എഡിറ്റര്‍
എഡിറ്റര്‍
പൊക്കത്തില്‍ നട്ടാല്‍ തൂക്കത്തില്‍ നേട്ടം
എഡിറ്റര്‍
Wednesday 2nd January 2013 12:11pm


ഇന്ന് നമ്മളനുഭവിക്കുന്ന എറ്റവും വലിയ പ്രതിസന്ധിയാണ് കാര്‍ഷിക മേഖലയുടെത്. വ്യാസായികവല്‍ക്കരണത്തിന്റെ അതിപ്രസരം മറ്റെല്ലാ മേഖലയെയും പോലെ തന്നെ കൃഷിയെയും തകിടം മറിച്ചുവെന്നു പറയാം. ഇന്ന് വികസനത്തിന്റെ പര്യായമായി ദ്വിതീയ-ത്രിദീയ മേഖലകള്‍ക്ക് അമിത പ്രാധാന്യം ലഭിച്ചിരിക്കുന്നു. ഭക്ഷ്യക്ഷാമം എന്നത് ഇന്ന് ഒരു ചോദ്യചിഹ്നമായി അവശേഷിക്കുമ്പോള്‍ കേരള ഫാം ഇന്‍ഫര്‍മേഷന്‍ ബ്യൂറോ, കേരള കര്‍ഷകന്‍ മാസിക എന്നിവയുടെ സഹകരണത്തോടുകൂടി ഇന്റര്‍നെറ്റ് വായനക്കാര്‍ക്കായി ഡൂള്‍ന്യൂസ്.കോം അതിന്റെ ചരിത്രപരമായ ഇടപെടല്‍ നടത്തുന്നു…


tapioca kappa malayalam articles

കേരളകര്‍ഷകന്‍ / ജോസഫ് ജോണ്‍ തേറാട്ടില്‍

പള്ളിപറമ്പില്‍ സിദ്ദിഖ് കാലങ്ങളായി കൃഷിക്കാരനൊന്നുമല്ല, പക്ഷെ കുറച്ചുകാലം മുമ്പ് കൃഷിക്കാരനായപ്പോള്‍ വിളയിച്ചത് നൂറുമേനി. തൃശൂര്‍ ജില്ലയിലെ തീരപ്രദേശമായ ചെന്ത്രാപ്പിന്നിയിലെ ടൈല്‍ പണിക്കാരനാണ് സിദ്ദിഖ്. വര്‍ഷങ്ങളായി ഈ ജോലിയില്‍ കഴിയുമ്പോഴും കൃഷിക്കാരനാകാന്‍ മോഹിച്ചിരുന്നു. പക്ഷെ സമയവും കാലവും ഒത്തുവന്നില്ല.

അങ്ങനെ കഴിയുമ്പോള്‍ ഒരു പത്രവാര്‍ത്ത കാണാനിടയായി. ചെങ്ങന്നൂരിലെ ഒരു കര്‍ഷകന് 100 കിലോയോളം തൂക്കമുള്ള കപ്പക്കിഴങ്ങ്  ഉണ്ടായി എന്നതായിരുന്നു വാര്‍ത്ത. അതിന്റെ ചുവടു പിടിച്ച് സിദ്ദിഖ് ചെങ്ങന്നൂരിലെത്തി. അങ്ങനെ 2008-ല്‍ ചെങ്ങന്നൂരില്‍ നിന്നും 4 മീറ്റര്‍ മരച്ചീനി കമ്പുമായി ചെന്ത്രാപ്പിന്നിയിലെത്തി തുടങ്ങിയതാണ് കൃഷി.

Ads By Google

ആദ്യം പത്ത് തടത്തില്‍ മാത്രമുണ്ടായിരുന്നത് ഇപ്പോള്‍ മുപ്പത്തിയഞ്ചോളം ആയി വ്യാപിച്ചു. ശരാശരി 80 കിലോ കപ്പ ഓരോ മൂട്ടില്‍ നിന്നും സിദ്ദിഖിന് ലഭിക്കുന്നു. 108 കിലോഗ്രാം തൂക്കമുള്ള കപ്പ പറിച്ചതും വാര്‍ത്തയായി.

സിദ്ദിഖിന്റെ കപ്പകൃഷിയ്ക്ക് ചില പ്രത്യേകതകള്‍ ഉണ്ട്. ഏകദേശം നാലര അടി ഉയരത്തില്‍ പൊലി/കൂന കൂട്ടിയാണ് കൃഷി ആരംഭിക്കുന്നത്. ആഗസ്റ്റ് സെപ്തംബര്‍ മാസമാണ് കൃഷി തുടങ്ങാന്‍ തെരഞ്ഞെടുത്തത്. കാരണം വെള്ളക്കെട്ട്. വര്‍ഷത്തില്‍ അഞ്ചാറുമാസമെങ്കിലും വെള്ളം മൂടികിടക്കും. കാര്യമായ കൃഷി ഒന്നും സാധ്യമല്ല.

ഈ പ്രശ്‌നങ്ങളെ മറികടക്കാനാണ് സിദ്ദിഖ് നല്ല ഉയരമുള്ള കൂനകളില്‍ കപ്പകൃഷി ആരംഭിച്ചത്. അത് വന്‍ വിജയവുമായി. ഒരു കൂനയില്‍ ഏകദേശം 20 കിലോ ചാണകപ്പൊടി, 10 കിലോയോളം പച്ചില, ആറുകിലോ ചാരം എന്നിവ ചേര്‍ത്ത് അതില്‍ മരച്ചീനിതണ്ട് നടുന്നു.

