പാകിസ്ഥാന്‍ അവസാന ചാമ്പ്യന്മാരോ? ട്വന്റി-20 യ്ക്ക് വേണ്ടി ചാമ്പ്യന്‍സ് ട്രോഫിയെ കൈയ്യൊഴിയുന്നു; വരാനിരിക്കുന്നത് 20 ടീമുകള്‍ മാറ്റുരക്കുന്ന കുട്ടിക്രിക്കറ്റിന്റെ പൊടിപൂരം
World
പാകിസ്ഥാന്‍ അവസാന ചാമ്പ്യന്മാരോ? ട്വന്റി-20 യ്ക്ക് വേണ്ടി ചാമ്പ്യന്‍സ് ട്രോഫിയെ കൈയ്യൊഴിയുന്നു; വരാനിരിക്കുന്നത് 20 ടീമുകള്‍ മാറ്റുരക്കുന്ന കുട്ടിക്രിക്കറ്റിന്റെ പൊടിപൂരം
ഡൂള്‍ന്യൂസ് ഡെസ്‌ക്
Tuesday, 20th June 2017, 1:41 pm

ലണ്ടന്‍: കഴിഞ്ഞ ദിവസം ഇന്ത്യയെ പരാജയപ്പെടുത്തി കിരീടം ഉയര്‍ത്തിയ പാകിസ്ഥാനായിരിക്കും ഒരുപക്ഷെ അവസാന ചാമ്പ്യന്‍സ് ട്രോഫി ജേതാക്കള്‍. ഐ.സി.സിയുടെ ചീഫ് എക്‌സ്‌ക്യൂട്ടീവായ ഡേവിഡ് റിച്ചാര്‍ഡ്‌സണാണ് ട്വന്റി-20 ലോകകപ്പിനു വേണ്ടി ചാമ്പ്യന്‍സ് ട്രോഫി മത്സരങ്ങള്‍ ഉപേക്ഷിക്കുന്നതിനെ കുറിച്ച് ആലോച്ചിക്കുന്നതായി അറിയിച്ചത്.

ഓവലില്‍ നടന്ന കലാശപോരാട്ടത്തില്‍ ചിരവൈരികളായ ഇന്ത്യയെ 180 റണ്‍സിനാണ് പാകിസ്ഥാന്‍ പരാജയപ്പെടുത്തിയത്. സ്വപ്‌ന ഫൈനല്‍ ടീവിയില്‍ കണ്ടത് കോടിക്കണക്കിന് പേരാണ്. എന്നാല്‍ ഇതൊന്നും ഐ.സി.സിയെ തൃപ്തിപ്പെടുത്തിയിട്ടില്ലെന്നാണ് കേള്‍ക്കുന്നത്.


Also Read: ‘ചതിച്ചത് കൂട്ടത്തില്‍ ഒരാള്‍ തന്നെയാണ്’; വിവാദത്തിന് തിരികൊളുത്തി തോല്‍വിയ്ക്ക് കാരണം സഹതാരമെന്ന് വെളിപ്പെടുത്തി ഹാര്‍ദ്ദിക് പാണ്ഡ്യയുടെ വിവാദ ട്വീറ്റ്


ലോകകപ്പിന്റെ ഘടനയും ചാമ്പ്യന്‍സ് ട്രോഫിയുടെ ഘടനയും ഒരുപോലെയാണെന്നതാണ് മത്സരം ഉപേക്ഷിക്കാനുള്ള ഒരു കാരണം. 2019 ല്‍ ഇംഗ്ലണ്ടില്‍ തന്നെ നടക്കുന്ന ലോകകപ്പില്‍ പത്ത് ടീമുകളുണ്ടാകുമെന്ന് മാത്രം.

