എഡിറ്റര്‍
എഡിറ്റര്‍
കത്ത് ചോര്‍ന്നത് ഐ.ബി അന്വേഷിക്കും: വിവാദം പ്രതിഛായ തകര്‍ക്കാനുള്ള നീക്കമെന്ന് വി.കെ സിംഗ്
എഡിറ്റര്‍
Thursday 29th March 2012 2:25pm

ന്യൂദല്‍ഹി: കരസേനമേധാവി ജനറല്‍ വി.കെ.സിംഗ് പ്രധാനമന്ത്രിക്ക് അയച്ച കത്ത് ചോര്‍ന്ന സംഭവം ഇന്റലിജന്‍സ് ബ്യൂറോ അന്വേഷിക്കും. അതേസമയം, കത്തു ചോര്‍ത്തേണ്ട ആവശ്യം തനിക്കില്ലെന്ന് വി.കെ സിംഗ് പ്രസ്താവനയില്‍ അറിയിച്ചു.

തന്റെ പ്രതിഛായ തകര്‍ക്കാനുള്ള നീക്കങ്ങള്‍ അവസാനിപ്പിക്കണം. ഇതിന് ഉത്തരവാദികളായവരെ കണ്ടെത്തി മാതൃകാപരമായി ശിക്ഷിക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.

പ്രധാനമന്ത്രി ഉള്‍പ്പെടെയുള്ളവരുമായി താന്‍ നടത്തുന്ന ആശയവിനിമയം രഹസ്യസ്വഭാവമുള്ളതാണ്. ഈ കത്ത് ചോര്‍ത്തിയത് രാജ്യദ്രോഹക്കുറ്റമായി കണ്ട് നടപടിയെടുക്കണം. മര്യാദകളുടെ ലംഘനമാണ് ഉണ്ടായത്. തന്റെ പദവിയെ കരിതേച്ചുകാണിക്കാനുള്ള ശ്രമമാണ് നടന്നതെന്നും കരസേനമേധാവി പറഞ്ഞു.

കരസേനാമേധാവി പ്രധാനമന്ത്രിക്ക് അയച്ച ചോര്‍ത്തിയത് ആരായാലും രാജ്യവിരുദ്ധ നടപടിയാണെന്ന് പ്രതിരോധമന്ത്രി എ.കെ ആന്റണി പറഞ്ഞു. കത്ത് ചോര്‍ന്നതിനെക്കുറിച്ച് അന്വേഷണം നടത്തും. ആയുധ കരാറുമായി ബന്ധപ്പെട്ട് ആറ് ആയുധ കമ്പനികളെ കരിമ്പട്ടികയില്‍പ്പെടുത്തിയിട്ടുണ്ട്. പത്ത് വര്‍ഷത്തേക്കാണ് ഈ കമ്പനികളെ ഒഴിവാക്കിയതെന്നും ആന്റണി ദില്ലിയില്‍ പറഞ്ഞു.

രാജ്യരക്ഷ അപകടത്തിലാണെന്നു കാണിച്ചു പ്രധാനമന്ത്രി ഡോ. മന്‍മോഹന്‍ സിങ്ങിനു നേരിട്ടു കത്തെഴുതുകയും അതു മാധ്യമങ്ങളിലൂടെ ചോരുകയും ചെയ്ത സാഹചര്യത്തില്‍ വി.കെ. സിങ്ങിനെ പുറത്താക്കണമെന്ന് പ്രതിപക്ഷം ആവശ്യപ്പെട്ടിരുന്നു. ഈ സാഹചര്യത്തിലാണ് അദ്ദേഹത്തിന്റെ വിശദീകരണം.

അതിനിടെ, അഴിമതി ആരോപണത്തില്‍ ലഫ്റ്റനന്റ് ജനറല്‍ ബല്‍ബീര്‍ സിംഗ് സുഹാറിനെതിരെ കരസേനാ മേധാവി സി.ബി.ഐ അന്വേഷണത്തിന് ശുപാര്‍ശ ചെയ്തു. ത്രി കോര്‍പ്‌സ് കമാന്‍ഡറായ ഇദ്ദേഹത്തിനെതിരെ തൃണമൂല്‍ എം.പി അംബികാ ബാനര്‍ജി നല്‍കിയ പരാതിയിലാണ് സി.ബി.ഐ അന്വേഷണത്തിനുത്തരവിട്ടത്. സ്‌പെഷല്‍ ഫ്രണ്ടിയര്‍ ഫോഴ്‌സിന്റെ ഇന്‍സ്‌പെക്ടര്‍ ജനറലായിരിക്കെ അഴിമതി നടത്തിയെന്നാണ് ബല്‍ബീര്‍ സിംഗിനെതിരായ ആരോപണം.

Advertisement