ഇന്ന് നമ്മളനുഭവിക്കുന്ന എറ്റവും വലിയ പ്രതിസന്ധിയാണ് കാര്‍ഷിക മേഖലയുടെത്. വ്യാസായികവല്‍ക്കരണത്തിന്റെ അതിപ്രസരം മറ്റെല്ലാ മേഖലയെയും പോലെ തന്നെ കൃഷിയെയും തകിടം മറിച്ചുവെന്നു പറയാം. ഇന്ന് വികസനത്തിന്റെ പര്യായമായി ദ്വിതീയ-ത്രിദീയ മേഖലകള്‍ക്ക് അമിത പ്രാധാന്യം ലഭിച്ചിരിക്കുന്നു. ഭക്ഷ്യക്ഷാമം എന്നത് ഇന്ന് ഒരു ചോദ്യചിഹ്നമായി അവശേഷിക്കുമ്പോള്‍ കേരള ഫാം ഇന്‍ഫര്‍മേഷന്‍ ബ്യൂറോ, കേരള കര്‍ഷകന്‍മാസിക എന്നിവയുടെ സഹകരണത്തോടുകൂടി ഇന്റര്‍നെറ്റ് വായനക്കാര്‍ക്കായി ഡൂള്‍ന്യൂസ്.കോം അതിന്റെ ചരിത്രപരമായ ഇടപെടല്‍ നടത്തുന്നു…
കേരളകര്‍ഷകന്‍ / ഡോ.വി.കൃഷ്ണകുമാര്‍
നമ്മുടെ സംസ്ഥാനത്ത് കൊല്ലം തോറും ശരാശരി 3000 മില്ലി മീറ്റര്‍ മഴ കിട്ടുന്നുവെന്നാണ് കണക്ക്. എങ്കിലും തുലാവര്‍ഷവും വേനല്‍ മഴയും പൊതുവെ കുറവാണ്.
ആകെ കിട്ടുന്ന മഴയുടെ ഏതാണ്ട് 85 ശതമാനവും ജൂണ്‍ മുതല്‍ സെപ്റ്റംബര്‍ ഒക്‌ടോബര്‍ മാസങ്ങളിലെ നൂറോളം മഴ ദിനങ്ങളിലായാണ് ലഭിക്കുന്നത്. ഇങ്ങനെ ചുരുങ്ങിയ സമയത്തിനുള്ളില്‍ കൂടുതല്‍ മഴ പെയ്യുന്നതിനാല്‍ മഴവെള്ളം മുഴുവന്‍ മണ്ണിലിറങ്ങി ഭൂഗര്‍ഭജലവിതാനം വര്‍ധിക്കാന്‍ ഇടവരുന്നില്ല.[]
ആകെ മഴയുടെ ഏകദേശം 78% വരെ വെള്ളം തോടുകളിലേയ്ക്കും നദികളിലേയ്ക്കുമൊക്കെ ഒഴുകിപ്പോകുകയാണ് പതിവ്. വേനല്‍ക്കാലത്തെ ജലഭൗര്‍ലഭ്യത്തിന് ഒരു കാരണമിതാണ്. കഴിഞ്ഞ 160 വര്‍ഷത്തെ ഏറ്റവും കഠിനമായ വേനലുകളിലൊന്നായിരിക്കും 2013 ലേതെന്ന് ഏതാണ്ട് ഉറപ്പിക്കാം.
1901 നു ശേഷം ഏറ്റവും കഠിനമായ ഒന്‍പതാമത്തെ വേനലാണ് കഴിഞ്ഞ കൊല്ലം അനുഭവപ്പെട്ടത്. അതിലും കഠിനമായ വേനലായിരിക്കും ഈ കൊല്ലത്തെ വേനലെന്നാണ് സൂചന. ദീര്‍ഘകാല ആഗോള ശരാശരി താപനിലയേക്കാള്‍ 0.48 ഡിഗ്രി സെല്‍ഷ്യസ് കൂടുതല്‍ ചൂടാണ് ഈ വര്‍ഷം അനുഭവപ്പെടാന്‍ സാദ്ധ്യത.
