എഡിറ്റര്‍
എഡിറ്റര്‍
സി.പി.ഐക്ക് നേരെയുള്ള പരാമര്‍ശം; മന്ത്രി മണി മാപ്പു പറയണമെന്ന് സി.പി.ഐ; താന്‍ ഒരു കോപ്പും പറയില്ലെന്ന് എം.എം മണി
എഡിറ്റര്‍
Tuesday 28th November 2017 9:12am

 

തൊടുപുഴ: ജോയ്സ് ജോര്‍ജ് എം.പിയുടെ പട്ടയം റദ്ദാക്കാന്‍ സി.പി.ഐ നേതാക്കള്‍ പണം കൈപ്പറ്റിയോ എന്ന് വ്യകതമാണമെന്ന മന്ത്രി മണിയുടെ പ്രസ്താവനക്കെതിരെ സി.പി.ഐ രംഗത്ത്. മണിയുടെ പ്രസ്താവന പിന്‍വലിച്ച് മാപ്പ് പറയണമെന്ന് സി.പി.ഐ ആവശ്യപ്പെട്ടു.
ഇടുക്കി ജില്ലാ സെക്രട്ടറി ശിവരാമനാണ് സി.പി.ഐ യുടെ പ്രതികരണം അറിയിച്ചത്. മണി ആരോപണം തെളിയിക്കുകയോ പിന്‍വലിച്ച് പരസ്യമായി മാപ്പ് പറയുകയോ ചെയ്തില്ലെങ്കില്‍ ഇടുക്കി ജില്ലയില്‍ സി.പി.ഐ.എമ്മുമായി യോജിച്ചു പോകാന്‍ കഴിയില്ലെന്ന് ശിവരാമന്‍ പറഞ്ഞു.

സി.പി.ഐ.എം ആരില്‍ നിന്നൊക്കെ പണം വാങ്ങിയെന്ന അറിയാമെന്നും പേരുപറയാന്‍ നിര്‍ബന്ധിക്കരുതെന്നും ശിവരാമന്‍ പറഞ്ഞു. മണി പേടിപ്പിച്ചാലൊന്നും സി.പി.ഐ പേടിക്കില്ല. അതിന് കൂലിക്ക് വേറെ ആളെ വിളിക്കേണ്ടി വരുമെന്നും മണി ജന്മം കൊണ്ടും കര്‍മ്മം കൊണ്ടും കമ്മ്യൂണിസ്റ്റ് വിരുദ്ധനാണെന്നും അദ്ദേഹം ആരോപിച്ചു. മണി കയ്യേറ്റക്കാരുടെ മിശിഹയെന്ന് വിശേഷിപ്പിച്ച സി.പി.ഐ ജില്ലാ സെക്രട്ടറി വ്യാജ പട്ടയത്തിലേക്ക് അന്വേഷണം എത്താതിരിക്കാനുള്ള അങ്കപ്പുറപ്പാടാണ് ഇത്തരത്തില്‍ നെറികെട്ട ആരോപത്തിന് പിന്നിലെന്നും ശിവരാമന്‍ പ്രതികരിച്ചു.


Also Read സെക്സി ദുര്‍ഗ്ഗ അനിശ്ചിതത്വം തുടരുന്നു; പ്രദര്‍ശന സാധ്യത മങ്ങി


എന്നാല്‍ ശിവരാമന്‍ കാശുവാങ്ങിയെന്ന് താന്‍ പറഞ്ഞില്ലെന്നും അതുകൊണ്ട് തന്നെ മാപ്പല്ല ഒരു കോപ്പും പറയില്ലെന്നും മന്ത്രി എം.എം മണി പ്രതികരിച്ചു. എല്‍.ഡി.എഫില്‍ തുടരണോ വേണ്ടയോ എന്ന് സി.പി.ഐ ക്ക് തീരുമാനിക്കാമെന്നും എല്‍.ഡി.എഫില്‍ നിന്നു പോയാല്‍ അത് സി.പി.ഐ ക്ക് ക്ഷീണമാകുമെന്നും മണി പറഞ്ഞു. മാപ്പ് പറയുന്ന പ്രശ്നം ഉദിക്കുന്നില്ലെന്നും. കയ്യേറ്റക്കാരുടെ മിശിഹയെന്ന ആരോപണം ബഹുമതിയായി കാണുന്നെന്നും അദ്ദേഹം പറഞ്ഞു.

‘ജോയ്സ് ജോര്‍ജ് എം.പിയുടെ പട്ടയം റദ്ദാക്കിയതിനു പ്രതിഫലം കിട്ടിയിട്ടുണ്ടോയെന്ന് സി.പി.ഐ ജില്ലാ നേതൃത്വം വിശദീകരിക്കണം. കോണ്‍ഗ്രസിനെ സഹായിക്കാനാണ് എം.പിയുടെ പട്ടയം റദ്ദാക്കിയത്.ശിവരാമനല്ല ഏത് രാമന്‍ വന്നാലും നമ്മള്‍ ഇത് തന്നെ പറഞ്ഞ് കൊണ്ടിരികികും.’ എന്നായിരുന്നു മന്ത്രിയുടെ കഴിഞ്ഞ ദിവസത്തെ പ്രസ്താവന

Advertisement