ഭീഷ്മ പര്‍വ്വം സൂപ്പര്‍ ഹിറ്റാവുമെന്ന് ഞാന്‍ പറഞ്ഞില്ലേ, അത് പ്രതീക്ഷിച്ചതാ: സുദേവ് നായര്‍
Entertainment news
ഭീഷ്മ പര്‍വ്വം സൂപ്പര്‍ ഹിറ്റാവുമെന്ന് ഞാന്‍ പറഞ്ഞില്ലേ, അത് പ്രതീക്ഷിച്ചതാ: സുദേവ് നായര്‍
എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്
Thursday, 10th March 2022, 1:39 pm

മൈ ലൈഫ് പാര്‍ട്ണര്‍ എന്ന ചിത്രത്തിലൂടെ മലയാള സിനിമയിലേക്ക് കടന്നുവന്ന നടനാണ് സുദേവ് നായര്‍. ആദ്യ സിനിമയില്‍ തന്നെ മികച്ച നടനുള്ള സംസ്ഥാന അവാര്‍ഡ് കരസ്ഥമാക്കാന്‍ സുദേവിനായിട്ടുണ്ട്.

സച്ചി സംവിധാനം ചെയ്ത അനാര്‍ക്കലി എന്ന ചിത്രത്തിലൂടെയാണ് സുദേവിനെ എല്ലാവരും തിരിച്ചറിഞ്ഞ് തുടങ്ങിയത്. പിന്നീട് ഒട്ടനവധി സിനിമകളുടെ ഭാഗമായി സുദേവിനെ നമ്മള്‍ കണ്ടു.

അമല്‍ നീരദ് സംവിധാനം ചെയ്ത ഭീഷ്മ പര്‍വ്വമാണ് സുദേവിന്റേതായി ഏറ്റവുമൊടുവില്‍ പുറത്തിറങ്ങിയ ചിത്രം.

ഭീഷ്മ പര്‍വ്വത്തിലെ വിശേഷങ്ങള്‍ താരം ഇതിനോടകം തന്നെ പങ്കുവെച്ചിരുന്നു. ഇപ്പോഴിതാ സിനിമ സൂപ്പര്‍ ഹിറ്റാകുമെന്ന് താന്‍ ആദ്യമേ പറഞ്ഞിരുന്നില്ലേയെന്ന് ചോദിക്കുകയാണ് സുദേവ്. ഇന്ത്യാഗ്ലിറ്റ്‌സ് മലയാളത്തിന് നല്‍കിയ അഭിമുഖത്തിലാണ് താരം സിനിമയെ കുറിച്ച് സംസാരിക്കുന്നത്.

‘ഭീഷ്മ പര്‍വ്വം വിജയിക്കുമെന്ന കാര്യം പ്രതീക്ഷിച്ചിരുന്നതാണ്. സി.ബി.ഐയില്‍ പൊലീസ് ആയിട്ടാണ് എത്തുന്നത്. പക്ഷെ മമ്മൂക്കയുടെ കൂടെയല്ല. സി.ബി.ഐയുടെ ആദ്യ ഭാഗം മാത്രമേ ഞാന്‍ ഇതുവരെ കണ്ടിട്ടുള്ളൂ.

സമയം മാറുന്നുണ്ടെങ്കിലും മമ്മൂക്കയുടെ സി.ബി.ഐയിലെ കഥാപാത്രത്തിന് വയസാകുന്നില്ല. എല്ലാ സീരീസുകളിലും നായകന്മാരിങ്ങനെ മാറികൊണ്ടിരിക്കും, എന്നാല്‍ മമ്മൂക്കയുടെ കാര്യത്തില്‍ അങ്ങനെയല്ല. മമ്മൂക്ക മുന്നിലിരിക്കുമ്പോള്‍ ഞാനിങ്ങനെ ഒബ്‌സേര്‍വ് ചെയ്യും, എന്തുകൊണ്ടാണ് മമ്മൂക്കയുടെ സ്‌കിന്‍ ഇത്രക്ക് ഗ്ലോ ചെയ്യുന്നത്. പക്ഷെ അത് ഇതുവരെ ചോദിച്ചിട്ടില്ല,’ താരം പറയുന്നു.

മോണ്‍സ്റ്ററിന്റെ ചിത്രീകരണ സമയത്ത് മോഹന്‍ലാല്‍ വര്‍ക്ക് ഔട്ട് ചെയ്യുന്നത് കണ്ട് അമ്പരന്നിട്ടുണ്ടെന്നും സുദേവ് പറയുന്നു.

‘ഞാന്‍ രാവിലെ വര്‍ക്കൗട്ട് ചെയ്യാന്‍ പോകുമ്പോള്‍ ലാല്‍ സാറുണ്ടാകും അവിടെ. ഞാനും ഒന്നരമണിക്കൂര്‍ വര്‍ക്കൗട്ട് ചെയ്യും ലാല്‍ സാറും. ഞാന്‍ വൈകീട്ട് പോകുമ്പോഴും ലാല്‍ സാര്‍ അവിടെയുണ്ടാകും. ഞാന്‍ അതിശയിച്ചിട്ടുണ്ട് എങ്ങനെയാണ് ഈ പ്രായത്തില്‍ ഇതൊക്കെ മെയ്‌ന്റെയിന്‍ ചെയ്യുന്നതെന്ന്,’ സുദേവ് പറയുന്നു.

മോഹന്‍ലാല്‍ നായകനാകുന്ന മോണ്‍സ്റ്റര്‍, രാജീവ് രവി ചിത്രം തുറമുഖം തുടങ്ങിയ ചിത്രങ്ങളാണ് സുദേവിന്റേതായി പുറത്തിറങ്ങാനിരിക്കുന്ന ചിത്രങ്ങള്‍.


Content Highlights: I already said Bheeshma Parvam will be a super hit: Sudev Nair