മിക്കവാറും എല്ലാ തോട്ടവിളകളും പൊതുവെ മഴയെ ആശ്രയിച്ചാണ് കൃഷി ചെയ്യുന്നത് അതുകൊണ്ട് തന്നെ മണ്ണിലെ ഈര്‍പ്പം വേനല്‍ മാസങ്ങളില്‍ സംരക്ഷിച്ചു നിര്‍ത്തുകയും വെയിലില്‍ നിന്ന് വിളകള്‍ക്ക് പരിരക്ഷ നല്‍കുകയും വേണം.
തുടര്‍ച്ചയായി രണ്ടാഴ്ചയോളം വരള്‍ച്ച നീണ്ടുനിന്നാല്‍ തെങ്ങിന്‍ തൈകളുടെ ഓലകള്‍ വാടുകയും ഉണങ്ങുകയും ഒടുവില്‍ തൈ തന്നെ നശിക്കുകയും ചെയ്യും. വേനല്‍ മാസങ്ങളിലുണ്ടാകുന്ന വരള്‍ച്ച കായ്ക്കുന്ന തെങ്ങുകളുടെ ഓല മടലുകള്‍ ഒടിഞ്ഞു തൂങ്ങാന്‍ കാരണമാകും.
ഇത്തരം ഓലകള്‍ പിന്നീട് ഉണങ്ങി നശിക്കും. വെള്ളയ്ക്കയും മൂപ്പെത്താത്ത തേങ്ങയും പൊഴിയും. തെങ്ങുകള്‍ ഒരിക്കല്‍ വരള്‍ച്ചയില്‍പ്പെട്ട് വളര്‍ച്ച പ്രതികൂലമായാല്‍ ആരോഗ്യം വീണ്ടെടുത്ത് ശരിയായ വിളവുതരാന്‍ വീണ്ടും രണ്ടു മൂന്നു കൊല്ലമെങ്കിലും വേണ്ടി വരും.
വേനല്‍ പരിചരണമായി തെങ്ങിന്‍ തടത്തിലും തോട്ടത്തില്‍ മുഴുവനായും ലഭ്യമായ ജൈവ വസ്തുക്കളുപയോഗിച്ചു പുതയിടുക. തെങ്ങോലകള്‍ കത്തിച്ചു കളയാതെ ചെറിയ കഷണങ്ങളാക്കി നെടുകയും കുറുകെയും മൂന്നു നാലു നിരകളായി ഇടുകയോ അഴുകിയ ചകിരിച്ചോര്‍ 7-8 സെ. മീറ്റര്‍ കനത്തില്‍ വിരിക്കുകയോ ചെയ്യുക.
തെങ്ങിന്‍ ചുവട്ടില്‍ നിന്ന് 1.5 – 2 മീറ്റര്‍ ചുറ്റളവില്‍ വൃത്താകൃതിയില്‍ 30 സെ.മീ ആഴത്തില്‍ ചാലെടുത്ത് മൂന്നോ നാലോ അട്ടിയായി തൊണ്ട് ചേര്‍ത്ത് അടുക്കിയിട്ട് അതിനുമീതെ ചെറുകനത്തില്‍ മണ്ണിട്ടു മൂടിയാല്‍ ഈര്‍പ്പസംരക്ഷണം ഉറപ്പാക്കാം.
ഏറ്റവും അടിയില്‍ രണ്ടോ മൂന്നോ നിര ഉള്‍ഭാഗം മുകളില്‍ വരുംവിധം മലര്‍ത്തിയും ഏറ്റവും മുകളിലുള്ള നിര കമഴ്ത്തിയുമാണ് തൊണ്ട് അടുക്കേണ്ടത്. തൊണ്ട് കിട്ടാന്‍ ബുദ്ധിമുട്ടാണെങ്കില്‍ ഒരു നിര മാത്രം കമഴ്ത്തി അടുക്കിയാലും മതിയാകും.
