സ്പോര്‍ട്സ് ഡെസ്‌ക്
സ്പോര്‍ട്സ് ഡെസ്‌ക്
ISL
ചരിത്ര നേട്ടവുമായി മഞ്ഞപ്പടയുടെ ഹ്യൂമേട്ടന്‍; ടോപ്പ് പെര്‍ഫോമര്‍ ഓഫ് ദ വീക്ക് പുരസ്‌കാരം ഇയാന്‍ ഹ്യൂമിന്
സ്പോര്‍ട്സ് ഡെസ്‌ക്
Tuesday 16th January 2018 9:18pm

മുംബൈ: തുടര്‍ ജയങ്ങളുമായി സീസണില്‍ തിരിച്ചെത്തിയ കേരളാ ബ്ലാസ്റ്റേഴ്‌സിനു മറ്റൊരു സന്തോഷ വാര്‍ത്ത. ഈ ആഴ്ചത്തെ മികച്ച കളിക്കാരനെന്ന പുരസ്‌കാരമാണ് മഞ്ഞപ്പടയുടെ ഹ്യൂമേട്ടനെ തേടിയെത്തിയത്.

ഐ.എസ്.എല്‍ അധികൃതര്‍ ഒഫീഷ്യല്‍ പേജിലൂടെയാണ് വിജയിയെ പ്രഖ്യാപിച്ചിരിക്കുന്നത്. അധികൃതര്‍ നടത്തിയ വോട്ടെടുപ്പില്‍ ഹ്യൂം 90 ശതമാനത്തിലധികം വോട്ടുകള്‍ നേടിയാണ് പുരസ്‌കാരത്തിനര്‍ഹനായത്.

ബ്ലാസ്റ്റേഴ്‌സിന്റെ കഴിഞ്ഞ രണ്ടു എവേ മത്സരങ്ങളില്‍ നേടിയ ഗോളുകളാണ് താരത്തെ പുരസ്‌കാരത്തിനര്‍ഹനാക്കിയത്. ദല്‍ഹിയ്ക്കെതിരെ എവേ മത്സരത്തില്‍ ഹാട്രിക് നേടിയ ഹ്യും മുംബൈയ്‌ക്കെതിരായ മത്സരത്തിലും ബ്ലാസ്റ്റേഴ്‌സിനായി വല ചലിപ്പിച്ചിരുന്നു.

നേരത്തെ ഗോള്‍ ഓഫ് ദ വീക്ക് പരസ്‌കാരത്തിനു ബ്ലാസ്റ്റേഴ്‌സിന്റെ മാര്‍ക്ക് സിഫ്നിയോസും സി.കെ വിനീതും അര്‍ഹരായിരുന്നു. ഐ.എസ്.എല്ലില്‍ ഏറ്റവും അധികം മത്സരം കളിച്ച താരം, ഐ.എസ്.എല്ലില്‍ മൂന്ന് ഹാട്രിക്ക് സ്വന്തമാക്കിയിട്ടുളള താരം തുടങ്ങിയ നേട്ടങ്ങള്‍ സ്വന്തമാക്കിയിട്ടുള്ള ഹ്യൂമിനെ തേടിയെത്തിയ മറ്റൊരു പുരസ്‌കാരമാണ് ടോപ്പ് പെര്‍ഫോമര്‍ ഓഫ് ദ വീക്ക് .

നേരത്തെ മനോരമ ചാനലിന് നല്‍കിയ അഭിമുഖത്തില്‍ ഹ്യൂമേട്ടന്‍ പറഞ്ഞ മലയാളം ഡയലോഗ് സോഷ്യല്‍ മീഡിയയില്‍ ഹിറ്റായിരുന്നു. ഷാജി പാപ്പന്റെ ചിത്രത്തിലെ ഹിറ്റ് ഡയലോഗായ ‘ ചോര കണ്ട് അറപ്പ് മാറിയവനാണ് ഈ ഷാജി പാപ്പന്‍’ ചെറുതായൊന്ന് മാറ്റി ചോര കണ്ട് അറപ്പ് മാറിയവനാണ് ഈ ഹ്യൂമേട്ടന്‍ എന്നായിരുന്നു ഹ്യൂം പറഞ്ഞത്.

Advertisement