'കഴിഞ്ഞ 20 ദിവസമായി എന്റെ ഭര്‍ത്താവിനെ കാണാതായിട്ട്, അദ്ദേഹത്തെ എന്തുചെയ്തു'; ഹര്‍ദിക് പട്ടേലിന്റെ തിരോധാനത്തില്‍ ഭാര്യ
India
'കഴിഞ്ഞ 20 ദിവസമായി എന്റെ ഭര്‍ത്താവിനെ കാണാതായിട്ട്, അദ്ദേഹത്തെ എന്തുചെയ്തു'; ഹര്‍ദിക് പട്ടേലിന്റെ തിരോധാനത്തില്‍ ഭാര്യ
ന്യൂസ് ഡെസ്‌ക്
Friday, 14th February 2020, 10:39 am

അഹമ്മദാബാദ്: കോണ്‍ഗ്രസ് നേതാവും പട്യാദാര്‍ സമുദായ നേതാവുമായ ഹാര്‍ദിക് പട്ടേലിനെ കാണാനില്ലെന്ന പരാതിയുമായി ഭാര്യ കിന്‍ജാല്‍ പട്ടേല്‍ വീണ്ടും രംഗത്ത്.

കഴിഞ്ഞ 20 ദിവസമായി ഹാര്‍ദിക് പട്ടേലിനെ കാണാനില്ലെന്നും അദ്ദേഹം എവിടെയാണെന്നത് സംബന്ധിച്ച് ഒരു വിവരവും തങ്ങള്‍ക്കില്ലെന്നുമാണ് പട്ടേലിന്റെ ഭാര്യ സോഷ്യല്‍ മീഡിയയില്‍ ഷെയര്‍ ചെയ്ത വീഡിയോയില്‍ പറഞ്ഞത്.

അദ്ദേഹത്തിന്റെ അഭാവത്തില്‍ തങ്ങള്‍ അങ്ങേയറ്റം അസ്വസ്ഥരാണെന്നും ഇത്തരത്തിലൊരു നിലപാട് എന്തിനാണ് അദ്ദേഹത്തോട് ഭരണകൂടം സ്വീകരിക്കുന്നതെന്ന് ആളുകള്‍ ചിന്തിക്കണമെന്നും കിന്‍ജാല്‍ പട്ടേല്‍ വീഡിയോയില്‍ പറഞ്ഞു.

‘2017 ല്‍ ഈ സര്‍ക്കാര്‍ പാട്യാദാര്‍ നേതാക്കന്‍മാര്‍ക്കെതിരെ രജിസ്റ്റര്‍ ചെയ്ത എല്ലാ കേസുകളും പിന്‍വലിക്കുമെന്ന് പറഞ്ഞു. പിന്നെ എന്തിനാണ് അവര്‍ ഹാര്‍ദിക്കിനെ മാത്രം ലക്ഷ്യമിടുന്നത്, എന്തുകൊണ്ടാണ് ബി.ജെ.പിയില്‍ ചേര്‍ന്ന പട്യാദാര്‍ പ്രസ്ഥാനത്തിലെ മറ്റ് രണ്ട് നേതാക്കള്‍ക്കെതിരെയും ഒരു നടപടിയും സ്വീകരിക്കാത്തത്”, കിന്‍ജാല്‍ പട്ടേല്‍ ചോദിക്കുന്നു.

അദ്ദേഹത്തെ നിരവധി കേസുകളില്‍ അറസ്റ്റ് ചെയ്തിട്ടുണ്ട്. എന്നാല്‍ പുറത്തിറങ്ങിയാല്‍ ഉടനെ മറ്റേതെങ്കിലും കേസില്‍ ഉള്‍പെടുത്തി ജയിലിലിടും. ഇത് ഉപദ്രവമല്ലെന്നാണോ നിങ്ങള്‍ കരുതുന്നത്? കിന്‍ജാല്‍ ചോദിക്കുന്നു.

ഹാര്‍ദിക് ജനങ്ങളുമായി കൂടിക്കാഴ്ച നടത്തുന്നതും അവരുടെ വിഷയങ്ങളില്‍ ഇടപെട്ട് പ്രശ്‌നങ്ങള്‍ ഉന്നയിക്കുന്നതും ഈ സര്‍ക്കാര്‍ ഇഷ്ടപ്പെടുന്നില്ലെന്നും അവര്‍ പറഞ്ഞു.

ഹാര്‍ദിക് പട്ടേല്‍ എവിടെയാണെന്ന് ഇതുവരെ കണ്ടെത്തിയിട്ടില്ലെങ്കിലും നിയമസഭാ തെരഞ്ഞെടുപ്പില്‍ വിജയിച്ച ദല്‍ഹി മുഖ്യമന്ത്രി അരവിന്ദ് കെജ്‌രിവാളിനെ അഭിനന്ദിച്ചുകൊണ്ടുള്ള ഒരു ട്വീറ്റ് അദ്ദേഹത്തിന്റെ ട്വിറ്റര്‍ അക്കൗണ്ടില്‍ നിന്നും പുറത്തുവന്നിരുന്നു.

