'ഞാന്‍ പാക് ടീമിന്റെ ഡയറ്റീഷ്യനല്ല, അവരുടെ അമ്മയോ ടീച്ചറോ അല്ല' ; വീണാ മാലിക്കിനെതിരെ പൊട്ടിത്തെറിച്ച് സാനിയ മിര്‍സ
India
'ഞാന്‍ പാക് ടീമിന്റെ ഡയറ്റീഷ്യനല്ല, അവരുടെ അമ്മയോ ടീച്ചറോ അല്ല' ; വീണാ മാലിക്കിനെതിരെ പൊട്ടിത്തെറിച്ച് സാനിയ മിര്‍സ
ഡൂള്‍ന്യൂസ് ഡെസ്‌ക്
Tuesday, 18th June 2019, 12:20 pm

മാഞ്ചസ്റ്റര്‍: ലോകകപ്പില്‍ ഇന്ത്യക്കെതിരായ തോല്‍വിക്ക് പിന്നാലെ പാക്കിസ്ഥാന്‍ താരങ്ങള്‍ക്കെതിരെ രൂക്ഷവിമര്‍ശനമാണ് ഉയരുന്നത്. താരങ്ങളുടെ ഭക്ഷണ രീതിയും മറ്റും തോല്‍വിക്ക് കാരണമായെന്നായിരുന്നു പ്രധാന വിമര്‍ശനം.

ഇതിനിടെ ഇന്ത്യയ്‌ക്കെതിരായ മത്സരത്തിന് തലേന്ന് പാക് താരങ്ങള്‍ മാഞ്ചസ്റ്ററിലെ ഷിയ കഫേയില്‍ നിന്ന് ഭക്ഷണം കഴിക്കുന്ന വീഡിയോയും പുറത്തുവന്നിരുന്നു. പാക് താരം ഷോയിബ് മാലികും ഭാര്യയും ഇന്ത്യന്‍ ടെന്നിസ് താരവുമായ സാനിയാ മിര്‍സയും പാക് ടീം അംഗങ്ങളും ഭക്ഷണം കഴിക്കുന്നതിന്റേയും പുക വലിക്കുന്നതിന്റേയും ദൃശ്യങ്ങളായിരുന്നു പുറത്തുവന്നത്.

ഇതോടെ ഇന്ത്യക്കെതിരെ തോറ്റതിന് കാരണം പാക് ടീമിന്റെ ജങ്ക് ഫുഡ് പ്രേമമാണെന്ന വിമര്‍ശനവും ആരാധകര്‍ ഉയര്‍ത്തിയിരുന്നു. ഇതിനിടെ സാനിയാ മിര്‍സക്കെതിരെ പാക് താരം വീണാ മാലികും രംഗത്തെത്തി. അത്തരമൊരു ഇടത്ത് സ്വന്തം കുഞ്ഞിനെ കൊണ്ടുപോയ സാനിയയുടെ നടപടിയേയായിരുന്നു വീണാ മാലിക് വിമര്‍ശിച്ചത്.

”സാനിയ, നിങ്ങളുടെ കുട്ടിയെ ഓര്‍ത്ത് എനിക്ക് ആശങ്കയുണ്ട്. നിങ്ങള്‍ ഒരിക്കലും അവനെ ഹുക്ക വലിക്കുന്ന സ്ഥലത്ത് കൊണ്ടുപോകരുത്. അത് വാണിജ്യപരമായ എന്ത് ആവശ്യങ്ങള്‍ക്കായാലും. അത് ആരോഗ്യത്തിന് ഹാനികരമാണ്. അതുപോലെ കായികതാരങ്ങള്‍ക്ക് ജങ്ക് ഫുഡ് കൊടുക്കുന്നതും നല്ലതല്ല. കായികതാരമെന്ന നിലക്കും അമ്മയെന്ന നിലക്കും ഇക്കാര്യം നിങ്ങള്‍ക്ക് അറിയാമായിരിക്കുമല്ലോ”. എന്നായിരുന്നു വീണാ മാലിക്കിന്റെ ട്വീറ്റ്.

എന്നാല്‍ ഇതിന് മറുപടിയുമായി സാനിയ തന്നെ രംഗത്തെത്തി. താന്‍ മകനെ ഹുക്ക വലിക്കുന്ന സ്ഥലത്ത് കൊണ്ടുപോയിട്ടില്ലെന്നും മറ്റേതൊരു അമ്മയേക്കാളും താന്‍ മകനെ സ്‌നേഹിക്കുന്നുണ്ടെന്നും പറഞ്ഞ സാനിയ താന്‍ പാക് ക്രിക്കറ്റ് ടീമിന്റെ ഡയറ്റീഷ്യനല്ലെന്നും അവരുടെ അമ്മയോ ടീച്ചറോ ഒന്നുമല്ലെന്നുമായിരുന്നു മറുപടി നല്‍കിയത്. തന്റെ കാര്യത്തില്‍ വീണ എടുക്കുന്ന പരിഗണനക്ക് നന്ദി പറയുന്നുവെന്നും സാനിയ ട്വീറ്ററില്‍ കുറിച്ചു.

ഇന്ത്യക്കെതിരായ മത്സരത്തിന് തലേദിവസം ടീമംഗങ്ങള്‍ നടത്തിയ ഹോട്ടല്‍ യാത്രയുടെ ചിത്രങ്ങള്‍ കഴിഞ്ഞ ദിവസം പുറത്തുവന്നിരുന്നു. നിര്‍ണായക ലോകകപ്പ് മത്സരത്തിന് തലേന്ന് അര്‍ധ രാത്രിയിലും ഹുക്ക വലിക്കുന്ന കഫേയില്‍ പാക് ടീം നടത്തിയ യാത്രയുടെ ചിത്രങ്ങള്‍ ചൂണ്ടിക്കാട്ടി ആരാധകര്‍ വിമര്‍നശവുമായി രംഗത്തെത്തുകയായിരുന്നു.

ഇതിനും സാനിയ മറുപടി നല്‍കിയിരുന്നു. തങ്ങളുടെ സ്വകാര്യതയെ മാനിക്കാതെ എടുത്ത വീഡിയോയാണിതെന്നായിരുന്നു താരത്തിന്റെ വിമര്‍ശനം.

‘ഞങ്ങളുടെ സ്വകാര്യതയെ മാനിക്കാതെ, ഒരു കുട്ടി ഞങ്ങള്‍ക്കൊപ്പമുണ്ടെന്നത് പോലും കണക്കാക്കാതെ അനുവാദമില്ലാതെ നിങ്ങള്‍ എടുത്ത വീഡിയോയാണത്. നിങ്ങളുടെ അറിവിലേക്കായി, ആ ഔട്ടിങ് ഡിന്നര്‍ കഴിക്കാന്‍ വേണ്ടിയുള്ളതാണ്. കളി തോറ്റാലും ആളുകള്‍ക്ക് ആഹാരം കഴിക്കാന്‍ അനുവാദമുണ്ട്. വിഡ്ഢിക്കൂട്ടങ്ങള്‍. പോയി വേറെന്തെങ്കിലുമുണ്ടോയെന്ന് നോക്കൂ’ എന്നായിരുന്നു സാനിയയുടെ ട്വീറ്റ്.