അഭിനയം നിര്‍ത്തിയത് ആ ഒരു കാരണം കൊണ്ട്; സിനിമ ഉപേക്ഷിച്ചതില്‍ നഷ്ടബോധമില്ല: ശാലിനി പറയുന്നു
Malayalam Cinema
അഭിനയം നിര്‍ത്തിയത് ആ ഒരു കാരണം കൊണ്ട്; സിനിമ ഉപേക്ഷിച്ചതില്‍ നഷ്ടബോധമില്ല: ശാലിനി പറയുന്നു
എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്
Monday, 22nd February 2021, 4:40 pm

സിനിമാഭിനയം അവസാനിപ്പിച്ചതില്‍ തനിക്ക് ഒരു തരത്തിലുമുള്ള നഷ്ടബോധവുമില്ലെന്ന് നടി ശാലിനി. അജിത്തുമായുള്ള വിവാഹം തീരുമാനിച്ചതോടെ സിനിമയേക്കാള്‍ കൂടുതല്‍ പരിഗണന ജീവിതത്തിന് നല്‍കണമെന്ന് താന്‍ തീരുമാനിക്കുകയായിരുന്നെന്നും അതുകൊണ്ടാണ് അഭിനയം നിര്‍ത്താമെന്ന് തീരുമാനിച്ചതെന്നും ശാലിനി കൗമുദിക്ക് നല്‍കിയ അഭിമുഖത്തില്‍ പറഞ്ഞു.

സിനിമ ഉപേക്ഷിച്ചതില്‍ എനിക്ക് നഷ്ടബോധമില്ല. കാരണം ഉത്തരവാദിത്വബോധമുള്ള ഒരു ഭാര്യയായി, രണ്ട് കുഞ്ഞുങ്ങളുടെ അമ്മയായി, ഒരു കുടുംബിനിയായിട്ടുള്ള ജീവിതം എനിക്ക് സിനിമയില്‍ നിന്ന് കിട്ടിയതിനേക്കാള്‍ സന്തോഷവും സംതൃപ്തിയും നല്‍കിയിട്ടുണ്ട്, ശാലിനി പറഞ്ഞു.

പരസ്പരം ബഹുമാനം കൊടുക്കുന്നവരാണ് ഞാനും അജിത്തും. എന്റെ ഇഷ്ടങ്ങള്‍ക്കോ ആഗ്രഹങ്ങള്‍ക്കോ അജിത്ത് ഒരിക്കലും എതിരുപറയാറില്ല. അതുപോലെ തന്നെയാണ് ഞാനും അദ്ദേഹത്തിന്റെ ഇഷ്ടങ്ങള്‍ക്ക് എതിരായി ഞാനും ഒന്നും പറയാനോ പ്രവര്‍ത്തിക്കാനോ ഇല്ല.

വീണ്ടും സിനിമയില്‍ സജീവമാകാന്‍ സാധ്യതയുണ്ടോ എന്ന ചോദ്യം ഞങ്ങളുടെ വിവാഹശേഷം ഉയരുന്ന ചോദ്യങ്ങളിലൊന്നാണ്. എന്നാല്‍ അത് സാധ്യമാണെന്ന് തനിക്ക് തോന്നുന്നില്ല, ശാലിനി പറഞ്ഞു.

പല നടിമാരും വിവാഹശേഷവും മക്കള്‍ ജനിച്ച ശേഷവും സിനിമയിലേക്ക് തിരിച്ചുവന്നിട്ടുണ്ട്. അതെല്ലാം വിജയകരമായിട്ടുമുണ്ട്. അവരോടെനിക്ക് ബഹുമാനമാണ്. പക്ഷേ എന്നെ കൊണ്ട് അത് സാധ്യമാകുമെന്ന പ്രതീക്ഷയില്ല. കാരണം വീണ്ടും സിനിമയിലേക്ക് വരികയാണെങ്കില്‍ അത് സന്തോഷകരമായും സംതൃപ്തിയോടെയും പോകുന്ന കുടുംബ ജീവിതത്തെ ബാധിക്കാന്‍ ഇടയുണ്ട്, ശാലിനി പറയുന്നു.

വിവാഹശേഷം ചെന്നൈയില്‍ സ്ഥിരതാമസമാണെങ്കിലും കേരളവുമായുള്ള ബന്ധം വിട്ടുപോയിട്ടില്ലെന്നും താരം പറയുന്നു. കേരളത്തോടുള്ള ബന്ധം വിട്ടുപോയോ എന്ന് പലരും ചോദിക്കാറുണ്ട്. എന്റെ ചേട്ടന്‍, അച്ഛന്‍, അമ്മ, അനിയത്തി എല്ലാവരും ചെന്നൈയില്‍ തന്നെയാണ്. കേരളത്തിലുള്ള ബന്ധുക്കളുടെ വിശേഷങ്ങളില്‍ പങ്കെടുക്കാന്‍ ഞങ്ങള്‍ വരാറുണ്ട്. ചെന്നൈയില്‍ സെറ്റില്‍ ആയി എങ്കിലും ഒരു മലയാളി എന്ന നിലയ്ക്ക് കേരളത്തിന്റെ തനത് ആഘോഷങ്ങളായ ഓണം, വിഷു, റംസാന്‍, ബക്രീദ്, ക്രിസ്തുമസ് തുടങ്ങി എല്ലാം ആഘോഷിക്കാറുണ്ട്. തമിഴ്‌നാടിന്റെ ആഘോഷങ്ങളായ ദീപാവലിയും പൊങ്കലും അതുപോലെ തന്നെ ആഘോഷിക്കും, ശാലിനി പറഞ്ഞു.

ഡൂള്‍ന്യൂസിനെ ടെലഗ്രാംവാട്‌സാപ്പ് എന്നിവയിലൂടേയും  ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക

ഡൂള്‍ന്യൂസിന്റെ സ്വതന്ത്ര മാധ്യമപ്രവര്‍ത്തനത്തെ സാമ്പത്തികമായി സഹായിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ

Content Highlight: I stopped acting for that one reason says Shalini Ajith