വാര്‍ത്തകള്‍ ടെലഗ്രാമില്‍ ലഭിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ

ഫെബ്രുവരി 10 ന് തന്നെ ഗുജറാത്തിലെ ജയിലില്‍ അടയ്ക്കാന്‍ സര്‍ക്കാര്‍ ശ്രമിക്കുന്നുണ്ടെന്നാരോപിച്ച് ഹാര്‍ദിക് പട്ടേല്‍ ട്വിറ്ററില്‍ രംഗത്തെത്തിയിരുന്നു. പഞ്ചായത്ത് തെരഞ്ഞെടുപ്പ് അടുത്തുവരുന്നതിന് മുന്നോടിയായിട്ടാണ് സര്‍ക്കാരിന്റെ ഈ നീക്കമെന്നും അദ്ദേഹം ട്വീറ്റില്‍ ആരോപിച്ചിരുന്നു.

”നാല് വര്‍ഷം മുമ്പ് ഗുജറാത്ത് പൊലീസ് എനിക്കെതിരെ ഒരു വ്യാജ കേസ് ഫയല്‍ ചെയ്തു, ലോക്‌സഭാ തെരഞ്ഞെടുപ്പ് സമയത്ത് ഞാന്‍ അഹമ്മദാബാദ് പൊലീസ് കമ്മീഷണറോട് എനിക്കെതിരായ കേസുകളുടെ വിശദാംശങ്ങള്‍ ചോദിച്ചിരുന്നു. പക്ഷേ ഈ കേസ് വ്യാജമാണ്. എന്നെ കസ്റ്റഡിയിലെടുക്കാന്‍ പതിനഞ്ച് ദിവസം മുന്‍പ് പൊലീസ് എന്റെ വീട്ടിലെത്തിയിരുന്നു. പക്ഷേ ഞാന്‍ അവിടെ ഉണ്ടായിരുന്നില്ല, ”,പട്ടേല്‍ ട്വീറ്റില്‍ പറഞ്ഞു.

ഹൈക്കോടതി ഈ കേസില്‍ എന്റെ മുന്‍കൂര്‍ ജാമ്യാപേക്ഷ പരിഗണിക്കുന്നുണ്ട്. പൊലീസ് ജാമ്യമില്ലാ വകുപ്പാണ് എനിക്കെതിരെ ചുമത്തിയിരിക്കുന്നത്. ഗുജറാത്തില്‍ പഞ്ചായത്ത് തെരഞ്ഞെടുപ്പ് അടുത്തുവരികയാണ്, അതിനാലാണ് എന്നെ ജയിലില്‍ അടയ്ക്കാന്‍ ബി.ജെ.പി ആഗ്രഹിക്കുന്നത്. ബി.ജെ.പിക്കെതിരായ സമരം ഞാന്‍ തുടരും. ജയ് ഹിന്ദ് ഉടന്‍ കാണാം”, എന്നായിരുന്നു അദ്ദേഹത്തിന്റെ രണ്ടാമത്തെ ട്വീറ്റ്.

രാജ്യദ്രോഹക്കേസുമായി ബന്ധപ്പെട്ട് അഹമ്മദാബാദിലെ വിചാരണ കോടതി ജനുവരി 24 വരെ പട്ടേലിനെ ജുഡീഷ്യല്‍ കസ്റ്റഡിയില്‍ വിട്ടിരുന്നു. ഇവിടെ നിന്ന് പുറത്തിറങ്ങിയ ശേഷമാണ് ഹാര്‍ദിക്കിനെ കാണാതായത്.

ജനുവരി 24-ന് ജയില്‍ മോചിതനായ വിവരം ഹാര്‍ദിക് ട്വീറ്റിലൂടെ വെളിപ്പെടുത്തിയിരുന്നു. ”സ്വേച്ഛാധിപത്യത്തിന്റെ തടങ്കലില്‍ നിന്ന് പുറത്തിറങ്ങി. എന്തായിരുന്നു ഞാന്‍ ചെയ്ത തെറ്റ്?” എന്നായിരുന്നു ഹര്‍ദികിന്റെ ട്വീറ്റ്.

സംവരണത്തിന്റെ പേരില്‍ ആത്മഹത്യ ചെയ്യുന്നതിനേക്കാള്‍ നല്ലത് പൊലീസുകാരെ കൊലപ്പെടുത്തുകയാണെന്ന പരാമര്‍ശം നടത്തിയതിന്റെ പേരിലാണ് ഹാര്‍ദിക് പട്ടേലിനെതിരെ 2015 ല്‍ രാജ്യദ്രോഹക്കുറ്റം ചുമത്തി ക്രൈംബ്രാഞ്ച് കേസെടുത്തത്.

എന്നാല്‍ ക്രിമിനല്‍ ഗൂഢാലോചന നടത്തിയെന്നാരോപിച്ച് ക്രൈംബ്രാഞ്ച് സമര്‍പ്പിച്ച കുറ്റപത്രത്തില്‍ തനിക്കെതിരെ തെളിവുകളൊന്നുമില്ലെന്ന് പട്ടേല്‍ വ്യക്തമാക്കിയിരുന്നു.

ഡൂൾന്യൂസ് യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യാനായി ഇവിടെ ക്ലിക്ക് ചെയ്യൂ