എഡിറ്റര്‍
എഡിറ്റര്‍
നാല്‍വര്‍ സംഘം മുന്നോട്ടു തന്നെ…
എഡിറ്റര്‍
Thursday 4th July 2013 12:07pm

lineഇന്ന് നമ്മളനുഭവിക്കുന്ന എറ്റവും വലിയ പ്രതിസന്ധിയാണ് കാര്‍ഷിക മേഖലയുടെത്. വ്യാസായികവല്‍ക്കരണത്തിന്റെ അതിപ്രസരം മറ്റെല്ലാ മേഖലയെയും പോലെ തന്നെ കൃഷിയെയും തകിടം മറിച്ചുവെന്നു പറയാം. ഇന്ന് വികസനത്തിന്റെ പര്യായമായി ദ്വിതീയത്രിദീയ മേഖലകള്‍ക്ക് അമിത പ്രാധാന്യം ലഭിച്ചിരിക്കുന്നു. ഭക്ഷ്യക്ഷാമം എന്നത് ഇന്ന് ഒരു ചോദ്യചിഹ്നമായി അവശേഷിക്കുമ്പോള്‍ കേരള ഫാം ഇന്‍ഫര്‍മേഷന്‍ ബ്യൂറോ, കേരള കര്‍ഷകന്‍ മാസിക എന്നിവയുടെ സഹകരണത്തോടുകൂടി ഇന്റര്‍നെറ്റ് വായനക്കാര്‍ക്കായി ഡൂള്‍ന്യൂസ്.കോം കൃഷി രീതികളെ പരിച യപ്പെടുത്തുന്നു.

line

banana-cultivation


കിസാന്‍ / ശിവകുമാര്‍ ടി.


തുടക്കം ഒന്നുമറിയാതെ

മറ്റു കര്‍ഷകരുടെ അനുഭവങ്ങളും കൃഷികളും കണ്ടും കേട്ടുമറിഞ്ഞ് നാല്‍വര്‍സംഘം തങ്ങള്‍ക്ക് പറ്റിയത് വാഴകൃഷിയെന്നുറപ്പിച്ചു. ഈ ആശയം മനസ്സില്‍ താലോലിച്ച്, പ്രാവര്‍ത്തികമാക്കാന്‍ തുനിഞ്ഞപ്പോഴാണ് അവര്‍ ഒരു കാര്യം മനസ്സിലാക്കിയത്; വാഴകൃഷിയുടെ ബാലപാഠങ്ങള്‍ പോലും തങ്ങള്‍ക്കറിയില്ല; എങ്കിലും തളര്‍ന്നില്ലവര്‍, പിന്മാറിയുമില്ല.

Ads By Google

സാങ്കേതിക സഹായം തേടി അവര്‍ ചെന്നെയെത്തിയത് കടക്കരപ്പള്ളിയിലെ ജനകീയ കൃഷി ഓഫീസറായ ശ്രീ.എന്‍.ജി.വ്യാസന്റെ അടുത്ത്. തെല്ലും നിരാശപ്പെടേണ്ടി വന്നില്ല. ശരിയായ മാര്‍ഗ്ഗനിര്‍ദ്ദേശങ്ങളും പ്രോത്സാഹനവും ഒരല്പം സാമ്പത്തിക സഹായവും അവര്‍ക്ക് കൃഷിഭവനില്‍ നിന്നു ലഭിച്ചു.

കുറച്ചു നാള്‍ക്ക് മുന്‍പ് കുടുംബശ്രീ അംഗങ്ങള്‍ പച്ചക്കറി കൃഷി ചെയ്തിരുന്ന സ്ഥലമാണ് കൃഷിയിറക്കാന്‍ കണ്ടുവച്ചിരുന്നത്. ഏറിയ ഭാഗവും പുല്ലും പടര്‍പ്പും കയറി കാടു പിടിച്ചു കിടക്കുന്ന സ്ഥലം. മറ്റു സുഹൃത്തുക്കളുടെ സഹായത്തോടെ സ്ഥലം വൃത്തിയാക്കിയെടുത്തു.

കൃഷി ഓഫീസറുടെ നിര്‍ദ്ദേശപ്രകാരം മണ്ണ് സാമ്പിള്‍ പരിശോധനയ്‌ക്കെത്തിച്ചു. കാര്‍ഷിക രസതന്ത്ര വിദഗ്ദ്ധന്‍ കൂടിയായ ഓഫീസറുടെ അവസരോചിതമായ ഇടപെടല്‍ നിമിത്തം പരിശോധനാഫലം താമസംവിനാ ലഭിച്ചു.

