ബോളിവുഡ് സിനിമാസ്റ്റൈലില്‍ കുട്ടിയെ തട്ടിക്കൊണ്ടുപോകല്‍; ഐ.എ.എസ് ഉദ്യോഗാര്‍ഥി പിടിയില്‍
Crime
ബോളിവുഡ് സിനിമാസ്റ്റൈലില്‍ കുട്ടിയെ തട്ടിക്കൊണ്ടുപോകല്‍; ഐ.എ.എസ് ഉദ്യോഗാര്‍ഥി പിടിയില്‍
ന്യൂസ് ഡെസ്‌ക്
Thursday, 15th March 2018, 11:17 am

ന്യൂദല്‍ഹി: ബോളിവുഡ് സിനിമയില്‍ നിന്ന് ആവേശം ഉള്‍ക്കൊണ്ട് അഞ്ചുവയസ്സുകാരനെ തട്ടിക്കൊണ്ടുപോയ ഐ.എ.എസ് ഉദ്യോഗാര്‍ഥി പൊലീസ് പിടിയില്‍. കുട്ടിയെ തട്ടിക്കൊണ്ടുപോയ ശേഷം ഇയാള്‍ പണം ആവശ്യപ്പെട്ടതായി കുട്ടിയുടെ വീട്ടുകാര്‍ പറഞ്ഞു.

ബോളിവുഡ് ചിത്രങ്ങളില്‍ നിന്ന് ആവേശം ഉള്‍ക്കൊണ്ടാണ് താന്‍ കുട്ടിയെ തട്ടിക്കൊണ്ടുപോകാന്‍ ശ്രമിച്ചതെന്ന് പിടിയിലായ പ്രതി ആസിഫ് സെയ്ഫി പൊലീസിനോട് പറഞ്ഞു.

എം.ടെക്ക് ബിരുദദാരിയാണ് പിടിയിലായ ആസിഫ്. പഠനാവശ്യത്തിനായി എടുത്ത ലോണ്‍ തിരിച്ചടയ്ക്കാന്‍ കഴിയാത്തതുകൊണ്ടാണ് ഈ വഴി സ്വീകരിച്ചതെന്നും പ്രതി പറഞ്ഞു. കഴിഞ്ഞ ദിവസം സര്‍ക്കാര്‍ ജോലി വാഗ്ദാനം ചെയ്ത് ഒരാള്‍ തന്റെ കൈയ്യില്‍ നിന്നും അഞ്ചുലക്ഷം രൂപ തട്ടിയെടുത്തിരുന്നു.

തുടര്‍ന്നുണ്ടായ കടം വീട്ടാനാണ് കുട്ടിയെ തട്ടിക്കൊണ്ടുപോയി പണം കണ്ടെത്താന്‍ ശ്രമിച്ചതെന്ന് ആസിഫ് പൊലീസിനോട് പറഞ്ഞു.

ദല്‍ഹിക്കടുത്തുള്ള ഭജ്‌നാപൂരില്‍ നിന്നുമാണ് ഇയാള്‍ കുട്ടിയെ തട്ടിക്കൊണ്ടുപോയത്. ഇവിടത്തെ സി.സി.ടി.വി ദൃശ്യങ്ങളില്‍ നിന്നാണ് പ്രതിയെപ്പറ്റിയുള്ള വിവരങ്ങള്‍ ലഭിച്ചത്. പ്രതിയില്‍ നിന്നും കുട്ടിയെ പൊലീസ് രക്ഷപ്പെടുത്തി മാതാപിതാക്കളെ എല്‍പ്പിച്ചു.