ഐ.എഫ്.എഫ്.കെ : ഫ്രഞ്ച് സിനിമയിലേക്ക് തിരനോട്ടമായി അലെന്‍ റെനെ ചിത്രങ്ങള്‍
Movie Day
ഐ.എഫ്.എഫ്.കെ : ഫ്രഞ്ച് സിനിമയിലേക്ക് തിരനോട്ടമായി അലെന്‍ റെനെ ചിത്രങ്ങള്‍
ന്യൂസ് ഡെസ്‌ക്
Wednesday, 28th November 2012, 12:48 pm

ഫ്രഞ്ച് നവതരംഗ സിനിമയുടെ വക്താവായ അലെന്‍ റെനെയുടെ പതിനൊന്ന് ചിത്രങ്ങള്‍ പതിനേഴാം രാജ്യാന്തര ചലച്ചിത്രമേളയിലെ റിട്രോസ്‌പെക്ടീവ് വിഭാഗത്തില്‍ പ്രദര്‍ശിപ്പിക്കും.

1946 ല്‍ തുടങ്ങിയ സിനിമാജീവിതത്തില്‍ സംവിധായകന്‍, എഡിറ്റര്‍, ഛായാഗ്രാഹകന്‍, തിരക്കഥാകൃത്ത്, അഭിനേതാവ് എന്നീ മേഖലകളില്‍ തന്റേതായ ശൈലി രൂപപ്പെടുത്തിയെടുക്കാന്‍ 90-കാരനായ  റെനെയ്ക്ക് കഴിഞ്ഞു. വാന്‍ഗോഗ്, പാബ്ലോ പിക്കാസോ, പോള്‍ ഗൗഗി എന്നിവരുടെ പ്രശസ്തമായ ചിത്രങ്ങളെ അധികരിച്ച് ഡോക്യുമെന്ററികള്‍ നിര്‍മിച്ചിട്ടുള്ള റെനെ നിരവധി പുരസ്‌കാരങ്ങള്‍ക്ക് അര്‍ഹനായി.[]

അലെന്‍ റെനേയുടെ സംവിധാനമികവ് പ്രതിഫലിപ്പിക്കുന്ന ഹിരോഷിമ മോണ്‍ അമര്‍ ഉള്‍പ്പെടെയുള്ള പതിനൊന്ന് ചിത്രങ്ങളാണ്  റിട്രോയിലൂടെ പ്രേക്ഷകര്‍ക്കായെത്തുന്നത്.

ദ ടൈം ഓഫ് റിട്ടേണ്‍, സെയിം ഓള്‍ഡ് സോങ്ങ്, ലാസ്റ്റ് ഇയര്‍ അറ്റ് മരീന്‍ബാദ്, സ്റ്റാവിസ്‌കി, പ്രൈവറ്റ് ഫിയേഴ്‌സ് ഇന്‍ പബ്ലിക്ക് സ്‌പെയ്‌സസ്സ്, ഗുര്‍ണിക്ക, നൈറ്റ് ആന്റ് ഫോഗ്, തൗട്ട് ല മെമ്മേയര്‍ ദ് മോണ്ടെ, ലെചാന്റ് ദു സ്റ്റൈറേന്‍, സ്റ്റാച്യൂസ് ഓള്‍സോ ഡൈ എന്നിവയാണ് മറ്റ് ചിത്രങ്ങള്‍. റെനെ റോബര്‍ട്ട് ഹെസ്സന്‍സ്സുമായി ചേര്‍ന്ന് സംവിധാനം ചെയ്തതാണ് ഗുര്‍ണിക്ക.

1959 ല്‍ കാന്‍സ് ഫിലിം ഫെസ്റ്റിവലില്‍ പ്രദര്‍ശിപ്പിച്ച ഹിരോഷിമ മോണ്‍ അമറിന് ബാഫ്റ്റ അവാര്‍ഡ്, യു എന്‍ അവാര്‍ഡ്, മികച്ച വിദേശനടിക്കുള്ള അവാര്‍ഡ് ,1960 ല്‍ ഫ്രഞ്ച് സിന്‍ഡിക്കേറ്റ് ഓഫ് സിനിമാ ക്രിട്ടിക്‌സില്‍ ക്രിട്ടിക്‌സ് അവാര്‍ഡ്, മികച്ച ചിത്രത്തിനുള്ള അവാര്‍ഡ് എന്നിവ ലഭിച്ചു.

