'ഞാന്‍ ഗോത്ര പുത്രനാണ്, വ്യവസായി അല്ല'; ബി.ജെ.പിയുടെ ഹീനതന്ത്രങ്ങള്‍ വിലപ്പോവില്ല: ഹേമന്ത് സോറന്‍
national news
'ഞാന്‍ ഗോത്ര പുത്രനാണ്, വ്യവസായി അല്ല'; ബി.ജെ.പിയുടെ ഹീനതന്ത്രങ്ങള്‍ വിലപ്പോവില്ല: ഹേമന്ത് സോറന്‍
ഡൂള്‍ന്യൂസ് ഡെസ്‌ക്
Saturday, 27th August 2022, 1:49 pm

റാഞ്ചി: ബി.ജെ.പിയുടെ ഹീനതന്ത്രങ്ങള്‍ വിലപ്പോവില്ലെന്ന് ജാര്‍ഖണ്ഡ് മുഖ്യമന്ത്രി ഹേമന്ത് സോറന്‍. താന്‍ ഒന്നിനേയും ഭയക്കുന്നില്ലെന്നും സോറന്‍ പറഞ്ഞു. ‘ഞാന്‍ ഗോത്ര പുത്രനാണ്. അല്ലാതെ വ്യവസായി അല്ല. ഗോത്രവിഭാഗക്കാരായ പുരുഷന്മാരും സ്ത്രീകളും ഒന്നിനേയും ഭയപ്പെടുന്നില്ല. അവകാശത്തിന് വേണ്ടി പോരാടിയ പൂര്‍വികര്‍ ഞങ്ങളുടെ ഡി.എന്‍.എയില്‍ നിന്നും ഭയത്തിന്റെ കണികകള്‍ എടുത്തുമാറ്റിയിട്ടുണ്ട്.’ സോറന്‍ പറഞ്ഞു.

ഞാന്‍ ഒരു അധികാരമോഹിയോ മുഖ്യമന്ത്രി കസേരയില്‍ അഭിരമിച്ചിരിക്കുന്നതോ ആയ ആളല്ല. നിങ്ങളില്‍ നിന്നുള്ള സ്നേഹത്തില്‍ നിന്നും പിന്തുണയില്‍ നിന്നുമാണ് തന്റെ അധികാരം ആരംഭിക്കുന്നത്. ബി.ജെ.പി എല്ലാം വിറ്റ് തുലക്കുകയാണെന്നും ഇതിനെതിരെ അവസാന ശ്വാസം വരെ പോരാടുമെന്നും ഹേമന്ത് സോറന്‍ പറഞ്ഞു.

അതേസമയം, മുഖ്യമന്ത്രി ഹേമന്ത് സോറനെ അയോഗ്യനാക്കാന്‍ ഗവര്‍ണര്‍ ശിപാര്‍ശ ചെയ്തേക്കും. ഇതിനായി തെരഞ്ഞെടുപ്പ് കമ്മീഷന് നിര്‍ദേശം നല്‍കുമെന്നാണ് വിവരം. ജാര്‍ഖണ്ഡിലെ റാഞ്ചിയില്‍ സ്വന്തം പേരിലുള്ള ഖനനത്തിന് അനുമതി നേടിയെന്ന ബി,ജെ,പിയുടെ പരാതിയിലാണ് തെരഞ്ഞെടുപ്പ് കമ്മീഷന്റെ നടപടി.

