എഡിറ്റര്‍
എഡിറ്റര്‍
ചാരക്കേസ്: മുരളിയുടെ ആരോപണങ്ങളില്‍ കഴമ്പുണ്ടെന്ന് വി.എസ്
എഡിറ്റര്‍
Thursday 18th October 2012 1:40pm

തിരുവനന്തപുരം: ചാരക്കേസ് സംബന്ധിച്ച് മുരളി പറഞ്ഞതില്‍ കഴമ്പുണ്ടെന്ന് പ്രതിപക്ഷ നേതാവ് വി.എസ് അച്യുതാനന്ദന്‍. കരുണാകരനെ ചാരക്കേസില്‍ ഉള്‍പ്പെടുത്താന്‍ അന്നത്തെ പ്രധാനമന്ത്രിയായിരുന്ന നരസിംഹറാവു ഗൂഢാലോചന നടത്തിയെന്നും കോണ്‍ഗ്രസുകാര്‍ അതിന് ചരട് വലിച്ചെന്നുമുള്ള മുരളിയുടെ ആരോപണങ്ങള്‍ ശരിയാണെന്ന് വി.എസ് വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു.

Ads By Google

ഐ.എസ്.ആര്‍.ഒ ചാരക്കേസുമായി ബന്ധപ്പെട്ട് ശ്രീ.കെ മുരളീധരന്‍ എം.എല്‍.എയും കേന്ദ്രമന്ത്രി ശ്രീ വയലാര്‍ രവിയും മുന്‍ കേന്ദ്രമന്ത്രിയും മുന്‍ ഗവര്‍ണറുമായ ഡോ.എം.എം ജേക്കബ്ബും ഉന്നയിച്ച ആരോപണങ്ങള്‍ ഗുരുതരമാണ്. തന്റെ പിതാവായ കെ.കരുണാകരനെ ചാരക്കേസില്‍ ബന്ധപ്പെടുത്താനും അതുവഴി മുഖ്യമന്ത്രി സ്ഥാനത്ത് നിന്ന് പുറത്താക്കാനും അന്നത്തെ പ്രധാനമന്ത്രി അന്നത്തെ പ്രധാനമന്ത്രിയും കോണ്‍ഗ്രസ് പ്രസിഡന്റുമായ പി.വി നരസിംഹ റാവു ഗൂഢാലോചന നടത്തി.

അതിന് കേരളത്തിലെ അന്നത്തെ യു.ഡി.എഫ് ഗവര്‍മെന്റിലെ പ്രമുഖര്‍ ചരട് വലിച്ചു എന്ന അത്യന്തം ഗുരുതരമായ ആരോപണമാണ് മുരളീധരന്‍ ഉന്നയിച്ചിരിക്കുന്നത്. മുരളീധരന്റെ ആരോപണത്തില്‍ കഴമ്പുണ്ടെന്നും അത് അന്വേഷണ വിധേയമാക്കണമെന്നും കേന്ദ്ര കാബിനറ്റ് മന്ത്രി വയലാര്‍ രവി പറഞ്ഞിരുന്നു. ഈ ആരോപണത്തിന് മറുപടി പറയാന്‍ കോണ്‍ഗ്രസ് ഹൈക്കമാന്റും മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിയും തയ്യാറാകണം.

മുരളീധരന്‍ ഉന്നയിച്ചത് പുതിയ ആരോപണമാണ്. ചാരക്കേസിലെ പ്രധാനപ്രതിയെന്ന് ആരോപിതനായ നമ്പി നാരായണന് നഷ്ടപരിഹാരം നല്‍കണമെന്ന് മനുഷ്യാവകാശ കമ്മീഷനും ഹൈക്കോടതിയും വിധിച്ച സാഹചര്യത്തിലാണ് പുതിയ തെളിവുകള്‍ പുറത്ത് വന്നുകൊണ്ടിരിക്കുന്നത്. പഴയ ധാരണകള്‍ പുതിയ തെളിവുകളുടെ അടിസ്ഥാനത്തില്‍ തിരുത്തപ്പെടേണ്ടതുണ്ടെങ്കില്‍ തിരുത്തപ്പെടണം. കേന്ദ്രമന്ത്രിയുള്‍പ്പെടെ ഉത്തരവാദിത്തപ്പെട്ട മൂന്ന് പ്രമുഖര്‍ പുതിയ വെളിപ്പെടുത്തലുകള്‍ നടത്തിയ സാഹചര്യത്തില്‍ അത് സംബന്ധിച്ച് ഉന്നതതല അന്വേഷണം ആവശ്യമാണ്.

ചാരക്കേസില്‍ പിന്നില്‍ നിന്ന് ചരട് വലിച്ചവരില്‍ ആ കേസിന്റെ പ്രധാന ഗുണഭോക്താവായ ആന്റണിയുമുണ്ടെന്നാണ് അദ്ദേഹത്തിന്റെ സഹപ്രവര്‍ത്തകനായ ശ്രീ എം.എം ജേക്കബ്ബ് വെളിപ്പെടുത്തിയിരിക്കുന്നത്. രാജ്യത്തിന്റെ പ്രതിരോധ വകുപ്പ് കൈകാര്യം ചെയ്യുന്ന മന്ത്രിക്കെതിരെയാണ് അതീവ ഗുരുതരമായ ഈ ആരോപണം ഉയര്‍ന്നിട്ടുള്ളത്. ചാരക്കേസുമായി ബന്ധപ്പെട്ട് തനിയ്ക്ക് പശ്ചാത്തപിക്കാനൊന്നുമില്ലെന്നും മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി പ്രതികരിച്ചതായി കണ്ടു.

അന്വേഷണം നടത്തിയാല്‍ കോണ്‍ഗ്രസ് പ്രതിസന്ധിയിലാകുമെന്ന് ചില കോണ്‍ഗ്രസ് നേതാക്കള്‍ തന്നെ പറയുന്നു. ഈ സാഹചര്യത്തില്‍ ചാരക്കേസില്‍ ചിലരെ കുടുക്കാനും ചിലരെ ഒഴിവാക്കാനും ഗൂഡാലോചന നടത്തിയതും ചരട് വലിച്ചതും ആരാണെന്ന് ഉമ്മന്‍ചാണ്ടി വ്യക്തമാക്കണം. താനല്ല മറ്റുചിലരാണ് പശ്ചാത്തപിക്കേണ്ടതെന്ന് പറയുമ്പോള്‍ മറ്റുചിലര്‍ ആരാണെന്ന് വ്യക്തമാക്കാനുള്ള ആര്‍ജ്ജവം കാട്ടണമെന്ന് ഞാന്‍ ആവശ്യപ്പെടുന്നെന്നും വി.എസ് പറഞ്ഞു.

Advertisement