അടുത്ത ചാമ്പ്യന്‍സ് ട്രോഫി നടക്കുന്നത് 2021 ല്‍ ഇന്ത്യയിലാണ്. എന്നാല്‍ അത്തരത്തിലൊരു ടൂര്‍ണമെന്റിന്റെ ആവശ്യകതയില്ലെന്നാണ് റിച്ചാര്‍ഡ്‌സണ്‍ പറയുന്നത്. 20 ടീമുകളെ ഒരുമിപ്പിച്ചാണ് ട്വന്റി-20 ലോകകപ്പ് നടത്താന്‍ ഉദ്ദേശിക്കുന്നത്. അങ്ങനെ വരുമ്പോള്‍ രണ്ട് ടൂര്‍ണമെന്റുകളും കെട്ടിലും മട്ടിലും വ്യത്യസ്തമാകും. ഈ സാഹചര്യത്തില്‍ ഏകദിനത്തിന് ഒരു ടൂര്‍ണമെന്റ് മാത്രം പോരെ എന്നാണ് ഐ.സി.സി ഇപ്പോള്‍ ആലോചിക്കുന്നത്.


” ഞങ്ങളുടെ ഓരോ ടൂര്‍ണമെന്റും വ്യത്യസ്തമായിരിക്കണം. അങ്ങനെയെങ്കില്‍ മാത്രമേ ഓരോ മത്സരത്തിനും ആളുകളെ ഇന്ററസ്റ്റഡ് ആക്കാന്‍ പറ്റൂ, അല്ലെങ്കില്‍ ആവര്‍ത്തനം മാത്രമാകും.” റിച്ചാര്‍ഡ്‌സണ്‍ പറയുന്നു.

” ഇപ്പോഴത്തേക്ക് അടുത്ത ചാമ്പ്യന്‍സ് ട്രോഫി 2021 ആണ് നടത്താന്‍ പദ്ധതി. എന്നാല്‍ നാലു വര്‍ഷത്തിനിടെ രണ്ട് ട്വന്റി-20 ലോകകപ്പുകള്‍ നടത്താന്‍ തീരുമാനിച്ചാല്‍ സ്വാഭാവികമായും ചാമ്പ്യന്‍സ് ട്രോഫി ഉപേക്ഷിക്കപ്പെടും”. അദ്ദേഹം വ്യക്തമാക്കി.


Don”t Miss: ‘ ഇപ്പോ മനസിലായില്ലേ നിന്റെ അച്ഛനാരാണെന്ന്?’; ഇന്ത്യന്‍ താരങ്ങള്‍ക്കെതിരെ തെറിയഭിഷേകവുമായി പാക് ആരാധകന്‍; തല്ലാനോങ്ങിയ ഷമിയെ ചേര്‍ത്തു പിടിച്ച് രംഗം ശാന്തമാക്കി ധോണി, വീഡിയോ കാണാം


മാത്രവുമല്ല, കുട്ടികിക്ക്രറ്റിന് കൂടുതല്‍ ആളുകളെ ആകര്‍ഷിക്കാനും കൂടുതല്‍ റവന്യൂ നേടി കൊടുക്കാനും സാധിക്കും. കൂടാതെ കൂടുതല്‍ ടീമുകള്‍ക്ക് അവസരം നല്‍കാനും ഇതിലൂടെ സാധിക്കുമെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു. അതിനായി 16-20 ടീമുകളെ പങ്കെടുപ്പിക്കാനാണ് ഉദ്ദേശമെന്നും അദ്ദേഹം വ്യക്തമാക്കി.

അതേസമയം, അയര്‍ലന്റിനും അഫ്ഗാനിസ്ഥാനും ടെസ്റ്റ് പദവി നല്‍കുന്നതിനെ കുറിച്ച് ഈ ആഴ്ച്ച നടക്കുന്ന മീറ്റിംഗില്‍ തീരുമാനിക്കുമെന്നും ഇരുടീമുകള്‍ക്കും പദവിയ്ക്കുള്ള അര്‍ഹതയുണ്ടെന്നും അദ്ദേഹം വ്യക്തമാക്കി.