എഡിറ്റര്‍
എഡിറ്റര്‍
ബേബിയുടെ സ്വന്തം ‘ആല്‍’മാവ്
എഡിറ്റര്‍
Tuesday 15th January 2013 12:05pm


ഇന്ന് നമ്മളനുഭവിക്കുന്ന എറ്റവും വലിയ പ്രതിസന്ധിയാണ് കാര്‍ഷിക മേഖലയുടെത്. വ്യാസായികവല്‍ക്കരണത്തിന്റെ അതിപ്രസരം മറ്റെല്ലാ മേഖലയെയും പോലെ തന്നെ കൃഷിയെയും തകിടം മറിച്ചുവെന്നു പറയാം. ഇന്ന് വികസനത്തിന്റെ പര്യായമായി ദ്വിതീയ-ത്രിദീയ മേഖലകള്‍ക്ക് അമിത പ്രാധാന്യം ലഭിച്ചിരിക്കുന്നു. ഭക്ഷ്യക്ഷാമം എന്നത് ഇന്ന് ഒരു ചോദ്യചിഹ്നമായി അവശേഷിക്കുമ്പോള്‍ കേരള ഫാം ഇന്‍ഫര്‍മേഷന്‍ ബ്യൂറോ, കേരള കര്‍ഷകന്‍ മാസിക എന്നിവയുടെ സഹകരണത്തോടുകൂടി ഇന്റര്‍നെറ്റ് വായനക്കാര്‍ക്കായി ഡൂള്‍ന്യൂസ്.കോം അതിന്റെ ചരിത്രപരമായ ഇടപെടല്‍ നടത്തുന്നു…


കേരളകര്‍ഷകന്‍ / കെ.ജോര്‍ജ്ജ്കുട്ടി മാത്യു

കണ്ണൂര്‍ പയ്യാവൂരിലുള്ള ബേബിയുടെ തോട്ടത്തിലെ കശുമാവുകളെല്ലാം ആല്‍മരത്തെപ്പോലെ പടര്‍ന്നു പന്തലിച്ചു നില്‍ക്കുകയാണ്. അതുകൊണ്ട് നാട്ടുകാര്‍ കശുമാവിനെ ആല്‍മാവ് എന്ന വിളിപ്പേരുമിട്ടു.

Ads By Google

വിമുക്ത ഭടനായ ഈ മലയോരകര്‍ഷകന്റെ കശുമാവുകള്‍ക്ക് അമരത്വം.  തികച്ചും ജൈവകൃഷിമാര്‍ഗങ്ങളിലൂടെ കനത്ത വിളവും.  രാസകീടനാശിനികളോ രാസവളങ്ങളോയില്ലാതെ കാശുവാരുന്ന ആല്‍മാവ് കൃഷി സൂത്രമിതാ…

പ്രകൃതിയില്‍ നിന്ന് തികച്ചും ആകസ്മികമായി കണ്ടെത്തിയതാണ് ഈ രീതി.  ഒരേക്കറില്‍ വളര്‍ത്തിയിട്ടുള്ള നാല്‍പത്തിയഞ്ച് കശുമാവുകളുള്ള  തോട്ടത്തില്‍ ഏഴുകൊല്ലം മുമ്പ് കാടു വെട്ടവേയാണ് നിലം പറ്റി കിടക്കുന്ന ഒരു കശുമാവ് ശിഖരത്തില്‍ നിന്ന് മണ്ണിലേക്കിറങ്ങിയ വേര് ശ്രദ്ധയില്‍പ്പെടുന്നത്.

സാധാരണയായി ആരുടേയും ശ്രദ്ധയില്‍പ്പെടാത്ത പ്രകൃതിയുടെ ഈ വികൃതി അദ്ദേഹത്തിന്റെ ചിന്തകളില്‍ തന്നെ സ്ഥാനം പിടിച്ചു. തൊട്ടടുത്ത വര്‍ഷത്തില്‍ അദ്ദേഹം ഒന്നുകൂടി കണ്ടെത്തി, ഈ കൊമ്പിന് വളര്‍ച്ചയേറിയിരിക്കുന്നു.

