എഡിറ്റര്‍
എഡിറ്റര്‍
പാര്‍ട്ടിയെ ശക്തിപ്പെടുത്തും: മന്ത്രി കെ.ബി. ഗണേഷ് കുമാര്‍
എഡിറ്റര്‍
Saturday 9th March 2013 2:45pm

തിരുവനന്തപുരം:ആര്‍ ബാലകൃഷ്ണപിള്ളയുടെ നേതൃത്വത്തില്‍ പാര്‍ട്ടി ഒറ്റക്കെട്ടായി മുന്നോട്ടു പോകുമെന്ന് മന്ത്രി കെ.ബി ഗണേഷ്‌കുമാര്‍.

Ads By Google

പാര്‍ട്ടിയെയും യു.ഡി.എഫിനെയും ശക്തിപ്പെടുത്തുമെന്നും അദ്ദേഹം പറഞ്ഞു. തന്റെ വിഷയത്തില്‍ പിളളയുടെ ഭാഗത്തു നിന്നുണ്ടായ നിലപാട് സ്വാഗതാര്‍ഹമാണെന്നും, താന്‍ പാര്‍ട്ടിയുടെ അധീനതയിലാണെന്നും മന്ത്രി മാധ്യമപ്രവര്‍ത്തകരോട് വ്യക്തമാക്കി.

ഗണേഷ് കുമാര്‍ പാര്‍ട്ടിക്ക് വിധേയനാകാന്‍ തയ്യാറായാല്‍ അദ്ദേഹത്തെ മന്ത്രിയായി നിലനിര്‍ത്തുമെന്നു ബാലകൃഷ്ണപ്പിള്ള പറഞ്ഞിരുന്നു.

ഒരു മന്ത്രിയെ പാര്‍ട്ടി നിയോഗിച്ചാല്‍ പാര്‍ട്ടി തന്നെ അവരെ പിന്‍വലിക്കുന്ന നിരവധി സാഹചര്യങ്ങള്‍ ഉണ്ടായിട്ടുണ്ടെന്നും പാര്‍ട്ടിയുടെ തീരുമാനത്തെ അംഗീകരിക്കാതെയും പാര്‍ട്ടിയെ അവഗണിച്ചും മുന്നോട്ട് പോയാല്‍ അവരെ പിന്‍വലിക്കുക തന്നെ ചെയ്യുമെന്നും അദ്ദേഹം മാധ്യമപ്രവര്‍ത്തകരോട് പറഞ്ഞിരുന്നു.

പകരം മന്ത്രിയെ തരാതെ നിലവിലുള്ള മന്ത്രിയെ പിന്‍വലിക്കാന്‍ കഴിയില്ലെന്നും ആര്‍ക്കും പറയാന്‍ കഴിയില്ലായെന്നും, അങ്ങനെയാണെങ്കില്‍ അധികാരത്തില്‍ കയറിയ മന്ത്രിക്ക് എന്തും ചെയ്യാം എന്ന സ്ഥിതി വിശേഷം വരില്ലേയെന്നും അദ്ദേഹം ചോദിച്ചിരുന്നു.

പാര്‍ട്ടി ആവശ്യപ്പെട്ടാല്‍ മന്ത്രിയെ പിന്‍വലിച്ച നിരവധി സംഭവങ്ങള്‍ ഇന്ത്യയിലും കേരളത്തിലും നടന്നിട്ടുണ്ടെന്നും മന്ത്രിയാകുന്നതോടെ പാര്‍ട്ടിയുമായുള്ള പൊക്കിള്‍കൊടി ബന്ധം ഇല്ലാതാകുമെന്ന ഒരു പുതിയ സിദ്ധാന്തമാണ് ഐക്യ ജനാധിപത്യമുന്നണി കാണിച്ചതെന്നും പിള്ള അഭിപ്രായപ്പെട്ടിരുന്നു.

പാര്‍ട്ടിക്ക് ഒരൊറ്റ തീരുമാനമേ ഉള്ളൂവെന്നും. മറ്റു മന്ത്രിമാര്‍ പാര്‍ട്ടിക്ക് വിധേയനായി പ്രവര്‍ത്തിക്കുന്നത് പോലെ ഞങ്ങളുടെ മന്ത്രിയും പാര്‍ട്ടിക്ക് വിധേയനായി പ്രവര്‍ത്തിക്കണമെന്നും പാര്‍ട്ടിക്ക് വിധേയനായാല്‍ അദ്ദേഹത്തെ തുടരാന്‍ അനുവദിക്കുകയും യു.ഡി.എഫിന് നല്‍കിയ കത്ത് പിന്‍വലിക്കുമെന്നും അദ്ദേഹം പറഞ്ഞിരുന്നു.

യു.ഡി.എഫിന്റെ കെട്ടുറപ്പിനേയും നിലനില്‍പിനെ കരുതിയാണ് ഇത്തരമൊരു തീരുമാനമെടുക്കുന്നതെന്നും നിലവിലെ സംഭവവികാസങ്ങളുടെ അടിസ്ഥാനത്തില്‍ മന്ത്രി പാര്‍ട്ടിക്ക് വിധേയനാകുമെന്ന് കരുതുന്നതായും ബാലകൃഷ്ണപ്പിള്ള വിശദീകരിച്ചിരുന്നു.

പാര്‍ട്ടിക്കു വിധേയനാകാനുള്ള മന്ത്രിയുടെ തീരുമാനത്തോടെ കേരളാ കോണ്‍ഗ്രസ് ബി യിലെ പൊട്ടിത്തെറികള്‍ക്കു വിരാമമാകുമെന്നാണ് കരുതുന്നത്.

Advertisement