ഇന്ത്യയുടെ ഏറ്റവും മികച്ച ഫുട്‌ബോള്‍ ലീഗ് ഐലീഗാണെന്ന് ജോബി ജസ്റ്റിന്‍
I League
ഇന്ത്യയുടെ ഏറ്റവും മികച്ച ഫുട്‌ബോള്‍ ലീഗ് ഐലീഗാണെന്ന് ജോബി ജസ്റ്റിന്‍
സ്പോര്‍ട്സ് ഡെസ്‌ക്
Monday, 19th August 2019, 7:21 pm

ഇക്കഴിഞ്ഞ സീസണ്‍ വെച്ച് നോക്കുമ്പോള്‍ ഇന്ത്യയിലെ ഏറ്റവും മികച്ച ഫുട്‌ബോള്‍ ലീഗ് ഐ ലീഗാണെന്ന് പറയുമെന്ന് എ.ടി.കെയുടെ മലയാളി താരം ജോബി ജസ്റ്റിന്‍. ഇന്ത്യന്‍ എക്‌സ്പ്രസിനോടാണ് താരത്തിന്റെ പ്രതികരണം. എന്നിരുന്നാലും ഒരു പ്രൊഫഷണല്‍ താരമെന്ന നിലക്ക് ഐ.എസ്.എല്ലിലേക്ക് മാറുന്നതാണ് യുക്തിപരമെന്ന് കരുതിയെന്നും ജോബി ജസ്റ്റിന്‍ പറഞ്ഞു.

ഐ ലീഗില്‍ കഴിഞ്ഞ സീസണില്‍ ഈസ്റ്റ് ബംഗാളിനായി 17 മത്സരങ്ങളില്‍ ഒന്‍പത് ഗോളുകളാണ് ജോബി നേടിയിരുന്നത്. ഇതിന് പിന്നാലെയാണ് അദ്ദേഹത്തെ എ.ടി.കെ ക്ലബ്ബിലെത്തിയത്.

കഴിഞ്ഞ സീസണില്‍ ഈസ്റ്റ്ബംഗാളിനായി കൂടുതല്‍ ഗോളുകള്‍ നേടാനായത് ടീം ഒറ്റക്കെട്ടായതും ഒരു മികച്ച കോച്ചിനെ ലഭിച്ചത് കൊണ്ടാണെന്നും ജോബി പറഞ്ഞു. തനിക്ക് അവസരം നല്‍കിയതിന് ഈസ്റ്റ്ബംഗാളിനോട് നന്ദിയുണ്ടെന്നും ജോബി പറഞ്ഞു.

ഇപ്പോള്‍ 2022 ഖത്തര്‍ ലോകകപ്പിനായുള്ള യോഗ്യതാ മത്സരങ്ങള്‍ക്കായി തയ്യാറെടുക്കുകയാണ് ജോബി. 34 അംഗ പ്രാഥമിക ടീമില്‍ ജോബിയെ കൂടാതെ അനസ് എടത്തൊടിക, ആഷിഖ് കുരുണിയന്‍, സഹല്‍ അബ്ദുല്‍ സമദ് എന്നീ മലയാളികളും ഉണ്ട്.