സ്വന്തം മൂത്രം കുടിക്കുകയെന്നത് പരമ്പരാഗത ചികിത്സ: സ്വാമി അഗ്നിവേശ്
India
സ്വന്തം മൂത്രം കുടിക്കുകയെന്നത് പരമ്പരാഗത ചികിത്സ: സ്വാമി അഗ്നിവേശ്
ന്യൂസ് ഡെസ്‌ക്
Wednesday, 11th July 2012, 11:38 am

ന്യൂദല്‍ഹി: കിടക്കയില്‍ മൂത്രമൊഴിക്കുന്നത് നിര്‍ത്തിക്കാനുള്ള പരമ്പരാഗത ചികിത്സയാണ് സ്വന്തം മൂത്രം കുടിപ്പിക്കുകയെന്നതെന്ന് സാമൂഹ്യപ്രവര്‍ത്തകന്‍ സ്വാമി അഗ്നിവേശ്. കിടക്കയില്‍ മൂത്രമൊഴിച്ചതിന് അഞ്ച് വയസുകാരിയെ കൊണ്ട് ഹോസ്റ്റല്‍ വാര്‍ഡന്‍ സ്വന്തം മൂത്രം കുടിപ്പിച്ചത് വിവാദമായിരുന്നു. ഇത് സംബന്ധിച്ച കാര്യത്തില്‍ അഭിപ്രായം ചോദിച്ചപ്പോഴാണ്  സ്വാമി ഇങ്ങനെ പറഞ്ഞത്.

“കിടക്കയില്‍ മൂത്രമൊഴിക്കുന്ന ശീലം ഒഴിവാക്കാന്‍ വിശ്വ ഭാരതി പത്മ ഭവന്‍ സ്‌കൂള്‍ അധികൃതര്‍ അഞ്ച് വയസുകാരിയോട് മൂത്രം കുടിക്കാന്‍ പറഞ്ഞതിന്റെ പേരില്‍ എന്തിനാണ് ഇത്രം ഒച്ചപ്പാടുണ്ടാക്കുന്നതെന്ന് എനിക്ക് മനസ്സിലാവുന്നില്ല. ഹോസ്റ്റല്‍ വാര്‍ഡന്‍ നല്‍കിയ ഈ ചെറിയ ഉപദേശത്തിന്റെ പേരിലാണ് കുട്ടിയുടെ രക്ഷിതാക്കളും മാധ്യമങ്ങളും വന്‍പുകിലുണ്ടാക്കിയത്.” അഗ്നിവേശ് പറഞ്ഞു.

മുതിര്‍ന്നശേഷവും താന്‍ കിടക്കയില്‍ മൂത്രമൊഴിക്കാറുണ്ടായിരുന്നു. അടിയന്തരാവസ്ഥക്കാലത്ത് അമ്പാല ജയിലില്‍ കഴിഞ്ഞ സമയത്ത് ശിവംമ്പു അഥവാ സ്വമൂത്ര ചികിത്സയെന്ന പാരമ്പര്യ ചികിത്സയിലൂടെയാണ് ഇത് മാറ്റിയത്.  താനീ ചികിത്സകള്‍ മാസങ്ങളോളം തുടര്‍ന്നിരുന്നു. പ്രകൃതിചികിത്സയുമായി ബന്ധപ്പെട്ട പുസ്തകത്തില്‍ നിന്നാണ് തനിക്ക് ഈ വിവരം ലഭിച്ചതെന്നും അദ്ദേഹം പറഞ്ഞു.

അങ്ങേയറ്റം ഇഷ്ടക്കേടുണ്ടാക്കുന്ന നിരവധി പാരമ്പര്യ ചികിത്സകളുണ്ട്. പ്രകൃതി ചികിത്സകളെകുറിച്ചുള്ള പുസ്തകങ്ങള്‍ വായിച്ചാല്‍ ഇത് മനസിലാവുമെന്നും അഗ്നിവേശ് പറഞ്ഞു.

മുന്‍ പ്രധാനമന്ത്രിമാരായ മൊറാര്‍ജി ദേശായി, പ്രതിരോധമന്ത്രി ജോര്‍ജ് ഫെര്‍ണാണ്ടസ്, മുന്‍ ഹരിയാന മുഖ്യമന്ത്രി ദേവി ലാല്‍ എന്നിവരും ഈ ചികിത്സാരീതിയുടെ ഗുണഫലം അനുഭവിച്ചിട്ടുള്ളവരാണെന്നും അദ്ദേഹം വെളിപ്പെടുത്തി.