സിനിമയുടെ നൂതന സങ്കേതങ്ങള്‍ അതിവിദഗ്ദമായി ഉപയോഗിച്ചിരിക്കുന്ന ഈ ചിത്രം, യുദ്ധവിരുദ്ധ ചലച്ചിത്രം നിര്‍മ്മിക്കാനായി പുറപ്പെട്ട യുവതിയുടെ പ്രണയത്തെയാണ് പ്രമേയമാക്കിയിരിക്കുന്നത്. ഫ്രഞ്ച് നവതരംഗ സിനിമയിലെ നാഴികകല്ലുകളിലൊന്നായ ഹിരോഷിമ മോണ്‍ അമര്‍ എന്ന റെനേയുടെ ആദ്യ മുഴുനീള ചലച്ചിത്രത്തിന് 90 മിനിറ്റ് ദൈര്‍ഘ്യമുണ്ട്.

ഭൂതകാലത്തെ യുക്തിഭദ്രതയോടെ കാണാന്‍ വൃഥാശ്രമിക്കുന്ന ബര്‍ണ്ണാഡിനേയും ഹെലനേയും ഇതിവൃത്തമാക്കിയ   ദ ടൈം ഓഫ് റിട്ടേണ്‍ 1963 ല്‍ പുറത്തിറങ്ങിയ ചിത്രമാണ്. ആ വര്‍ഷത്തെ വെനീസ് ഫിലിം ഫെസ്റ്റിവലില്‍ മികച്ച നടിക്കുള്ള വോള്‍പ്പി കപ്പിന് ഈ സിനിമയിലെ ഡെല്‍ഫിന്‍ സെറിഗ് അര്‍ഹമായി.

മികച്ച സിനിമ, നടി, ശബ്ദം, തിരക്കഥ എന്നിവയ്ക്ക് നിരവധി അവാര്‍ഡുകള്‍ നേടിയ ചിത്രമാണ് 1977 ലെ സെയിം ഓള്‍ഡ് സോംങ്. ദാമ്പത്യജീവിത്തില്‍ അസ്വസ്ഥനായ ഒഡൈയിലിനേയും ഗവേഷകയായ കാമിലിയേയും കേന്ദ്രകഥാപാത്രമാക്കിയിരിക്കുന്ന ചിത്രത്തില്‍ റെനേയുടെ പ്രിയപ്പെട്ട പ്രമേയങ്ങളായ കാലം, ദേശം, ഓര്‍മ്മ എന്നിവ ആവര്‍ത്തിക്കുന്നു. മുഖ്യധാരാ ഫ്രഞ്ച് സിനിമയിലേക്കുള്ള റെനേയുടെ തിരിച്ചുവരവായിരുന്നു ഈ ചിത്രം.

വെനീസ് ഫിലിം ഫെസ്റ്റിവലില്‍ പ്രദര്‍ശിപ്പിക്കുകയും ഗോള്‍ഡണ്‍ ലയണ്‍ അവാര്‍ഡ് നേടുകയും ചെയ്ത ചിത്രമാണ് ലാസ്റ്റ് ഇയര്‍ അറ്റ് മരീന്‍ബാദ് . കാലപ്പഴക്കം കൊണ്ടുള്ള ഓര്‍മ്മക്കുറവും വാക്കുപാലിക്കാത്ത സ്ത്രീകളുടെ മനോഭാവത്തേയും പുരുഷന്റെ നിര്‍ബന്ധബുദ്ധിയേയും ഇതില്‍ പരാമര്‍ശിക്കുന്നു. റഷ്യന്‍ തട്ടിപ്പുകാരനായ അലക്‌സാണ്‍ഡ്രയുടെ ബിസിനസ് തകര്‍ച്ചയില്‍ നിന്നും കരകയറാനുള്ള ശ്രമത്തെ പ്രതിപാദിക്കുന്ന ചിത്രമാണ് സ്റ്റാവിസ്‌കി.  1974 ല്‍ കാന്‍സ് ഫിലിം ഫെസ്റ്റിവലില്‍ പ്രദര്‍ശിപ്പിച്ച ചിത്രമാണിത്.