ഇതിനിടെ വാഴക്കന്നിനുള്ള അന്വേഷണ ങ്ങള്‍ തകൃതി. ഒടുവില്‍ അങ്കമാലിയില്‍ ആവശ്യത്തിന് കന്ന് ലഭിക്കുമെന്നറിഞ്ഞു. ഞാലിപ്പൂവന്‍ കന്നെടുക്കാന്‍ ശ്രീ.വ്യാസന്റെ വക നിര്‍ദ്ദേശം. അങ്ങനെ അങ്കമാലിയില്‍ നിന്ന് കന്നൊന്നിന് നാലു രൂപ പ്രകാരം ആയിരം കന്നുകള്‍ വാങ്ങി സംഘം കടക്കരപ്പള്ളിയിലേക്ക്.
[nextpage title=’ഇനിയെന്ത്? ‘]

banana-cultivation-23ഇനിയെന്ത്? എന്ന ചോദ്യം വീണ്ടും ഓഫീസര്‍ക്കു നേരെ. കന്നിലെ പഴയ വേരുകള്‍ ചെത്തി മാറ്റി. ചാണകപ്പാലില്‍ മുക്കി ചാരം പൊതിഞ്ഞ് തണലില്‍ ഉണക്കി നിശ്ചിത വലിപ്പത്തില്‍ തയ്യാറാക്കിയ കുഴികളില്‍ നടാന്‍ കിട്ടിയ നിര്‍ദ്ദേശങ്ങള്‍ അവര്‍ അണുവിട മാറ്റം വരാതെ പാലിച്ചു.

Ads By Google

ശാസ്ത്രീയ വശങ്ങള്‍ അനുവര്‍ത്തിച്ചുള്ള കൃഷിയും പരമ്പരാഗതമായ കൃഷിയും തമ്മിലുള്ള അന്തരം മനസ്സിലാക്കാന്‍ അവര്‍ മുന്നൂറോളം കന്നുകള്‍ സാധാരണ ചെയ്യുന്ന പരിപാലനമുറകള്‍ അനുവര്‍ത്തിച്ചും നട്ടു.

ചാണകവും കമ്പോസ്റ്റും വാങ്ങേണ്ടിവന്നപ്പോള്‍ വില കേട്ട് ചങ്കൊന്നിടറിയെങ്കിലും മടുത്തില്ല. ആവോളം പച്ചിലകള്‍ വാഴ തടത്തില്‍ ഇട്ടു. ശുപാര്‍ശയനുസരിച്ച് വളപ്രയോഗവും നടത്തി. കൃഷിഭവന്റെ സഹായമായി വളത്തിന് 5000 രൂപയും ഹോര്‍ട്ടികള്‍ച്ചര്‍ മിഷന്‍ പദ്ധതി പ്രകാരം വാഴ ഒന്നിന് 10.5 രൂപ സബ്‌സിഡിയും ലഭിച്ചത് ഒരല്പം ആശ്വാസമായി. ബാക്കി തുക അവര്‍ തന്നെ കണ്ടെത്തി .

നാല്‍വര്‍ സംഘത്തിലെ സജികുമാറിന്റെ ഒരകന്ന ബന്ധുവിന്റെ സ്ഥലത്ത് അങ്ങനെ ആയിരം വാഴകള്‍ വളര്‍ന്നു. ശാസ്ത്രീയ പരിപാലന മുറകള്‍ കൃഷി ഓഫീസര്‍ വിശദീകരിച്ചു. മാസത്തില്‍ ചുരുങ്ങിയത് നാലു തവണയെങ്കിലും അദ്ദേഹം കൃഷിയിടം സന്ദര്‍ശിച്ചിരിക്കും.

സാങ്കേതിക വിദ്യകളുടെ തുടരവലോകനത്തിനും അംഗങ്ങളില്‍ ആത്മവിശ്വാസം വളര്‍ത്താനും ഇതുപകരിച്ചു. പഴുത്ത് ഉണങ്ങി മാറുന്ന ഇലകള്‍ മുറിച്ചു മാറ്റി, കുല വരുന്നതുവരെയുള്ള കന്നുകള്‍ നശിപ്പിച്ചു.