മാതൃമരത്തില്‍ നിന്ന് വേര്‍പ്പെടുത്താതെ തന്നെ മറ്റൊരു കശുമാവായി ഇത് രൂപം പ്രാപിച്ചിരിക്കുന്നു.  പിന്നീട് കൈത്തണ്ടയോളം വളര്‍ന്ന മറ്റ് ശിഖരങ്ങളില്‍ വേരു പിടിപ്പിക്കാനുള്ള ശ്രമങ്ങള്‍ ബേബി ആരംഭിച്ചു. ഇപ്രകാരം തെരഞ്ഞെടുത്ത ശിഖരങ്ങള്‍ മണ്ണില്‍ മുട്ടുന്നഭാഗത്ത് ഓരോകുട്ട മണ്ണിട്ട് പുറത്ത് ഭാരമുള്ള കല്ലുകയറ്റിവെച്ചാല്‍ മാത്രം മതിയെന്ന് കണ്ടെത്തി.

മണ്ണിനടിയിലുള്ള ഭാഗത്തുനിന്ന് വേരിറങ്ങി പോഷകാംശങ്ങള്‍ വലിച്ചെടുക്കാന്‍ ആരംഭിക്കുന്നതോടെ ശിഖരങ്ങള്‍ വണ്ണം വെയ്ക്കുകയും ശക്തിയുള്ള പുതുശിഖരങ്ങള്‍ പ്രത്യക്ഷപ്പെട്ട് രണ്ട് മൂന്ന് വര്‍ഷം കൊണ്ട് പുതിയ മാവുകളായി മാറുകയും ചെയ്യുന്നു.  പിന്നെ തുടുത്ത പഴങ്ങളും കനത്ത വിളവും സ്വന്തം.

ഏഴു കൊല്ലം മുമ്പ് ആരംഭിച്ച  പരീക്ഷണം മൂലം 45 കശുമാവുകളില്‍ നിന്ന്  നൂറ്റിയഞ്ചോളം  കശുമാവുകളുള്ള തോട്ടമായി ഇത് മാറിയിരിക്കുന്നു.  ചില കശുമാവുകള്‍ക്ക് ഈ രീതിയില്‍ പത്തുവരെ ശിഖരങ്ങളില്‍ വേരുപിടിപ്പിക്കുന്നതില്‍ വിജയിച്ചു കഴിഞ്ഞു.  രണ്ടായിരത്തി നാലില്‍ സുമാര്‍ നാനൂറ് കിലോ കശുവണ്ടി ലഭിച്ചപ്പോള്‍ ഇക്കൊല്ലം ആയിരത്തി മുന്നൂറ്  കിലോ കശുവണ്ടി ലഭിച്ചു.

നാട്ടുകാരെല്ലാം കശുമാവിന്‍  തോട്ടങ്ങള്‍ മുറിച്ചുമാറ്റി റബ്ബര്‍ തൈയ്ക്കായി നെട്ടോട്ടമോടുമ്പോള്‍ കഴിഞ്ഞ ഏഴുകൊല്ലത്തെ കൃഷിക്കണക്കുകള്‍ നിരത്തി ബേബി പ്രഖ്യാപിക്കുന്നു;  കാശുവാരും കശുമാവ്.  കഴിഞ്ഞ സീസണില്‍ ഒരു ലക്ഷത്തില്‍ പരം രൂപയാണ് ഒരേക്കര്‍ കശുമാവില്‍ നിന്ന് ലഭിച്ചത്;  അമിത കൃഷിച്ചെലവില്ലേയില്ല.

