ലൈഫ് ഓഫ് അരുണ്‍ നീലകണ്ഠന്‍, യൂട്യൂബറായി ദര്‍ശനയും; 'ഹൃദയ'ത്തിലെ പുതിയ ഗാനം
Film News
ലൈഫ് ഓഫ് അരുണ്‍ നീലകണ്ഠന്‍, യൂട്യൂബറായി ദര്‍ശനയും; 'ഹൃദയ'ത്തിലെ പുതിയ ഗാനം
എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്
Saturday, 29th January 2022, 6:30 pm

‘ഹൃദയ’ത്തിലെ പുതിയ ഗാനം പുറത്ത്. കോളേജ് പഠനകാലത്തിന് ശേഷമുള്ള അരുണ്‍ നീലകണ്ഠന്റെ ജീവിതം കാണിക്കുന്ന ‘പുതിയൊരു ലോകം’ എന്ന ഗാനമാണ് പുറത്ത് വിട്ടിരികുന്നത്. കാടും മലയും കയറി ക്യാമറയുമായി നടക്കുന്ന പ്രണവിനെയാണ് പാട്ടില്‍ കാണുന്നത്. ഒപ്പം യൂട്യൂബറായി നടക്കുന്ന ദര്‍ശനയും പാട്ടിലുണ്ട്.

’96’ ലെ വിജയ് സേതുപതി അവതരിപ്പിച്ച ‘റാമി’നോട് ഉപമിച്ച പല കമന്റുകളും പാട്ടിനോടനുബന്ധിച്ച് സോഷ്യല്‍ മീഡിയയില്‍ വരുന്നുണ്ട്. ലൈഫ് ഒഫ് അരുണ്‍ നീലകണ്ഠന്‍ എന്നാണ് ചില കമന്റുകള്‍.

സിനിമ ഇപ്പോഴും സോഷ്യല്‍ മീഡിയയില്‍ സജീവ ചര്‍ച്ചയിലുണ്ട്. ചിത്രം ന്യൂസിലാന്റിലും ഓസ്‌ട്രേലിയയിലും ഏറ്റവും വലിയ മലയാള സിനിമക്കുള്ള ഓപ്പണിംഗ് റെക്കോര്‍ഡ് നേടിയെന്ന വാര്‍ത്ത ഇന്ന് പുറത്തുവന്നിരുന്നു.

നീണ്ട ഇടവേളക്ക് ശേഷം വിനീത് ശ്രീനിവാസന്‍ സംവിധാനം ചെയ്ത ചിത്രം ഇതിനോടകം വലിയ ജനപ്രീതിയാണ് നേടിയിരിക്കുന്നത്. പ്രണവ് മോഹന്‍ലാല്‍, കല്യാണി പ്രിയദര്‍ശന്‍, ദര്‍ശന രാജേന്ദ്രന്‍ എന്നിവരാണ് ചിത്രത്തില്‍ കേന്ദകഥാപാത്രങ്ങളെ അവതരിപ്പിച്ചത്.

സോഷ്യല്‍ മീഡിയയില്‍ ചിത്രം ഇപ്പോഴും വലിയ ചര്‍ച്ചയാണ്. കൊവിഡ് വര്‍ധിക്കുന്ന സാഹചര്യത്തില്‍ നിരവധി മലയാള ചിത്രങ്ങള്‍ റിലീസ് മാറ്റിവെച്ചപ്പോഴും ഹൃദയം റിലീസ് ചെയ്യാനുള്ള തീരുമാനവുമായി അണിയറപ്രവര്‍ത്തകര്‍ മുന്നോട്ട് പോവുകയായിരുന്നു.

വിനീത് ശ്രീനിവാസന്‍ തന്നെയാണ് ചിത്രത്തിന്റെ സംവിധാനവും തിരക്കഥയും നിര്‍വഹിച്ചത്. മെറിലാന്‍ഡ് സിനിമാസിന്റെ ബാനറില്‍ വിശാഖ് സുബ്രഹ്മണ്യമാണ് ചിത്രം നിര്‍മിച്ചത്.

മെറിലാന്‍ഡ് സിനിമാസിന്റെ 70ാം വര്‍ഷത്തിലൊരുങ്ങിയ എഴുപതാമത്തെ ചിത്രമാണിത്. 40 വര്‍ഷത്തിന് ശേഷം മെറിലാന്‍ഡ് സിനിമാസിന്റെ ബാനറില്‍ ഒരുങ്ങിയ ചിത്രം കൂടിയാണ് ഹൃദയം.


Content Highlight: hridayam movie new song out