ഗുജറാത്ത് നിയമസഭയില്‍ സംസാരിക്കാന്‍ അനുവദിക്കുന്നില്ല; തന്നെ നിശബ്ദനാക്കാന്‍ ബി.ജെ.പി ശ്രമം: ജിഗ്നേഷ് മെവാനി
India
ഗുജറാത്ത് നിയമസഭയില്‍ സംസാരിക്കാന്‍ അനുവദിക്കുന്നില്ല; തന്നെ നിശബ്ദനാക്കാന്‍ ബി.ജെ.പി ശ്രമം: ജിഗ്നേഷ് മെവാനി
ന്യൂസ് ഡെസ്‌ക്
Friday, 12th July 2019, 1:05 pm

ഗാന്ധിനഗര്‍: ഗുജറാത്ത് നിയമസഭയില്‍ തനിക്ക് സംസാരിക്കാനുള്ള അവകാശം സ്പീക്കര്‍ നിഷേധിക്കുന്നതായി ദളിത് നേതാവും എം.എല്‍.എയുമായ ജിഗ്നേഷ് മെവാനി.

ഭരണകക്ഷിയായ ബി.ജെ.പിയും അവര്‍ നിയമിച്ച സ്പീക്കറും തന്നെ സംസാരിക്കാന്‍ അനുവദിക്കുന്നില്ലെന്നും തെരഞ്ഞെടുക്കപ്പെട്ട പ്രതിനിധിയെന്ന നിലയില്‍ മണ്ഡലത്തിലെ ജനങ്ങള്‍ക്കു വേണ്ടി സംസാരിക്കുക എന്നത് തന്റെ ചുമതലയാണെന്നും മെവാനി പറഞ്ഞു.

സഭയില്‍ പ്രസംഗിക്കുക അംഗമെന്ന നിലയില്‍ തന്റെ അവകാശമാണെന്നും എന്നാല്‍ സ്പീക്കര്‍ രാജേന്ദ്ര ത്രിവേദി അത് നിഷേധിക്കുകയാണെന്നുമായിരുന്നു ജിഗ്നേഷ് പറഞ്ഞത്.

‘ഗോഹത്യയുടെ പേരില്‍ ഉനയില്‍ ദളിത് ചെറുപ്പക്കാര്‍ ക്രൂരമായി ആക്രമിക്കപ്പെട്ടിട്ട് മൂന്നു വര്‍ഷം കഴിഞ്ഞിരിക്കുന്നു. അതിന്റെ നിലവിലെ അവസ്ഥയെ കുറിച്ച് എനിക്ക് സഭയില്‍ സംസാരിക്കണം. അതിനൊപ്പം സംസ്ഥാനത്ത് നടക്കുന്ന ജാതിവിവേചനത്തെ കുറിച്ചും കുറ്റകൃത്യങ്ങളെ കുറിച്ചും മറ്റ് അനേകം സംഭവങ്ങളെ കുറിച്ചും സഭയില്‍ സംസാരിക്കാനുള്ള ബാധ്യത എനിക്കുണ്ട്. പക്ഷേ, സ്പീക്കര്‍ അതൊന്നും അനുവദിക്കുന്നില്ല.’- മെവാനി പറഞ്ഞു.

പ്രതിപക്ഷ നേതാവ് പരേഷ് ധനാനി കോണ്‍ഗ്രസിന് അനുവദിക്കപ്പെട്ട സമയം തനിക്കു നല്‍കിയെങ്കിലും സ്പീക്കര്‍ തടസ്സം നിന്നുവെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി. തന്നെ നിശ്ശബ്ദമാക്കാനുള്ള ബി.ജെ.പിയുടെ ശ്രമമാണ് ഇതിന് പിന്നിലെന്നും മെവാനി കുറ്റപ്പെടുത്തി.

ഉയര്‍ന്ന ജാതിയിലെ പെണ്‍കുട്ടിയെ വിവാഹം ചെയ്തതിന്റെ പേരില്‍ ദളിത് യുവാവ് കൊല്ലപ്പെട്ട സംഭവം സഭയില്‍ ഉന്നയിക്കാന്‍ അസംബ്ലി റൂള്‍ 116 പ്രകാരം മെവാനി നോട്ടീസ് നല്‍കിയെങ്കിലും സ്പീക്കര്‍ അനുവാദം നല്‍കിയിരുന്നില്ല. ഇത്തരമൊരു വിഷയം സഭയില്‍ ഉന്നയിക്കുന്നത് തടഞ്ഞ സ്പീക്കറുടെ നടപടി ദൗര്‍ഭാഗ്യകരമാണെന്ന് സ്പീക്കര്‍ പറഞ്ഞു.