എ.ആര്‍.റഹ്മാനെ എനിക്കറിയില്ല, ഭാരതരത്‌ന ഒക്കെ എന്റെ അച്ഛന്റെ കാല്‍വിരലിലെ നഖത്തിന് തുല്യം; വിവാദ പരാമര്‍ശവുമായി നന്ദമുരി ബാലകൃഷ്ണ
Entertainment
എ.ആര്‍.റഹ്മാനെ എനിക്കറിയില്ല, ഭാരതരത്‌ന ഒക്കെ എന്റെ അച്ഛന്റെ കാല്‍വിരലിലെ നഖത്തിന് തുല്യം; വിവാദ പരാമര്‍ശവുമായി നന്ദമുരി ബാലകൃഷ്ണ
എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്
Wednesday, 21st July 2021, 11:56 am

ഓസ്‌കര്‍ ജേതാവ് എ.ആര്‍. റഹ്മാനെതിരെയും ഭാരതത്തിന്റെ ഏറ്റവും ഉയര്‍ന്ന സിവിലിയന്‍ ബഹുമതിയായ ഭാരത രത്‌നക്കെതിരെയും തെലുങ്ക് താരം നന്ദമുരി ബാലകൃഷ്ണ നടത്തിയ പ്രസ്താവനകള്‍ വിവാദത്തില്‍.

ഈ അവാര്‍ഡുകളെല്ലാം എന്റെ കാലിന് തുല്യമാണ്. തെലുങ്ക് സിനിമയ്ക്ക് എന്റെ കുടുംബം നല്‍കിയ സംഭാവനയ്ക്ക് തുല്യമല്ല ഒരു അവാര്‍ഡും. എ.ആര്‍. റഹ്മാന്‍ എന്ന് വിളിക്കുന്ന ഒരാള്‍ ഓസ്‌കാര്‍ അവാര്‍ഡ് നേടിയതായും ഞാന്‍ കേട്ടു. റഹ്മാന്‍ ആരാണെന്ന് എനിക്കറിയില്ല. ഭാരതരത്‌ന ഒക്കെ എന്റെ അച്ഛന്‍ എന്‍.ടി.ആറിന്റെ കാല്‍വിരലിലെ നഖത്തിന് തുല്യമാണ്.

എന്റെ അച്ഛനോ കുടുംബമോ അല്ല അവാര്‍ഡുകളാണ് മോശം എന്നായിരുന്നു നന്ദമുരി ബാലകൃഷ്ണയുടെ പരാമര്‍ശം.

ഒരു പ്രാദേശിക ചാനലിന് നല്‍കിയ അഭിമുഖത്തിലാണ് ബാലകൃഷ്ണ റഹ്മാനെയും ഭാരതത്‌നത്തെയും അപമാനിച്ചത്. ഹോളിവുഡ് സംവിധായകന്‍ ജെയിംസ് കാമറൂണിനോടാണ് ബാലകൃഷ്ണ സ്വയം താരതമ്യപ്പെടുത്തിയിരിക്കുന്നത്.

വര്‍ഷങ്ങളായി ഷൂട്ടിംഗ് നീട്ടുന്ന ജെയിംസ് കാമറൂണില്‍ നിന്ന് വ്യത്യസ്തമായി എന്റെ ഷൂട്ടിംഗ് വേഗത്തില്‍ പൂര്‍ത്തിയാക്കാന്‍ ഞാന്‍ ആഗ്രഹിക്കുന്നു. കുറഞ്ഞ സമയം കൊണ്ട് കൂടുതല്‍ സിനിമകള്‍ നിര്‍മ്മിക്കാനും കൂടുതല്‍ ഹിറ്റുകള്‍ നേടാനാകുമെന്നും ഞാന്‍ വിശ്വസിക്കുന്നു. അതാണ് തന്റെ പ്രവര്‍ത്തന രീതിയെന്നും ബാലകൃഷ്ണ പറയുന്നു.

ഇതിന് മുമ്പും നിരവധി വിവാദ പ്രസ്താവനകള്‍ കുടുങ്ങിയിട്ടുള്ളയാളാണ് ബാലകൃഷ്ണ. നിലവില്‍ സംവിധായകന്‍ ബോയപതി ശ്രീനുവിനൊപ്പമുള്ള അഖന്ദ എന്ന ചിത്രത്തിന്റെ ഷൂട്ടിംഗിലാണ് താരം. ശ്രീനുവിനൊപ്പമുള്ള മൂന്നാമത്തെ ചിത്രമാണിത്. പ്രഗ്യ ജയ്‌സ്‌വാളാണ് നായിക.

ഡൂള്‍ന്യൂസിന്റെ സ്വതന്ത്ര മാധ്യമപ്രവര്‍ത്തനത്തെ സാമ്പത്തികമായി സഹായിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ 

ഡൂള്‍ന്യൂസിനെ ടെലഗ്രാംവാട്‌സാപ്പ് എന്നിവയിലൂടേയും  ഫോളോ ചെയ്യാം


Content Highlight: I dont know who ar rahman is says nandamuri balakrishna