കശുവണ്ടി പെറുക്കിയെടുക്കുക എന്നതാണ് മുഖ്യപണി.  ആസിഡു വേണ്ട, ഷീറ്റടി വേണ്ട , ഉണക്കണ്ട, പുകക്കേണ്ട, ടാപ്പിംഗുകാരനെ അന്വേഷിച്ച് നെട്ടോട്ട മോടേണ്ട. പെറുക്കിയ അന്നുതന്നെ വില്‍ക്കാം…   പട്ടിക നീളുന്നു.  തടിതുരപ്പന്‍ പുഴു തിന്ന് ദ്രവിച്ച കശുമാവില്‍  നിന്നും വളര്‍ത്തിയെടുത്ത യുവ കശുമാവുകള്‍ ആരോഗ്യത്തോടെ നില്‍ക്കുന്നു.

ആല്‍മരങ്ങളെപ്പോലെ മണ്ണില്‍ നിരവധി കൊമ്പുകളില്‍ നിന്ന് വേരുകളാഴ്ത്തി നില്‍ക്കുന്നതിനാല്‍ മറ്റുമരങ്ങളെക്കാള്‍ പുഷ്ടിയേറെ. കാറ്റുമൂലം മരം മറിഞ്ഞു പോകുന്നത് കുറവ്. കീട രോഗപ്രതിരോധ ശേഷിയും കൂടുതല്‍. കശുമാവിന്‍ തോട്ടത്തില്‍കൂടുതല്‍ കൃഷിപ്പണികള്‍ ഒന്നുമില്ല.  ഒന്നോ രണ്ടോ കാടു വെട്ടലാണ് പ്രധാന പണി.

കശുവണ്ടി വിളവെടുത്താല്‍ ബാക്കിയാകുന്ന പഴങ്ങള്‍ തോട്ടത്തില്‍ തന്നെ നിക്ഷേപിക്കും.  തോട്ടം മുഴുവനും കല്ലുകയ്യാലകള്‍ വെച്ച് മണ്ണ്ജലസംരക്ഷണം നടത്തിയിട്ടുണ്ട്.  കൊത്തും കിളയുമൊന്നുമില്ല.  കൈത്തണ്ട വണ്ണമെത്തിയ അടികൊമ്പുകള്‍ തായ്തടിയില്‍ നിന്ന് ആറേഴ് മീറ്റര്‍ അകലെ വെച്ച് മണ്ണില്‍ മുട്ടിച്ച് അല്‍പ്പം മണ്ണുകയറ്റി വേരുകള്‍ സൃഷ്ടിക്കുകയെന്നതാണ് അധികമായി അനുവര്‍ത്തിക്കുന്ന രീതി.

ആത്മ പദ്ധതിയില്‍ ഈ തോട്ടം ഉള്‍പ്പെടുത്തി ഫാം സ്‌കൂള്‍ ആക്കി മാറ്റിയിരിക്കുകയാണ് പയ്യാവൂര്‍ കൃഷിഭവന്‍.  കശുമാവ് പെരുമ കേട്ടറിഞ്ഞ് ധാരാളം കര്‍ഷകര്‍ ഈ തോട്ടം സന്ദര്‍ശിക്കാനെത്തുന്നു.  ഒരിക്കല്‍ ജവാനായിരുന്ന ബേബി ഊര്‍ജ്ജസ്വലനായ കര്‍ഷകനായി മാറിയിരിക്കുന്നു.  തന്റെ കശുമാവ് കൃഷിയെപ്പറ്റി കര്‍ഷകരുമായി പങ്കുവെയ്ക്കാന്‍  ബേബി എപ്പോഴും തയ്യാര്‍.
ബേബിയുടെ ഫോണ്‍ നമ്പര്‍:  9400539606.

പയ്യാവൂര്‍ കൃഷി ഓഫീസറാണ് ലേഖകന്‍.


കേരളകര്‍ഷകനിലെ മറ്റ് അദ്ധ്യായങ്ങള്‍ വായിക്കൂ..

Advertisement