മെടഞ്ഞ ഓലകള്‍ തെക്കു പടിഞ്ഞാറുഭാഗത്തായി നാട്ടി ഉച്ചയ്ക്കുശേഷമുള്ള വെയിലടിക്കുന്നതില്‍ നിന്നും തൈത്തെങ്ങുകളെ സംരക്ഷിക്കണം. വലിയ തെങ്ങിന്റെ മണ്ടയിലെ ഏറ്റവും താഴെ ഉള്ള ഉണങ്ങിയ രണ്ടു മൂന്നോലകള്‍ വേനല്‍ക്കാലത്ത് വെട്ടിനീക്കാം.
മണ്‍കുടത്തില്‍ വെള്ളം നിറച്ച് തെങ്ങിന്‍ തടത്തില്‍ വയ്ക്കുന്നത് വെള്ളം മണ്ണില്‍ അല്‍പാല്പം കിട്ടാന്‍ സഹായിക്കും. സൗകര്യമുണ്ടെങ്കില്‍ വേനല്‍ക്കാലത്ത് നനയ്ക്കുകയാണ് കൂടുതല്‍ വിളവുകിട്ടാന്‍ ഏറ്റവും യോജ്യം.
കവുങ്ങിന്‍ തടിയില്‍ ദീര്‍ഘനാള്‍ സൂര്യപ്രകാശം നേരിട്ടടിച്ചാല്‍ പൊള്ളി പലഭാഗത്തും നീളത്തില്‍ പാടുവീഴുന്നത് കാണാം. തെക്കുപടിഞ്ഞാറന്‍ ദിശയില്‍ നിന്നാണ് വെയിലടിക്കുന്നതെങ്കില്‍ പ്രശ്‌നം രൂക്ഷമാകും. സ്വര്‍ണ്ണമഞ്ഞനിറത്തില്‍ ആദ്യമുണ്ടാകുന്ന പാടുകള്‍ ക്രമേണ കടും തവിട്ടു നിറമായി തുടര്‍ന്ന് നെടുനീളത്തില്‍ ചെറിയ വിള്ളലുകള്‍ ഉണ്ടാകും.
ഇതിലൂടെ രോഗകാരികളായ കുമിളുകള്‍ പ്രവേശിച്ച് തടി ദുര്‍ബലപ്പെടുത്തും. ചിലപ്പോള്‍ തടി ഒടിയാനും സാധ്യതയുണ്ട്. ഇങ്ങനെ വിള്ളലുകള്‍ ഉണ്ടായാല്‍ കവുങ്ങിന്റെ കഷണങ്ങള്‍ നീളത്തില്‍ വച്ചു കെട്ടി തടി ബലപ്പെടുത്തണം.
വേഗം വളരുന്ന തണല്‍ മരങ്ങള്‍ തോട്ടത്തിന്റെ തെക്കു പടിഞ്ഞാറന്‍ അതിര്‍ത്തിയില്‍ വളര്‍ത്തുക. കവുങ്ങു മരങ്ങളെ അതിന്റെ പാള/ തണുങ്ങ് തന്നെ ഉപയോഗിച്ചു പൊതിഞ്ഞുകെട്ടുക, കവുങ്ങില്‍ കുരുമുളക് പടര്‍ത്തുക മുതലായവ സൂര്യാഘാതം കുറയ്ക്കാന്‍ സഹായകരമാണ്. വേനല്‍ക്കാലം തുടങ്ങുന്നതോടെ തടിയില്‍ കുമ്മായം പൂശുകയുമാവാം.
അടുത്തപേജില്‍ തുടരുന്നു
വേനല്‍ച്ചൂട് എല്ലാ പ്രായത്തിലും റബ്ബര്‍ മരങ്ങളെ ബാധിക്കുമെങ്കിലും നഴ്‌സറികളിലെയും കൃഷിയിടങ്ങളിലെയും ചെറുതൈകളെയാണ് ഏറെ ബാധിക്കുക. നഴ്‌സറി തൈകളില്‍ നേരിട്ടു വെയിലടിച്ചാല്‍ വാടിയുണങ്ങും.
