മലയാള സിനിമയില്‍ എന്നെ സ്വാധീനിച്ച നടന്‍ അദ്ദേഹമാണ്; ഹൃദയത്തിലെ ആന്റണി താടിക്കാരന്‍ പറയുന്നു
Movie Day
മലയാള സിനിമയില്‍ എന്നെ സ്വാധീനിച്ച നടന്‍ അദ്ദേഹമാണ്; ഹൃദയത്തിലെ ആന്റണി താടിക്കാരന്‍ പറയുന്നു
എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്
Tuesday, 22nd February 2022, 3:39 pm

ഹൃദയം എന്ന ഒരൊറ്റ ചിത്രം കൊണ്ട് കരിയര്‍ ഗ്രാഫ് കുത്തനെ ഉയര്‍ന്ന നടനാണ് സിനിമയില്‍ ആന്റണി താടിക്കാരന്‍ എന്ന കഥാപാത്രത്തെ അവതരിപ്പിച്ച അശ്വത് ലാല്‍. സിനിമയില്‍ ഏറ്റവും ശ്രദ്ധിക്കപ്പെട്ട കഥാപാത്രം കൂടിയായിരുന്നു അശ്വത്തിന്റേത്. പ്രണവിനൊപ്പം സിനിമയിലുടനീളം അശ്വത്തും ഉണ്ട്. ഹൃദയത്തിന്റെ വിജയത്തില്‍ ഏറെ സന്തോഷത്തിലാണ് അശ്വത്.

അഭിനയ രംഗത്തേക്ക് കടന്നു വരാന്‍ വേണ്ടി അശ്വത്തിന് പ്രചോദനമായ നിരവധി താരങ്ങളുണ്ട്. അത്തരത്തില്‍ സിനിമയിലെത്താന്‍ തനിക്ക് പ്രചോദനമായവരെ കുറിച്ചും തന്നെ സ്വാധീനിച്ച നടന്മാരെ കുറിച്ചും പറയുകയാണ് നാനയ്ക്ക് നല്‍കിയ അഭിമുഖത്തില്‍ അശ്വത്.

‘ ഒരുപാട് പേര്‍ എന്നെ ഇന്‍സ്‌പെയര്‍ ചെയ്തിട്ടുണ്ട്. യഥാര്‍ത്ഥത്തില്‍ ഇന്‍സ്പിരേഷനാണ് നമ്മളെ ഇവിടെ എത്തിച്ചത്. ഇതാണ് ശരിയായ വഴി, ഇങ്ങനെയാണ് സഞ്ചരിക്കേണ്ടത് എന്ന് നമുക്ക് പറഞ്ഞുതരാനും അടുത്തുനിന്ന് ചോദിക്കാനുമൊന്നും ആള്‍ക്കാരുണ്ടായിരുന്നില്ല. ഓരോരുത്തരുടേയും ജീവിത യാത്രയില്‍ അനുഭവിച്ചിട്ടുള്ള കാര്യങ്ങളൊക്കെ അവര്‍ പറയുന്നത് കേട്ട് ഒരുപാട് ഇന്‍സ്‌പെയര്‍ ആയിട്ടുണ്ട്. സുരാജേട്ടനൊക്കെ എന്നെ ഒരുപാട് ഇന്‍സ്‌പെയര്‍ ചെയ്ത ആളാണ്, അശ്വത് പറയുന്നു.

അതുപോലെ പണ്ടുമുതലേ ഒരുപാട് ചിരിപ്പിച്ചിട്ടുള്ള ആളാണ് ജഗതി ശ്രീകുമാര്‍ സാര്‍, സലിം കുമാര്‍, ഹരിശ്രീ അശോകന്‍. ഇവരൊക്കെ ഒരുപാട് ചിരിപ്പിക്കുകയും ചിന്തിപ്പിക്കുകയും ചെയ്ത ആളുകളാണ്. അവരെയൊക്കെ തന്നെയാണ് പണ്ട് സ്റ്റേജ് പ്രോഗ്രാമൊക്കെ ചെയ്യുമ്പോള്‍ ഞങ്ങള്‍ അനുകരിക്കാന്‍ ശ്രമിച്ചിരുന്നതും, അശ്വത് പറയുന്നു.

പ്രണവുമായുള്ള സൗഹൃദത്തെ കുറിച്ചും താരം അഭിമുഖത്തില്‍ പറഞ്ഞു. പ്രണവുമായി നല്ലൊരു സൗഹൃദമുണ്ട്. ആ സൗഹൃദം അങ്ങനെ തന്നെ നിലനില്‍ക്കുന്നതിന് വേണ്ടി ഞാനും ആഗ്രഹിക്കുന്നു. ഞങ്ങളെപ്പോലെ തന്നെ പ്രണവും വലിയ സന്തോഷത്തിലാണ്. ഏതായാലും ഇങ്ങനെ ഒരു സുഹൃത്തിനെ തന്നതിന് ഞാന്‍ വിനീതേട്ടനോട് നന്ദി പറയുകയാണ്, അശ്വത് പറയുന്നു.

ഹൃദയത്തിന്റെ ഷൂട്ടിങ് തുടങ്ങുന്നതിന് രണ്ട് ദിവസം മുന്‍പ് സ്‌ക്രിപ്റ്റ് വായനയൊക്കെ ഉണ്ടായിരുന്നെന്നും നമ്മുടെ അഭിപ്രായങ്ങള്‍ പറയാനും മാറ്റങ്ങള്‍ കൊണ്ടുവരാനുമുള്ള ഒരു സ്വാതന്ത്ര്യം വിനീതേട്ടന്‍ തന്നിരുന്നെന്നും താരം പറയുന്നു. പല സീനുകളും ഇങ്ങനെ പോരെ, നിങ്ങള്‍ക്ക് എന്താണ് തോന്നുന്നത് എന്നൊക്കെ വിനീതേട്ടന്‍ വന്ന് ചോദിക്കുമായിരുന്നു. അത്തരത്തില്‍ ഒരു സ്‌പേസ് കിട്ടിയതുകൊണ്ടുകൂടിയാണ് ഈ കോംബോ വര്‍ക്കായതെന്ന് തോന്നുന്നു’ അശ്വത് പറയുന്നു.

Content Highlight: Hridayam Star Aswath About His favorite actor in Malayalam Cinema