2006 ലെ വെനീസ് ഫിലിം ഫെസ്റ്റിവലില്‍ മികച്ച സംവിധായകന്‍, നടി എന്നീ അവാര്‍ഡുകളും 2007 ലെ ഫ്രഞ്ച് സിന്‍ഡിക്കേറ്റ് ഓഫ് സിനിമ ക്രിട്ടിക്‌സിന്റെ മികച്ച ചിത്രത്തിനുള്ള അവാര്‍ഡും നേടിയ ചിത്രമാണ് പ്രൈവറ്റ് ഫിയേഴ്‌സ് ഇന്‍ പബ്ലിക്ക് സ്‌പെയ്‌സസ് പല സാഹചര്യങ്ങളില്‍ ഒറ്റപ്പെട്ടുപോയ ഏഴുപേരുടെ വ്യക്തിജീവിതത്തെ ചിത്രം പ്രതിനിധാനം ചെയ്യുന്നു.

വിഖ്യാത സ്പാനിഷ് ചിത്രകാരനായ പാബ്ലോ പിക്കാസോയുടെ ബാസ്‌ക്ക് നഗരമായ ഗുര്‍ണികയ്ക്കു നേരെ ജര്‍മ്മന്‍ സൈന്യം നടത്തിയ വ്യോമാക്രമണത്തിന്റെ ഭീകരതയെക്കുറിച്ചുള്ള പ്രശസ്ത പെയിന്റിംഗായ ഗുര്‍ണിക്കയെ അടിസ്ഥാനമാക്കിയ ചിത്രമാണ് ഗുര്‍ണിക്ക. സ്പാനിഷ് ആഭ്യന്തരയുദ്ധത്തോടുള്ള റെനേയുടെ കാഴ്ചപ്പാടാണ് ഈ ചിത്രം.

പിക്കാസോ പെയിന്റിംഗിനേയും മറ്റു രചനകളേയും ആധാരമാക്കിയാണ് ചത്രീകരണം. നാസി കൂട്ടക്കൊലയുടെ ഭീകരത ദൃശ്യവത്കരിക്കുന്നതാണ്  നൈറ്റ് ആന്റ് ഫോഗ്. 1955 ല്‍ നിര്‍മ്മിച്ച ചിത്രം മനുഷ്യന് നേരെയുള്ള മനുഷ്യന്റെ അതിക്രമങ്ങളിലേക്ക് വിരല്‍ചൂണ്ടുന്നു. അലെന്‍ റെനെ എഡിറ്റിംഗ് കൂടി നിര്‍വഹിച്ച സ്റ്റാച്യൂസ് ഓള്‍സോ ഡൈ  ആഫ്രിക്കയിലെ  ഫ്രാന്‍സിന്റെ   അധിനിവേശത്തെ പ്രമേയമാക്കിയിരിക്കുന്നു.

സിബ്ലിയോതെക്ക് നാഷണല്‍ എന്ന സ്ഥലത്തെ പരാധീനതകളെ വരച്ചുകാട്ടുന്ന ചിത്രമാണ് തൗട്ട് ല മെമ്മേയര്‍ ദ് മോണ്ടെ. 1961 ല്‍ നിര്‍മ്മിച്ച ചിത്രം റെനേയും ക്ലൗദൈന്‍ മെര്‍ലിനുമായി ചേര്‍ന്നാണ് എഡിറ്റ് ചെയ്തിരിക്കുന്നത്. പ്ലാസ്റ്റിക് നിര്‍മ്മാണ പ്രക്രിയയെ പരീക്ഷണങ്ങളിലൂടെ സമീപകാഴ്ചയുമായി സമന്വയിപ്പിച്ചിരിക്കുന്ന ചിത്രമാണ് ലെചാന്റ് ദു സ്റ്റൈറേന്‍. സിനിമാ സങ്കേതങ്ങള്‍ ഉപയോഗിച്ച് വ്യാവസായിക സമൂഹമുണ്ടാക്കുന്ന മാറ്റങ്ങളെ പ്രതികാത്മകമായി പ്രതികരിക്കുകയാണ്  റെനെ ഈ ചിത്രത്തില്‍.

ലോകസിനിമയിലെ അതികായകനായ അലന്‍ റെനേയുടെ ചിത്രങ്ങള്‍ മേളയ്ക്ക് എത്തുമ്പോള്‍ ഫ്രഞ്ച് സിനിമയെ അടുത്തു നിന്ന് കുടുതല്‍ ആഴത്തില്‍ അറിയാനുള്ള അവസരമാണ് മലയാളികള്‍ക്ക് ലഭിക്കുന്നത്.