തെക്ക്, തെക്കുപടിഞ്ഞാറന്‍ ഭാഗത്തുള്ള തൈകളാണ് ഇത്തരത്തില്‍ കൂടുതല്‍ നശിക്കുന്നത്. ചെറിയ തൈകളുടെ പ്രകാശ സംശ്ലേഷണത്തെ പ്രതികൂലമായി ബാധിക്കുകയും വളര്‍ച്ച മുരടിക്കുകയും ചെയ്യുന്നു.[]
ഹരിതകത്തിന്റെ അളവ് കുറഞ്ഞ് ഇലയരികുകള്‍ മഞ്ഞളിക്കുന്നു. തുടര്‍ന്ന് ഇലകള്‍ കൊഴിയും. തൈകള്‍ പൂര്‍ണ്ണമായി നശിക്കും. നഴ്‌സറിയില്‍ തണല്‍ നല്‍കുന്നതും തൈകള്‍ക്കുചുറ്റും പുതയിടുന്നതും നല്ലതാണ്.
വേനലിന്റെ കാഠിന്യം കൂടുതല്‍ ബാധിക്കുന്നത് ഒന്നുമുതല്‍ നാലുവര്‍ഷം പ്രായമുള്ള തൈകളെയാണ്. നടീലിനു ശേഷം ഒന്നും രണ്ടും കൊല്ലങ്ങളില്‍ ശരിയായ വേനല്‍ക്കാല സംരക്ഷണം നല്‍കിയില്ലെങ്കില്‍ തൈകള്‍ ഉണങ്ങും.
ചെറുതൈകള്‍ക്കു ചുറ്റും പുതയിടുക ; മെടഞ്ഞ തെങ്ങോലയോ ചണച്ചാക്കോ കൊണ്ട് തണല്‍ നല്കുക. ചെറു തൈകളുടെ ഇലകളും ചുവടുഭാഗത്തുള്ള പട്ടയും വേനല്‍ക്കാലത്ത് ചൂടേറ്റ് ഉണങ്ങിപ്പോകാനിടയുണ്ട്.
ബഡ്ഡു കുറ്റികളാണ് നട്ടതെങ്കില്‍ ഇത് തടയാന്‍ കൂടകള്‍ വച്ചും തൈകള്‍ക്കു ചുറ്റും ഉണങ്ങിയ ചവറുപയോഗിച്ചും പുതയിടുകയും വേണം. ഈറയോ മെടഞ്ഞ ഓലയോ ഉപയോഗിച്ചുണ്ടാക്കിയ കൂടകള്‍ ഉപയോഗിക്കാം. ഏതാണ്ട് 45 -60 സെ.മീ ഉയരവും 30 -45 സെ.മീ വ്യാസവും കൂടകള്‍ക്കുണ്ടായിരിക്കണം.
തൈനട്ട് രണ്ടാം കൊല്ലം മുതല്‍ നവംബര്‍/ ഡിസംബര്‍ മാസം കുമ്മായം കലക്കി തായ്ത്തടിയില്‍ കട മുതല്‍ കവര വരെ തവിട്ടുനിറമുള്ള ഭാഗത്ത് വെള്ളപൂശണം. ഇത് തൈകളില്‍ ശിഖരങ്ങള്‍ നല്ലതുപോലെ വളര്‍ന്ന് തോട്ടത്തില്‍ ഭാഗികമായി തണല്‍ ഉണ്ടാകുന്നതുവരെയുള്ള കൊല്ലങ്ങളില്‍ തുടരണം.
