വിക്കറ്റിലും മികച്ച കൂട്ടുകെട്ടുണ്ടാക്കാന്‍ പാകിസ്താനായി. എന്നാല്‍ അടുത്തടുത്ത ഓവറില്‍ അര്‍ധസെഞ്ച്വറി നേടിയ ഇമാമും 46 റണ്‍സെടുത്ത ഹഫീസും പരിചയസമ്പന്നനായ മാലിക്കും പുറത്തായതോടെ പാകിസ്താന്‍ അപകടം മണത്തു.

160 ന് ആറ് എന്ന നിലയില്‍ ക്രീസില്‍ ഒത്തുചേര്‍ന്ന വഹാബ് റിയാസും സര്‍ഫ്രാസ് അഹമ്മദും ചേര്‍ന്നുള്ള 100 റണ്‍സ് കൂട്ടുകെട്ട് പാകിസ്താന് വീണ്ടും വിജയപ്രതീക്ഷ നല്‍കി. എന്നാല്‍ കൃത്യസമയത്ത് വിക്കറ്് വീഴ്ത്തിയ സ്റ്റാര്‍ക്ക് ഓസീസിനെ കളിയിലേക്കും ജയത്തിലേക്കും തിരിച്ചുകൊണ്ടുവരികയായിരുന്നു.

ഓസീസിനായി പാറ്റ് കമ്മിന്‍സ് മൂന്ന് വിക്കറ്റ് വീഴ്ത്തി.

നേരത്തെ ടോസ് നഷ്ടപ്പെട്ട് ആദ്യം ബാറ്റിംഗിനിറങ്ങിയ ഓസീസ് ഒരോവര്‍ ബാക്കി നില്‍ക്കെ 307 റണ്‍സിന് പുറത്തായി.

ഓസീസ് ബാറ്റിംഗ് നിരയില്‍ ഓപ്പണര്‍മാര്‍ തിളങ്ങിയപ്പോള്‍ പാകിസ്താനായി മുഹമ്മദ് ആമിര്‍ അഞ്ച് വിക്കറ്റ് നേടി. സെഞ്ച്വറി നേടിയ വാര്‍ണറും 82 റണ്‍സ് നേടിയ ആരോണ്‍ ഫിഞ്ചും കണ്ണഞ്ചിപ്പിക്കുന്ന തുടക്കമാണ് നിലവിലെ ചാമ്പ്യന്‍മാര്‍ക്ക് നല്‍കിയത്. എന്നാല്‍ പിന്നാലെയെത്തിയവര്‍ക്ക് നല്ല തുടക്കം കിട്ടിയെങ്കിലും ഇന്നിംഗ്‌സ് പടുത്തുയര്‍ത്താന്‍ കഴിയാത്തതാണ് ഓസീസ് ഔള്‍ ഔട്ടാകാന്‍ കാരണം.

ഷോണ്‍ മാര്‍ഷ് 23 റണ്‍സും മാക്‌സ് വെല്ലും അലക്‌സ് കാരിയും 20 റണ്‍സ് വീതവുമെടുത്ത് പുറത്തായി. വാലറ്റത്ത് ആര്‍ക്കും പിടിച്ചുനില്‍ക്കാനായില്ല.

പത്തോവറില്‍ 2 മെയ്ഡനടക്കം 30 റണ്‍സ് മാത്രം വിട്ടുകൊടുത്താണ് ആമിര്‍ അഞ്ച് വിക്കറ്റ് വീഴ്ത്തിയത്.

WATCH THIS VIDEO: