ഇനിയും നേരം വെളുക്കാത്തവര്‍ക്ക് വേണ്ടി
DISCOURSE
ഇനിയും നേരം വെളുക്കാത്തവര്‍ക്ക് വേണ്ടി
Infoclinics
Thursday, 6th May 2021, 12:15 pm

കൊവിഡ് പാന്‍ഡമിക് പ്രതീക്ഷകളെ തകര്‍ത്തുകൊണ്ട് മുന്നേറുകയാണ്. മുന്നിലുള്ള അപകടം അംഗീകരിക്കാന്‍ കൂട്ടാക്കാത്തവര്‍ അദൃശ്യമായി ഉരുണ്ടുകൂടുന്ന കൊവിഡ് സുനാമിയില്‍ ഒഴുകിപ്പോകും എന്ന കാര്യത്തില്‍ സംശയം വേണ്ട. ഈ വിഷയത്തില്‍ വൈദഗ്ദ്യമുള്ളവരുടെ മികച്ച ലേഖനങ്ങള്‍ ധാരാളമായി ഇപ്പോള്‍ വരുന്നുണ്ട്. അതൊക്കെ വായിക്കാന്‍ ശ്രമിക്കുക. അറിവ് കൊണ്ട് മാത്രമേ ഈ രോഗസംക്രമണത്തെ പ്രതിരോധിക്കാന്‍ കഴിയൂ. പ്രാധാനപ്പെട്ട ചില കാര്യങ്ങള്‍ സംക്ഷിപ്തമായി താഴെ എഴുതുന്നു.

കൊവിഡ് 19 രണ്ടാം തരംഗം പലരും വിചാരിക്കുന്നതിനേക്കാള്‍ മാരകമാണ്.
വൈറസിന്റെ രോഗപ്പകര്‍ച്ച ശേഷി വളരെയധികം വര്‍ദ്ധിച്ചിരിക്കുന്നു. നേരത്തെ ഒരു വീട്ടില്‍ ഒരാളില്‍ നിന്ന് 1 – 2 പേരിലേക്ക് പകര്‍ന്നിരുന്നത് ഇപ്പോള്‍ വീട്ടിലെ എല്ലാ അംഗങ്ങളിലേക്കും അതിവേഗം പകരുകയാണ്. എല്ലാവരും ഒറ്റയടിക്ക് രോഗികളാവുന്നു.

വൈറസിന്റെ വേഗത മാത്രമല്ല, തീക്ഷ്ണതയും വര്‍ദ്ധിച്ചതായി കരുതേണ്ടിയിരിക്കുന്നു. മരണനിരക്ക് ക്രമേണ കൂടുന്നു.

നേരത്തെ 60 വയസ്സിന് മുകളിലുള്ളവരെയായിരുന്നു രോഗാണു കൂടുതല്‍ ബാധിച്ചിരുന്നത്. ഇപ്പോള്‍ അങ്ങനെയല്ല. 35 നും 55 നും ഇടയിലുള്ളവര്‍ കൂടുതല്‍ രോഗികളായി തീരുന്നു. അവരില്‍ രോഗം സങ്കീര്‍ണ്ണമാകുന്നവരുടെയും മരണമടയുന്നവരുടെയും എണ്ണവും ക്രമേണ കൂടിവരികയാണ്.

ഐ.സി.യു കിടക്കകളും വെന്റിലേറ്ററുകളും ഓക്‌സിജന്‍ സപ്ലൈയും കേരള ഗവണ്‍മെന്റ് കഴിഞ്ഞ വര്‍ഷം തന്നെ വലിയൊരു രോഗപ്പകര്‍ച്ചയെ മുന്നില്‍ കണ്ട് തയ്യാറാക്കിയിരുന്നു. എന്നാല്‍ നാം ഇപ്പോള്‍ കാണുന്നത് എന്താണ്. ഐ.സി.യു കിടക്കകള്‍ അതിവേഗം നിറയുന്നു. വെന്റിലേറ്റര്‍ ആവശ്യമായി വരുന്ന രോഗികളുടെ എണ്ണവും ദിനംപ്രതി കൂടുന്നു.

രോഗപ്പകര്‍ച്ച ഈ രീതിയില്‍ മുന്നോട്ട് പോയാല്‍ എത്ര ഒരുക്കങ്ങള്‍ ചെയ്താലും അവയൊക്കെ മതിയാകാതെ വരും. സര്‍ക്കാര്‍ ആശുപത്രിയിലോ, സ്വകാര്യ ആശുപത്രിയിലോ കിടക്കകള്‍ കിട്ടാതെയാവാനും സാധ്യതയുണ്ട്.

ഭാവിയില്‍ ഗുരുതര രോഗികള്‍ക്ക് ഐ.സി.യു ചികിത്സയോ, വെന്റിലേറ്റര്‍ സഹായമോ ലഭ്യമാകാതിരിക്കാനുള്ള സാഹചര്യവും ഉരുത്തിരിയപ്പെടാം. നമുക്ക് മികച്ച ഒരു ആരോഗ്യ സംവിധാനമുണ്ട്. നാം ഉറപ്പായും നല്ല ഒരുക്കങ്ങള്‍ ചെയ്തിട്ടുണ്ട്. ഇപ്പോള്‍ കൂടുതല്‍ മെച്ചപ്പെട്ട രീതിയില്‍ തയ്യാറെടുക്കുകയും ചെയ്യുന്നു. ഇതെല്ലാം സത്യമാണ്.

പക്ഷെ, പുതിയതായി അണുബാധയുണ്ടാവുന്നവരുടെ എണ്ണം കുറയ്ക്കുന്നതില്‍ പരാജയപ്പെട്ടാല്‍ എല്ലാ ഒരുക്കങ്ങളും നിഷ്ഫലമായിത്തീരും. ഇപ്പോള്‍ തന്നെ രോഗികളായി തീര്‍ന്നവരെയും, വരും ദിവസങ്ങളില്‍ രോഗികളായിത്തീരും വണ്ണം വൈറസ് ഉള്ളില്‍ പ്രവേശിച്ചവരെയും പുതിയതായി രോഗികളായി തീരുന്നവരെയും ഒരുമിച്ച് കൈകാര്യം ചെയ്യാന്‍ നമ്മുടെ സംവിധാനങ്ങള്‍ക്ക് കഴിയാതെ വരാം.

ഓക്‌സിജന്‍ ക്ഷാമമുണ്ടാവാം. കിടക്കകള്‍ ഇല്ലാതെ വരാം. ഡോക്ടര്‍മാര്‍ക്കും നെഴ്‌സസിനും എല്ലാവര്‍ക്കും പരിചരണം നല്‍കാന്‍ കഴിയാതെ വരാം. അങ്ങനെ വന്നാല്‍ കൂട്ടമരണങ്ങള്‍ സംഭവിക്കും. രോഗപകര്‍ച്ച തടഞ്ഞില്ലെങ്കില്‍, നാം ആ ഘട്ടത്തിലേക്ക് നടന്നടുക്കും എന്നതാണ് യാഥാര്‍ത്ഥ്യം.

അതുകൊണ്ട്, ചികിത്സപരിചരണ സൗകര്യങ്ങള്‍ മെച്ചപ്പെടുത്തുന്നതിനൊപ്പം അണുബാധയുണ്ടാകുന്നവരുടെ എണ്ണം കുറയ്ക്കാനുള്ള ഫീല്‍ഡ് ലെവല്‍ പ്രവര്‍ത്തനങ്ങള്‍ ഊര്‍ജ്ജസ്വലമാക്കാനുള്ള നടപടികള്‍ വേണ്ടപ്പെട്ടവര്‍ സ്വീകരിക്കട്ടെ. എല്ലാത്തിന്റെയും അടിസ്ഥാനം അതാണല്ലോ.
പക്ഷെ നമുക്ക് ചെയ്യാനായി ചില കാര്യങ്ങളുണ്ട്. അവ താഴെ കൊടുക്കുന്നു.

പുറത്തു പോകുന്നത് അത്യാവശ്യമില്ലാത്തവരും, ശാന്തമായി വീട്ടിലിരിക്കാന്‍ കഴിയുന്നവരും വീട്ടിനുള്ളില്‍ തന്നെ കഴിയുക. അത്രയും തിരക്കും ആള്‍കൂട്ടവും കുറയും.

ഒരു കാരണവശാലും മാസ്‌ക് താഴ്ത്തി സംസാരിക്കരുത്. മാസ്‌ക്കില്ലാതെ സംസാരിക്കുമ്പോഴാണ് പ്രധാനമായും വൈറസ് പകരുന്നത്.

എല്ലാ മീറ്റിംഗുകളും പാര്‍ട്ടികളും ചടങ്ങുകളും ഒഴിവാക്കുക.

വരുന്ന ഒരു മാസം ഒരു കല്യാണത്തിനും പോകരുത്. ഒരു കല്യാണവും നടത്തരുത്.

മരിച്ചയാളെ സംസ്‌കരിക്കേണ്ടത് നിങ്ങളല്ലെങ്കില്‍, ഒരു മരണാനന്തര ചടങ്ങിനും പങ്കെടുക്കരുത്. ആരില്‍ നിന്നും രോഗം പകരാം .

വായുസഞ്ചാരമില്ലാത്ത അടഞ്ഞ മുറികളില്‍ കഴിവതും കയറാതിരിക്കുക. കഴിയാതിരിക്കുക.