വെള്ള പൂശാന്‍ കുമ്മായമാണ് ഉത്തമം. വെള്ളനിറം കുറവായതിനാല്‍ കളിമണ്ണ് (ചൈന ക്ലേ), മണ്ണ് എന്നിവ അത്ര ഗുണകരമല്ല. ഉണങ്ങിയ ഇലകള്‍, ആവരണവിളയുടെ അവശിഷ്ടങ്ങള്‍, കളകള്‍, വൈയ്‌ക്കോല്‍ മുതലായവ ഉപയോഗിച്ച് റബ്ബര്‍ തൈകളുടെ ചുവട്ടില്‍ പുതയിടുന്നത് മണ്ണിലെ ഈര്‍പ്പം സംരക്ഷിക്കും.
വെയിലത്തുണക്കിയ ആഫ്രിക്കന്‍ പായല്‍ ഒരു ചതുരശ്രമീറ്ററിന് 5 കി.ഗ്രാം തോതില്‍ പുതയിടാനുപയോഗിക്കാം. പൊട്ടാസ്യം എന്ന സസ്യമൂലകം വരള്‍ച്ചയെ ചെറുക്കാനുള്ള കഴിവു വര്‍ദ്ധിപ്പിക്കാന്‍ സഹായകരമാണെന്ന് കണ്ടെത്തിയിട്ടുണ്ട്.
സിലിക്കണ്‍ എന്ന മൂലകത്തിനും ഈ കഴിവുണ്ട്. ഉമിയില്‍ 47% സിലിക്കണ്‍ അടങ്ങിയിട്ടുണ്ട്. തൈകളുടെ ചുവട്ടില്‍ ഉമിയിടുന്നതും സാധാരണ ശുപാര്‍ശ ചെയ്തിട്ടുള്ള പൊട്ടാസ്യത്തിന്റെ അളവിന്റെ ഒന്നര – രണ്ടിരട്ടി നല്‍കുന്നതും വേനല്‍ക്കാല വരള്‍ച്ചയെ മറികടക്കാന്‍ സഹായിക്കും.
തോട്ടത്തില്‍ ആവരണ വിളകള്‍ വളര്‍ത്തുന്നത് വേനലിനെ ചെറുക്കും. നന്നായി വളരുന്ന ആവരണ വിളകള്‍ മണ്ണിനു മുകളില്‍ ഒരു പുതപ്പെന്നപോലെ മൂടുന്നതിനാല്‍ ബാഷ്പീകരണ ജലനഷ്ടം കുറയും.
വേനല്‍ക്കാലത്ത് ടാപ്പിംഗ് ആദായകരമായി തുടരണമെങ്കില്‍ തോട്ടത്തില്‍ ഈര്‍പ്പം നിലനിര്‍ത്തണം. മരങ്ങള്‍ വളര്‍ന്ന് ടാപ്പിങ്ങിന് പാകമാകുമ്പോഴേക്ക് തോട്ടത്തിലെ ആവരണ വിളകള്‍ നശിച്ചുതുടങ്ങിയിരിക്കും. അതിനാല്‍ ടാപ്പു ചെയ്യുന്ന തോട്ടത്തില്‍ അവ മൂലമുള്ള സംരക്ഷണം കിട്ടാനിടയില്ല.
എന്നാല്‍ മഴ തീരുന്നതിനുമുമ്പുതന്നെ മഴക്കുഴികള്‍ എടുത്തിട്ടുള്ള തോട്ടത്തില്‍ ഉണക്കിന്റെ കാഠിന്യം റബ്ബര്‍ മരങ്ങളെ കാര്യമായി ബാധിക്കാറില്ല. ആദായകരമായ ഉത്പാദനം ലഭിക്കുന്നുണ്ടെങ്കില്‍ വേനല്‍ക്കാലത്ത് ടാപ്പിംഗ് നിര്‍ത്തേണ്ടതില്ല. വേനലില്‍ മൂന്നു ദിവസത്തിലൊരിക്കല്‍ ടാപ്പിംഗ് തുടരാം.
