ധനകാര്യമന്ത്രി ആക്കാത്തതില്‍ ആശങ്ക രേഖപ്പെടുത്തിയവര്‍ക്ക് നന്ദി, ഗീതയില്‍ വിശ്വസിക്കുന്ന എനിക്ക് ഇതൊരു പ്രശ്‌നമല്ല; സുബ്രമണ്യന്‍ സ്വാമി
India
ധനകാര്യമന്ത്രി ആക്കാത്തതില്‍ ആശങ്ക രേഖപ്പെടുത്തിയവര്‍ക്ക് നന്ദി, ഗീതയില്‍ വിശ്വസിക്കുന്ന എനിക്ക് ഇതൊരു പ്രശ്‌നമല്ല; സുബ്രമണ്യന്‍ സ്വാമി
ന്യൂസ് ഡെസ്‌ക്
Friday, 31st May 2019, 8:33 am

ന്യൂദല്‍ഹി: തന്നെ ധനകാര്യമന്ത്രിയാക്കാത്തതില്‍ ട്വിറ്ററിലൂടെ ആശങ്ക പ്രകടിപ്പിച്ചവര്‍ക്ക് നന്ദി രേഖപ്പെടുത്തി മുതിര്‍ന്ന ബി.ജെ.പി നേതാവ് സുബ്രമണ്യന്‍ സ്വാമി. ഇത്തരം നിരാശകള്‍ കൂടുതല്‍ നല്ല കാര്യങ്ങളിലാണ് കലാശിക്കുകയെന്നും അദ്ദേഹം ട്വിറ്ററില്‍ കുറിക്കുന്നു.

‘എന്നെ ധനകാര്യമന്ത്രി ആക്കാത്തതില്‍ നിരാശ പങ്കു വെച്ച എല്ലാവര്‍ക്കും നന്ദി. ഗീതയില്‍ വിശ്വസിക്കുന്ന ഒരാളെന്ന നിലയ്ക്ക് എന്നെ നിരസിച്ചതില്‍ എനിക്ക് യാതൊരു പ്രശ്‌നവുമില്ല. ഇത്തരം നിരാശകള്‍ പിന്നീട് നല്ലതില്‍ കലാശിക്കുമെന്നാണ് എന്റെ പൂര്‍വകാലം പഠിപ്പിക്കുന്നത്’- സ്വാമി ട്വീറ്റ് ചെയ്തു.

തന്നെ ധനകാര്യ മന്ത്രിയാക്കണമെന്ന് ആവശ്യപ്പെട്ടവര്‍ക്കും സ്വാമി നേരത്തെ നന്ദി അറിയിച്ചിരുന്നു. എന്നാല്‍ ഇത് സംബന്ധിച്ച് തീരുമാനം എടുക്കേണ്ടത് സര്‍ക്കാരിലെ അവസാന വാക്കായ മോദിയാണെന്നും, അദ്ദേഹത്തിന്റെ തീരുമാനത്തെ ബഹുമാനിക്കണമെന്നും നേരത്തെ ട്വീറ്റ് ചെയ്തിരുന്നു.

‘എന്നെ ധനകാര്യമന്ത്രിയാക്കാന്‍ ആവശ്യപ്പെട്ടവര്‍ക്ക് നന്ദി. എന്നാല്‍ ഞാന്‍ തുടക്കത്തില്‍ പറഞ്ഞതു പോലെ പാര്‍ട്ടിയിലെ അവസാന വാക്കായ മോദിയാണ് ഇത് തീരുമാനിക്കേണ്ടത്. അദ്ദേഹത്തിന്റെ തീരുമാനത്തെ ബഹുമാനിക്കണം’ എന്നായിരുന്നു സ്വാമിയുടെ ആദ്യ ട്വീറ്റ്.

1990ലെ ചന്ദ്ര ശേഖര്‍ മന്ത്രിസഭയില്‍ വാണിജ്യ വ്യവസായ മന്ത്രിയായിരുന്നു സുബ്രമണ്യന്‍ സ്വാമി. നീതിന്യായ മന്ത്രാലയത്തിന്റെ അധിക ചുമതലയും അദ്ദേഹത്തിന് അന്നുണ്ടായിരുന്നു.

ഒന്നാം മോദി സര്‍ക്കാറില്‍ അരുണ്‍ ജെയ്റ്റ്‌ലിയായിരുന്നു ധനകാര്യ വകുപ്പ് കൈകാര്യം ചെയ്തത്. എന്നാല്‍ തന്റെ ആരോഗ്യകാര്യത്തില്‍ കൂടുതല്‍ ശ്രദ്ധ ചെലുത്താനും ചികിത്സയ്ക്കും മറ്റുമായി കൂടുതല്‍ സമയം ചിലവഴിക്കേണ്ടതായുണ്ടെന്നും അതിനാല്‍ തന്നെ പുതിയ സര്‍ക്കാരിലെ ചുമതലകളില്‍ നിന്നും ഉത്തരവാദിത്തങ്ങളില്‍ നിന്നും മാറ്റി നിര്‍ത്തണമെന്ന് അദ്ദേഹം മോദിക്കയച്ച കത്തില്‍ പറഞ്ഞിരുന്നു.

പുതിയ സര്‍ക്കാരില്‍ അമിത് ഷാ ധനകാര്യവകുപ്പ് കൈകാര്യം ചെയ്യുമെന്നാണ് വിലയിരുത്തല്‍.

ഇന്നലെ രാഷ്ട്രപതി ഭവനില്‍ നടന്ന ചടങ്ങില്‍ രണ്ടാം നരേന്ദ്ര മോദി സര്‍ക്കാര്‍ സത്യപ്രതിജ്ഞ ചെയ്ത് അധികാരമേറ്റിരുന്നു. പ്രധാനമന്ത്രി നരേന്ദ്ര മോദിയോടൊപ്പം 58 കേന്ദ്രമന്ത്രിമാരും സത്യപ്രതിജ്ഞ ചെയ്ത് അധികാരത്തിലേറി.