ചെന്നൈ: മുഖ്യമന്ത്രിയാകാന്‍ താത്പര്യമില്ലെന്നും പാര്‍ട്ടിയെ നയിക്കാനാണ് താത്പര്യമെന്നും രജനീകാന്ത്. ഒരു സര്‍ക്കാരിനെ അതിന്റെ തലപ്പത്തിരുന്ന് നയിക്കണമെന്ന് ഒരിക്കലും ആഗ്രഹിച്ചിട്ടില്ലെന്നും തമിഴ്നാട് നിയമസഭയില്‍ ഇരിക്കുക എന്നത് തന്റെ ആഗ്രഹത്തില്പ്പെട്ട കാര്യമില്ലെന്നും അദ്ദേഹം പറഞ്ഞു. പാര്‍ട്ടി തലവനാണ് താത്പര്യം. മുഖ്യമന്ത്രി കസേരയിലിരിക്കണമെന്ന് ഒരിക്കലും ആഗ്രഹിച്ചിട്ടില്ലെന്നും രജനീകാന്ത് പറഞ്ഞു.
സിനിമാ രംഗത്ത് ഇത്രയും വര്‍ഷം പ്രവര്‍ത്തിച്ചതിലൂടെ തനിക്ക് ലഭിച്ച ജനപ്രീതിയും സ്വീകാര്യതയും മൂല്യവും ഇവിടെ ഉപയോഗിക്കാന്‍ ആഗ്രഹിക്കുന്നു. പഴയ പാര്‍ട്ടികളില്‍ പുതിയ വ്യക്തികള്‍ക്ക് നേതൃസ്ഥാനം ലഭിക്കുന്നില്ല. നല്ല സ്ഥാനങ്ങള്‍ ലഭിക്കണമെങ്കില്‍ നിങ്ങള്‍ക്ക് നല്ല ബന്ധങ്ങള്‍ കൂടി ആവശ്യമാണ്.
എന്റെ പാര്‍ട്ടിയില്‍ നില്ക്കുന്ന ഒരാള്‍ക്ക് കുറഞ്ഞ പ്രായപരിധിയും വിദ്യാഭ്യാസ യോഗ്യതയും നിര്‍ബന്ധമാണെന്ന മാനദണ്ഡം കൊണ്ടുവരും.
പുതിയതും, അര്‍ഹരുമായവരുടെ ശബ്ദം എന്റെ പാര്‍ട്ടിയിലൂടെ ഉയര്‍ന്നു കേള്‍ക്കും.
സമൂഹത്തിന് വേണ്ടി നല്ലത് ചെയ്ത ചെറുപ്പക്കാര്‍ക്ക് 50 മുതല്‍ 65% വരെയുള്ള സ്ഥാനം പാര്‍ട്ടിയില്‍ നല്കാന് ഞാന്‍ തയ്യാറാണ്. ബാക്കിയുള്ളവ മറ്റ് പാര്‍ട്ടികളില്‍ നിന്നുള്ള മികച്ച നേതാക്കള്‍ക്കും വിരമിച്ച ഉദ്യോഗസ്ഥര്‍ക്കും നല്‍കുമെന്ന് രജനീകാന്ത് പറയുന്നു.
വിവിധ രംഗങ്ങളില്‍ പ്രശസ്തി നേടിയ യുവാക്കള്‍ക്കും പൊതുജനങ്ങള്‍ക്കും ഈ പാര്‍ട്ടിയില്‍ സേവനം ചെയ്യാന്‍ താന്‍ അവസരം നല്‍കും. തമിഴ്നാട് രാഷ്ട്രീയത്തില്‍ മാറ്റം കൊണ്ടുവരുമെന്നും രജനീകാന്ത് പറഞ്ഞു.
2017 ഡിസംബറിലാണ് താന്‍ രാഷ്ട്രീയ പ്രവേശനം പ്രഖ്യാപിച്ചത്. 1996 ല്‍ ആയിരുന്നില്ല അത് പറഞ്ഞത്. ആ വാക്ക് പാലിക്കുന്നു. തന്റെ പാര്‍ട്ടിക്കും അതിന്റെ നേതൃത്വത്തിലുള്ള സര്‍ക്കാരിനും വ്യത്യസ്ത തലവന്മാരുണ്ടാകുമെന്നും രജനീകാന്ത് പറഞ്ഞു.
‘വിദ്യാസമ്പന്നനും അതുപോലെ അനുകമ്പയുള്ളവനുമായ ഒരാളെ തമിഴ്നാട് മുഖ്യമന്ത്രിയായി കൊണ്ടുവരണമെന്നാണ് എന്റെ പ്രധാന ആവശ്യം. അതുപോലെ വിരമിച്ച ഐ.എ.എസ് ഐ.പി.എസ് ഉദ്യോഗസ്ഥര്‍ രാഷ്ട്രീയത്തിലേക്ക് വരണമെന്നാണ് ഞാന്‍ ആഗ്രഹിക്കുന്നത്’, രജനീകാന്ത് പറഞ്ഞു.
ഭരണത്തില്‍ ചെറുപ്പക്കാരും പോസിറ്റീവും ആയ ആളുകളെ ഉള്‍പ്പെടുത്തുന്നതിനുള്ള ഒരു പാലമായിരിക്കും തന്റെ പാര്‍ട്ടിയെന്നും അദ്ദേഹം പറഞ്ഞു.
നമ്മുടെ രാഷ്ട്രീയത്തില്‍ രണ്ട് ശക്തരുണ്ടായിരുന്നു, ഒന്ന് ജയലളിത, മറ്റൊരാള്‍ കലൈജ്ഞര്‍. ആളുകള്‍ അവര്‍ക്ക് വോട്ട് ചെയ്തു, പക്ഷേ ഇപ്പോള്‍ ഇവിടെ ഒരു ശൂന്യതയുണ്ട്. അതില്‍ മാറ്റം വരുത്താന്‍ ഒരു പുതിയ പ്രസ്ഥാനം താന്‍ സൃഷ്ടിക്കുകയാണെന്നും രജനീകാന്ത് പറഞ്ഞു.
ഡൂൾന്യൂസ് യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യാനായി ഇവിടെ ക്ലിക്ക് ചെയ്യൂ