അടുത്തപേജില്‍ തുടരുന്നു
കാപ്പിയുടെ ഉത്പാദനത്തെ ഏറ്റവും പ്രതികൂലമായി ബാധിക്കുന്ന പ്രശ്‌നമാണ് വരള്‍ച്ചയും കൂടിയ താപനിലയും. വേനല്‍ കഠിനമായുണ്ടാകുന്ന കൊല്ലങ്ങളില്‍ ഉത്പാദനത്തില്‍ 80% വരെ കുറവനുഭവപ്പെട്ടേക്കാം.
താപനില 32 ഡിഗ്രി സെല്‍ഷ്യസില്‍ കൂടിയാല്‍ കാപ്പിക്കുരുവിന്റെ വികാസത്തേയും പാകമാകലിനേയും ബാധിക്കും. ഇത് പിന്നീട് ഗുണക്കുറവിനിടയാക്കും. തുടര്‍ച്ചയായി 30 ഡിഗ്രി സെല്‍ഷ്യസില്‍ കൂടുതല്‍ താപനില നിന്നാല്‍ ഇലകള്‍ മഞ്ഞളിക്കുകയും തായ്ത്തടിയുടെ അടിഭാഗത്ത് മുഴകളുണ്ടാകുകയും ചെയ്യാറുണ്ട്.[]
പൂക്കാലത്താണ് കൂടുതല്‍ ചൂടനുഭവപ്പെടുന്നതെങ്കില്‍ പൂക്കള്‍ കൊഴിയും. ശരിയായ പരാഗണം നടക്കുകയുമില്ല.
അറബിക്ക കാപ്പിക്ക് 50-60% തണല്‍ ശരിയായ വളര്‍ച്ചയ്ക്കും ഉത്പാദനത്തിനും ആവശ്യമാണ്. ഇതിന് തോട്ടത്തില്‍ രണ്ടു നിലകളിലായി തണല്‍ മരങ്ങള്‍ വളര്‍ത്തണം.
ഫെബ്രുവരി മാര്‍ച്ച് മാസങ്ങളില്‍ ഇവയുടെ കമ്പുകള്‍ കോതി തണല്‍ നിയന്ത്രിക്കണം. അറബിക്ക ഇനത്തിന് റോബസ്റ്റയേക്കാള്‍ വരള്‍ച്ചയെ നേരിടാന്‍ കഴിവുണ്ട്. അറബിക്ക ഇനത്തില്‍ ഫെബ്രുവരി 15 നും മാര്‍ച്ച് 15 നും ഇടയില്‍ പൂമൊട്ടുകള്‍ പൂര്‍ണ്ണ വളര്‍ച്ചയെത്തുകയും വിരിയുന്നതിന് പാകമാകുകയും ചെയ്യും.
ഈ സമയം മഴ കിട്ടുന്നില്ലെങ്കില്‍ അവ പിങ്ക് നിറമായി കൊഴിഞ്ഞു വീഴും. സ്പ്രിംഗ്‌ളര്‍ ജലസേചനം നടത്തി ഇത് പരിഹരിക്കണം. പൂക്കള്‍ വിരിയുന്നതിന് 25 മി. മീറ്റര്‍ വെള്ളമാണ് നല്‍കേണ്ടത്. റോബസ്റ്റ കാപ്പി അറബിക്ക ഇനത്തേക്കാള്‍ ദുര്‍ബലമാണ്.
മാര്‍ച്ച് 15 നുള്ളില്‍ മഴ കിട്ടുന്നില്ലെങ്കില്‍ ചെടികള്‍ പുഷ്പിക്കുന്നതിനെ പ്രതികൂലമായി ബാധിക്കും വന്‍തോതില്‍ ജലസേചന സൗകര്യമുള്ള സ്ഥലങ്ങളില്‍ വേണം റോബസ്റ്റ കാപ്പി കൃഷി ചെയ്യാന്‍. റോബസ്റ്റ കാപ്പിയില്‍ പോഷക മൂലകലായനി തളിക്കുന്നത് വരള്‍ച്ചയെ ചെറുക്കാന്‍ സഹായിക്കും.