ഉയരമുള്ള കൂനയായതിനാല്‍ വെള്ളം കെട്ടിനില്ക്കുന്ന പ്രശ്‌നമില്ല. മേല്‍ പ്രസ്താവിച്ച അടിവളം അല്ലാതെ മറ്റൊരു വളവും മരച്ചീനിക്കു നല്‍കാറില്ല എന്നതും ശ്രദ്ധേയമാണ്.

വലിയ കൂനകള്‍ ആയതിനാല്‍ പ്രധാന ശല്യമായ എലികളുടെ ആക്രമണം വളരെ വേഗം മനസ്സിലാക്കാം. കൂനകളില്‍ ആക്രമണം കാണുന്ന സമയത്തു തന്നെ എലികളെ നശിപ്പിക്കാം. അതുപോലെ കൂനകളായതിനാല്‍ കളനിയന്ത്രണം എളുപ്പമാണ്. രോഗ-കീടങ്ങളും കുറവാണ്.

ഈ കപ്പകളില്‍ ഒരിക്കല്‍ പോലും മുരടിപ്പ് രോഗം വന്നിട്ടില്ല. കൂനകളില്‍ മാസത്തിലൊരിക്കല്‍ പുല്ലു ചെത്തി വൃത്തിയാക്കും. വേനല്‍ക്കാലത്ത് രണ്ടു ദിവസത്തിലൊരിക്കള്‍ നനയും നിര്‍ബന്ധമാണ്. അഞ്ച്- ആറ് മാസമാകുമ്പോഴേയ്ക്കും കൂനകള്‍ വിണ്ടു തുടങ്ങും. കിഴങ്ങ് വലുതായി തുടങ്ങി എന്നതിന്റെ സൂചനയാണ്. അപ്പോള്‍ നന്നായി മണ്ണ് കയറ്റികൊടുക്കും. 8-9 മാസമാകുമ്പോഴേയ്ക്കും വിളവെടുപ്പ് തുടങ്ങാം.

കഴിഞ്ഞ മൂന്ന് വര്‍ഷത്തെ കൃഷിയ്ക്കിടെ ഒരു തരിപോലും രാസവളം ഉപയോഗിച്ചിട്ടില്ല എന്നത് സിദ്ദിഖിന്റെ കൃഷിയുടെ പ്രത്യേകതയാണ്. അഞ്ച് മാസമാകുമ്പോള്‍ ഉപ്പ് നൂറുഗ്രാം വച്ച് എല്ലാ  കൂനയിലും ഇട്ടുകൊടുക്കാറുണ്ട്. ഏറ്റവും തൂക്കം  കുറഞ്ഞ മൂട്ടില്‍ നിന്നുപോലും 65 കിലോയോളം ഉണ്ടാക്കിയെടുക്കാന്‍ സാധിച്ചു എന്നതാണ് സിദ്ദിഖിന്റെ വിജയം.

മഴ തുടങ്ങുമ്പോഴേയ്ക്കും എല്ലാ ചെടികളില്‍ നിന്നു വിളവെടുക്കുന്ന രീതിയിലാണ് നടീല്‍ ക്രമീകരിച്ചിരിക്കുന്നത്.

സിദ്ദിഖിന്റെ വിളവെടുപ്പും ഒരു പ്രത്യേക രീതിയിലാണ്. വലിയ മുളകള്‍ കൂനകള്‍ക്കിടയില്‍ വച്ച് കയറുകൊണ്ട് കെട്ടി മുകളിലേയ്ക്ക് വലിച്ചാണ് കിഴങ്ങുകള്‍ പൊട്ടാതെ വിളവെടുക്കുന്നത്. ഒരു കൂന കൃഷിചെയ്യുന്നതിന് സിദ്ദിഖിന് ചിലവ് വരുന്നത് 300 രൂപ മാത്രമാണ്. എന്നാല്‍  കുറഞ്ഞ വിളവ് ലഭിക്കുന്ന കൂനയില്‍ നിന്നു പോലും 60 കിലോ ലഭിക്കുമ്പോള്‍ ലാഭം 400 രൂപയോളം എത്തുകയാണ്. ഒരു കിലോ മരച്ചീനിക്ക് 12 രൂപ വച്ച് വിലയും ലഭിക്കുന്നുണ്ട്.

ആദ്യമൊരു കൗതുകത്തിനായി തുടങ്ങിയതാണെങ്കിലും ഇപ്പോള്‍ കൃഷി ജീവിതത്തിന്റെ ഭാഗമായി കഴിഞ്ഞു. ആവശ്യക്കാര്‍ക്ക് ഈ ഇനങ്ങളുടെ തണ്ട് നല്‍കുവാനും ഈ ചെറുപ്പക്കാരന്‍ തയ്യാറാണ്. പക്ഷെ ഒരു വ്യവസ്ഥയുണ്ട്- കൃഷി ചെയ്തിരിക്കണം. വെറുതെ വാങ്ങിച്ച് വീട്ടില്‍ വെയ്ക്കാനാണെങ്കില്‍ തരാന്‍ സിദ്ദിഖിനു താത്പര്യമില്ല.

സിദ്ദിഖ് പള്ളിപറമ്പിലിന്റെ ഫോണ്‍ നമ്പര്‍ -9846236604

വി.എഫ്.പി.സി.കെ. ഡപ്യൂട്ടി മാനേജരാണ് ലേഖകന്‍.


കേരളകര്‍ഷകനിലെ മറ്റ് അദ്ധ്യായങ്ങള്‍ വായിക്കൂ..

Advertisement