നിങ്ങള്‍ ഇരിക്കുന്ന മുറിയുടെ ജനലുകളും വാതിലുകളും തുറന്നിടുക. എങ്കില്‍ വൈറസിന് ഉള്ളില്‍ തങ്ങി നിന്ന് പകരാന്‍ കഴിയില്ല.

ഒരു കാരണവശാലും ഒരു തിരക്കിലും പങ്കാളികളാവരുത്.

സംഘം ചേര്‍ന്നിരുന്ന് മദ്യപാനം രോഗപകര്‍ച്ച കൂട്ടുന്ന ശീലമാണ്. സൂക്ഷിക്കുക.

കാപ്പിക്കടകളിലും ഭക്ഷണശാലകളിലും ഒരുമിച്ചിരുന്ന് ഭക്ഷണം കഴിക്കലും, കൂടിയിരുന്നുള്ള സംഭാഷണവും നിങ്ങളിലേക്ക് രോഗാണു വരുന്നതിനും, നിങ്ങളില്‍ നിന്ന് മറ്റുള്ളവരിലേക്ക് രോഗാണു സഞ്ചരിക്കുന്നതിനും കാരണമാകും.

വൈറസ് പുല്ലാണ് എന്ന് കരുതി പെരുമാറുന്നവരെ സൂക്ഷിക്കുക. അവരോടൊപ്പം അത്യാധുനിക സൗകര്യങ്ങളോട് കൂടിയ ക്രിമറ്റോറിയങ്ങളിലേക്ക് പോകാന്‍ നിങ്ങള്‍ക്ക് താല്പര്യമില്ലെങ്കില്‍, അവരില്‍ നിന്ന് കര്‍ശനമായി അകലം പാലിക്കുക.

മാനസികാരോഗ്യം നിലനിറുത്തുക. അമിതമായ ഉത്കണ്ഠയും വിഷാദവുമുണ്ടെങ്കില്‍ വൈദ്യസഹായം തേടാന്‍ മടി കാണിക്കരുത്. ഉത്കണ്ഠയും വിഷാദവും നിങ്ങളുടെ രോഗപ്രതിരോധ ശേഷിയെ പ്രതികൂലമായി ബാധിക്കുമെന്ന് മാത്രമല്ല, ജീവനെ അപകടപ്പെടുത്തുകയും ചെയ്യും.

ഇത്രയും കാര്യങ്ങള്‍ അതീവ നിഷ്‌കര്‍ഷയോടെ ഒരു മാസം ചെയ്യുക. ഒരു മാസം കഴിയുമ്പോള്‍ വൈറസ് അപ്രത്യക്ഷമാകും എന്നല്ല പറയുന്നത്. രോഗപ്പകര്‍ച്ചയുടെ ഈ കുതിച്ചുചാട്ടം അടങ്ങും. നമ്മുടെ ആരോഗ്യ സംവിധാനത്തിന് ഏറ്റവും കാര്യക്ഷമമായി പ്രവര്‍ത്തിക്കാന്‍ കഴിയും. ഇപ്പോള്‍ തന്നെ രോഗബാധിതരായി ആശുപത്രികളില്‍ നിറയുന്നവരുടെ ഇടയിലേക്ക് പുതിയ രോഗികളായി നിങ്ങള്‍ക്ക് പോകേണ്ടി വരില്ല.

ഒരു മാസം കഴിഞ്ഞ് രോഗം പിടിപെട്ടാലോ എന്നാലോചിച്ച് നാം പരിഭ്രാന്തരാകേണ്ടതില്ല. രോഗസംക്രമണത്തിന്റെ കുതിപ്പ് കുറയ്ക്കാനായാല്‍, നിങ്ങള്‍ രോഗികളായാല്‍ പോലും ഏത് ആശുപത്രിയിലും ഉറപ്പായും നിങ്ങള്‍ക്ക് കിടക്കയുണ്ടാവും. രോഗം തീക്ഷ്ണമായാലോ എന്നോര്‍ത്ത് ഉത്കണ്ഠ വേണ്ട. തിരക്കില്ലാത്ത ഐ.സി.യുകള്‍ ഒരുങ്ങിയിരിക്കും. ഓക്‌സിജന് ഒരിക്കലും ക്ഷാമവും ഉണ്ടാകില്ല. എന്തുവേണമെന്ന് തീരുമാനിക്കുക.

എഴുതിയത്: ഡോ. GR Santhosh Kumar
ഗസ്റ്റ് റൈറ്റര്‍,
ഇന്‍ഫോ ക്ലിനിക്

ഡൂള്‍ന്യൂസിനെ ടെലഗ്രാംവാട്‌സാപ്പ് എന്നിവയിലൂടേയും  ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക

ഡൂള്‍ന്യൂസിന്റെ സ്വതന്ത്ര മാധ്യമപ്രവര്‍ത്തനത്തെ സാമ്പത്തികമായി സഹായിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ


Content Highlight: How to prevent covid second wave says Dr Santhosh Kumar