200 ലിറ്റര്‍ ലായനി തയ്യാറാക്കാന്‍ ഒരു കിലോ വീതം യൂറിയ, സൂപ്പര്‍ ഫോസ്‌ഫേറ്റ്, സിങ്ക്‌സള്‍ഫേറ്റ് എന്നിവയും 3/4 കിലോ മ്യൂറിയേറ്റ് ഓഫ് പൊട്ടാഷും വേണം. അവസാന മഴ കഴിഞ്ഞ് ഏതാണ്ട് ജനുവരി പകുതിയോടെ ആദ്യ തവണയും പിന്നീട് ഒന്നൊന്നര മാസം കഴിഞ്ഞ് രണ്ടാം തവണയും ലായനി കാപ്പി ഇലകളില്‍ തളിക്കണം.
സസ്യസ്വേദനം നിയന്ത്രിക്കാന്‍ 200 ലിറ്റര്‍ വെള്ളത്തില്‍ 200 മി.ലീറ്റര്‍ റാലിധാന്‍ 110 (0.10 ശതമാനം)കലക്കി ഇലകളില്‍ തളിക്കുന്നതും നന്ന്. തോട്ടത്തില്‍ ലഭ്യമാകുന്ന എല്ലാത്തരം ജൈവ വസ്തുക്കളുമുപയോഗിച്ച് വേനല്‍ക്കാലം തുടങ്ങുന്നതോടെ പുതയിടാം.
കേരളത്തില്‍ പൊതുവില്‍ നവംബര്‍ മാസം പകുതിയോടെ വേനല്‍ ആരംഭിക്കാറുണ്ട്. ഇത് ഏപ്രില്‍ – മേയ് മാസം വരെ നീളുകയും ചെയ്യും. കഠിനമായും വരള്‍ച്ച ഏല്‍ക്കുന്ന സമയത്ത് മാത്രം ജലസംരക്ഷണരീതികളും മറ്റു കൃഷിപ്പണിമുറകളും സ്വീകരിക്കുന്നതു കൊണ്ട് വേണ്ടത്ര പ്രയോജനം കിട്ടി എന്നുവരില്ല.
അതിനാല്‍ മഴക്കാലം തീരുന്ന മുറയ്ക്ക് തോട്ടത്തില്‍ പലയിടങ്ങളിലും സൗകര്യപ്രദമായ നീളത്തിലും അര മീറ്റര്‍ താഴ്ചയും വീതിയുമുള്ള കുഴികളെടുത്ത് മഴക്കാലത്ത് ഒഴുകി നഷ്ടപ്പെടാനിടയുള്ള വെള്ളം സംഭരിച്ചു മണ്ണില്‍ ഇറങ്ങാന്‍ അവസരമൊരുക്കണം. ഇത്തരം കുഴികളില്‍ കരിയിലകളോ മറ്റു ചപ്പുചവറുകളോ തൊണ്ടോ നിറയ്ക്കുന്നതും നല്ലതാണ്.
മിക്കതോട്ടവിളകളേയും കഠിനമായ വേനല്‍ക്കാലം പ്രതികൂലമായി ബാധിക്കാറുണ്ട്. ഇതിനെതിരെ വിവിധ കൃഷിമുറകള്‍ യഥാസമയം അനുവര്‍ത്തിച്ചാല്‍ വരള്‍ച്ചയുടെ രൂക്ഷത വലിയൊരു പരിധി വരെ കുറയ്ക്കാന്‍ കഴിയും.
———————————————————————————————————————–
കേന്ദ്ര തോട്ടവിള ഗവേഷണ കേന്ദ്രത്തിലെ സീനിയര്‍ സയന്റിസ്റ്റാണ് ലേഖകന്‍.
ലേഖകന്റെ ഫോണ്‍ നമ്പര്‍ : 9447364877