സംഭവത്തില്‍ തെരഞ്ഞെടുപ്പ് കമ്മീഷന്‍ ജാര്‍ഖണ്ഡ് ഗവര്‍ണര്‍ക്ക് രഹസ്യ റിപ്പോര്‍ട്ടാണ് നല്‍കിയത്. എന്നാല്‍ ഈ രഹസ്യ റിപ്പോര്‍ട്ടില്‍ മുഖ്യമന്ത്രിയെ അയോഗ്യനാക്കാന്‍ നിര്‍ദേശിച്ചെന്ന് ബി.ജെ.പി പറയുന്നു. രഹസ്യ റിപ്പോര്‍ട്ട് തുറന്നു നോക്കുന്നതിന് മുമ്പ് തന്നെ അതിലെ വിവരങ്ങള്‍ ബി.ജെ.പിക്ക് എങ്ങനെ ലഭിച്ചുവെന്നാണ് യു.പി.എ നേതാക്കള്‍ ഉയര്‍ത്തുന്ന ചോദ്യം.

എന്നാല്‍, തെരഞ്ഞെടുപ്പ് കമ്മീഷന്റെയോ ഗവര്‍ണറുടെയോ അറിയിപ്പ് തനിക്ക് ലഭിച്ചിട്ടില്ലെന്നാണ് സോറന്‍ പറഞ്ഞത്. അയോഗ്യതാ നടപടികളിലേക്ക് കടക്കുന്നതിന് മുന്‍പ് സോറന്‍ രാജിവെക്കാനുള്ള സാധ്യതകളുണ്ടെന്നും റിപ്പോര്‍ട്ടുണ്ട്.

നിലവില്‍ ജാര്‍ഖണ്ഡില്‍ കൂട്ടുകക്ഷി സര്‍ക്കാരാണ് അധികാരത്തിലുള്ളത്. കോണ്‍ഗ്രസും ആര്‍.ജെ.ഡിയുമാണ് സഖ്യ കക്ഷികള്‍. അതുകൊണ്ട് തന്നെ വിശാല മുന്നണി യോഗം വിളിച്ചതിന് ശേഷമായിരിക്കും രാജിയുള്‍പ്പെടെയുള്ള തീരുമാനത്തിലേക്ക് കടക്കുക.

2021 ജൂലൈയില്‍ റാഞ്ചിയിലെ അംഗാര ബ്ലോക്കില്‍ 88 സെന്റ് ഭൂമിയില്‍ ഖനനത്തിന് അന്നത്തെ ഖനന വകുപ്പിന്റെ ചുമതലയുണ്ടായിരുന്ന മുഖ്യമന്ത്രി ഹേമന്ത് സോറന്‍ അനുമതി നല്‍കിയതില്‍ അഴിമതിയുണ്ട് എന്നായിരുന്നു ബി.ജെ.പിയുടെ ആരോപണം.

ഈ ആരോപണത്തിന്റെ അടിസ്ഥാനത്തില്‍ നടന്ന അന്വേഷണത്തിലാണ് ഹേമന്ത് സോറന്റെ ഭാഗത്ത് നിന്ന് വീഴ്ചയുണ്ടായെന്ന് കണ്ടെത്തിയത്. സോറന്‍ മുഖ്യമന്ത്രിയെന്ന പദവി ദുരുപയോഗം ചെയ്ത് സാമ്പത്തിക നേട്ടമുണ്ടാക്കിയെന്ന പ്രാഥമിക വിലയിരുത്തലിന്റെ അടിസ്ഥാനത്തിലാണ് കേന്ദ്ര തെരഞ്ഞെടുപ്പ് കമ്മീഷന്‍ ഗവര്‍ണര്‍ക്ക് റിപ്പോര്‍ട്ട് നല്‍കിയത്.

ജനപ്രാതിനിധ്യ നിയമത്തിലെ 9(A) വകുപ്പുകള്‍ പ്രകാരം സോറനെ അയോഗ്യനാക്കാവുന്നതാണ് എന്നാണ് ഗവര്‍ണര്‍ക്ക് നല്‍കിയ നിര്‍ദേശത്തില്‍ കേന്ദ്ര തെരഞ്ഞെടുപ്പ് കമ്മീഷന്‍ പറയുന്നത്.

Content Highlight: I am the son of a tribal and fear is not there in a Tribal’s DNA says Hemanth Soren