തീവ്രവാദ സംഘടനകളുടെ വോട്ട് ലീഗിന് വേണ്ട; എസ്.ഡി.പി.ഐയെ തള്ളി പാണക്കാട് തങ്ങളും
D' Election 2019
തീവ്രവാദ സംഘടനകളുടെ വോട്ട് ലീഗിന് വേണ്ട; എസ്.ഡി.പി.ഐയെ തള്ളി പാണക്കാട് തങ്ങളും
ന്യൂസ് ഡെസ്‌ക്
Tuesday, 19th March 2019, 12:35 pm

മലപ്പുറം: തീവ്രവാദ സംഘടനകളുടെ വോട്ട് ലീഗിന് വേണ്ടെന്ന് മുസ്‌ലിം ലീഗ് സംസ്ഥാന അധ്യക്ഷന്‍ ഹൈദര്‍ അലി ശിഹാബ് തങ്ങള്‍.  എസ്.ഡി.പി.ഐയുടെ സഹായം ചോദിക്കുന്നതിനേക്കാള്‍ നല്ലത് ലീഗ് പിരിച്ചുവിടുന്നതാണെന്ന എം.കെ മുനീറിന്റെ പ്രസ്താവനയ്ക്ക് പിന്നാലെയാണ് എസ്.ഡി.പി.ഐയെ തള്ളിപ്പറഞ്ഞ് ഹൈദര്‍ അലി തങ്ങളും രംഗത്തെത്തിയത്.

എസ്.ഡി.പി.ഐയെ പേരെടുത്ത് പറയാതെ ആയിരുന്നു ഹൈദരലി തങ്ങളുടെ വിമര്‍ശനം. എസ്.ഡി.പി.ഐയുടെ സഹായത്തില്‍ ഏതെങ്കിലും സ്ഥാനാര്‍ത്ഥികള്‍ ജയിച്ചുവരണമെന്ന് പറയുന്നതിനേക്കാള്‍ ഭേദം ആ രാഷ്ട്രീയ പ്രസ്ഥാനം പിരിച്ചുവിടുന്നതാണ് നല്ലതെന്നായിരുന്നു മുനീറിന്റെ വിമര്‍ശനം.

Read Also : ഡി.സി.സി പ്രസിഡന്റിനെ മാറ്റാതെ പ്രചരണം സാധ്യമല്ല; കാസര്‍ഗോഡ് പ്രചരണം നിര്‍ത്തിവെച്ച് ഉണ്ണിത്താന്‍

അതേസമയം എസ്.ഡി.പി.ഐയുടെ വോട്ട് വേണ്ടെന്ന ലീഗ് നിലപാടിനെതിരെ വിമര്‍ശനവുമായി എസ്.ഡി.പി.ഐ സംസ്ഥാന നേതൃത്വം രംഗത്തെത്തി. എസ്.ഡി.പി.ഐയുടെ വോട്ട് വേണ്ടെന്ന നിലപാട് എല്ലാ മണ്ഡലത്തിലും ബാധകമാണോയെന്നാണ് എസ്.ഡി.പി.ഐ സംസ്ഥാന പ്രസിഡന്റ് അബ്ദുള്‍ മജീദ് ഫൈസി ചോദിച്ചത്.

വിവാദ ചര്‍ച്ചയ്ക്ക് മുന്‍കൈ എടുത്തത് ലീഗാണെന്നും അബ്ദുള്‍ മജീദ് ഫൈസി പറഞ്ഞു. ചര്‍ച്ചയ്ക്ക് മുന്‍കൈ എടുത്തത് ലീഗാണ്. ഞങ്ങളല്ല. ഞങ്ങളുടെ വോട്ട് വേണ്ടെന്ന നിലപാട് എല്ലാ മണ്ഡലത്തിലും ബാധകമാണോയെന്ന് ലീഗ് വ്യക്തമാക്കണമെന്നും ഫൈസി പറഞ്ഞു.

വിവാദത്തിന് പിന്നാലെ എസ്.ഡി.പി.ഐ മലപ്പുറത്ത് സ്ഥാനാര്‍ത്ഥിയെ പ്രഖ്യാപിക്കുമെന്നാണ് സൂചന. നേരത്തെ പ്രഖ്യാപിച്ച പട്ടികയില്‍ മലപ്പുറത്ത് സ്ഥാനാര്‍ത്ഥി ഇല്ലായിരുന്നു. സ്ഥാനാര്‍ത്ഥിയെ നിര്‍ത്താത്തത് കുഞ്ഞാലിക്കുട്ടിയുമായുള്ള നീക്ക് പോക്കിന്റെ അടിസ്ഥാനത്തിലാണെന്ന ആരോപണം ശക്തമായത് പിന്നാലെയാണ് ഈ നീക്കം.

മുസ്‌ലിം ലീഗ് സ്ഥാനാര്‍ത്ഥികളായ പി.കെ കുഞ്ഞാലിക്കുട്ടിയും ഇ.ടി മുഹമ്മദ് ബഷീറുമായി എസ്.ഡി.പി.ഐ നേതാക്കള്‍ കൊണ്ടോട്ടിയിലെ കെ.ടി.ഡി.സി ഹോട്ടലില്‍വെച്ച് കൂടിക്കാഴ്ച നടത്തിയതിന്റെ സി.സി.ടി.വി ദൃശ്യങ്ങള്‍ പുറത്തുവന്നതോടെയാണ് വിവാദത്തിന്റെ തുടക്കം.

എസ്.ഡി.പി.ഐ നേതാക്കളായ നസറുദ്ദീന്‍ എളമരം, അബ്ദുള്‍ മജീദ് ഫൈസി എന്നിവരും ചര്‍ച്ചയില്‍ പങ്കെടുത്തിരുന്നു. അതേസമയം, രാഷ്ട്രീയ ചര്‍ച്ച നടന്നെന്ന വാര്‍ത്തകള്‍ ലീഗ് തള്ളിയിരുന്നു. എസ്.ഡി.പി.ഐയുമായി ഒരു ബന്ധവുമില്ലെന്നും രാഷ്ട്രീയ ചര്‍ച്ച നടത്തിയിട്ടില്ലെന്നുമായിരുന്നു ലീഗിന്റെ വിശദീകരണം. എന്നാല്‍ ചര്‍ച്ച എസ്.ഡി.പി.ഐ സ്ഥിരീകരിച്ചിരുന്നു.