തിരഞ്ഞെടുത്ത ചില വാഴകളില്‍ നിന്നും അവയിലെ കന്നുകളില്‍ നിന്നും വിവിധ ചടങ്ങുകളില്‍ സദ്യയ്ക്കായി സൗജന്യമായിത്തന്നെ വാഴയില നല്‍കി. ഏകദേശം രണ്ടായിരത്തിലധികം ഇലകള്‍ ഇങ്ങനെ നല്‍കിയതായി സംഘാംഗമായ ശ്രീ.അനില്‍കുമാര്‍.
[nextpage title=’ഒടുവില്‍ വിജയികളായി’]

bananaഏഴെട്ട് മാസം കൊണ്ട് ശാസ്ത്രീയ പരിചരണം കിട്ടിയ വാഴകള്‍ കുലച്ചു. അതുവരെ ‘പാഴ്‌വേല’യാണെന്നും ‘കൃഷിഭവനില്‍ നിന്നു കാശു വാങ്ങാനുള്ള നാടകമെന്നും അധിക്ഷേപിച്ചിരുന്നവരുടെ നാവതോടടങ്ങി. വാഴക്കൂമ്പ് (കുടപ്പന്‍) അവരവരുടെ വീടുകളിലും അയല്‍ക്കാര്‍ക്കും നാട്ടുകാര്‍ക്കും കുടുംബശ്രീ കാന്റീനിലേക്കും നല്‍കി; അതും സൗജന്യമായി. ഇലയും വാഴക്കൂമ്പും മറ്റൊരു തരത്തില്‍. ഈ വാഴകൃഷിയുടെ വാര്‍ത്ത നാടൊട്ടുക്കും പടരാന്‍ ഇടയാക്കി.

Ads By Google

നാലുപേരും ചേര്‍ന്ന് അവരുടെ സംഘത്തിന് ‘ഹരിതശ്രീ’ എന്ന പേരു നല്‍കി. അദ്ധ്വാനത്തിന്റെ ഫലം വാഴകള്‍ നല്‍കി തുടങ്ങി. പരീക്ഷണാടിസ്ഥാനത്തില്‍ പരമ്പരാഗത രീതികള്‍ മാത്രം ചെയ്ത വാഴകള്‍ അപ്പോഴും കുലച്ചില്ല.

രണ്ടു രീതികള്‍ അവലംബിച്ച വാഴകള്‍ തമ്മില്‍ നല്ല അന്തരമുണ്ടായിരുന്നതായി സജികുമാര്‍ സാക്ഷ്യപ്പെടുത്തുന്നു. കുലകള്‍ വിളഞ്ഞു. കടക്കരപ്പള്ളി ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ജെയിംസ് ചുങ്കത്തറ വിളവെടുപ്പ് ഉദ്ഘാടനം ചെയ്തു.

ബ്ലോക്ക് പഞ്ചായത്ത് അംഗം ശ്രീ.ജോര്‍ജ്ജ്, ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡന്റ് ശ്രീമതി. സുഷമ സദാശിവന്‍, കൃഷി അസി.ഡയറക്ടര്‍  ശ്രീമതി. മീനാ, പഞ്ചായത്തംഗങ്ങള്‍, കൃഷി ഓഫീസര്‍ എന്നിവരും നാട്ടുകാരും വിളവെടുപ്പിന് സാക്ഷികളായി.

ഇരുന്നൂറ്റിയന്‍പതോളം കുലകള്‍ ഇതിനോടകം കിട്ടി. എട്ടുമുതല്‍ പന്ത്രണ്ട് കിലോഗ്രാം വരെ തൂക്കമുള്ള കുലകള്‍ ലഭിച്ചു. വിപണിയെപ്പറ്റി ഇവര്‍ക്ക് ആശങ്കയില്ല. ചേര്‍ത്തല മൊത്തക്കമ്പോളത്തിലാണ് കുല വില്പന. കൊണ്ടു ചെല്ലേണ്ട താമസം, നാടന്‍ കുലയായതിനാല്‍ ആകെ ഡിമാന്റാ….സാറെ…. ഇതുപറയുമ്പോള്‍ അനില്‍കുമാറിന്റെ കണ്ണുകളില്‍ സന്തോഷത്തിളക്കം വ്യക്തം.

ഇതുവരെ നടന്ന വില്‍പനയില്‍ മുപ്പത്തിയയ്യായിരത്തോളം രൂപ കുലയില്‍ നിന്നു വരുമാനം ലഭിച്ചു. പുറമെ ഇരുന്നൂറ്റിയന്‍പതോളം കന്നുകള്‍ വെറും നാലു രൂപ നിരക്കില്‍ ആവശ്യക്കാര്‍ക്ക് നല്‍കുകയും ചെയ്തു.

”മനഃസ്സമാധാനം. മറ്റു അനാവശ്യമായ ചിന്തകള്‍ ഒന്നുമില്ല.” അതെ, അതാണ് കാര്‍ഷിക സംസ്‌കാരം പകര്‍ന്നു നല്‍കുന്ന നന്മ.

”ഞങ്ങള്‍ക്ക് കിട്ടിയ അതേ വിലയ്ക്ക് നാട്ടുകാര്‍ക്ക് കന്നു കൊടുക്കണമെന്നാഗ്രഹിച്ചു.” വിപണി വിലയേക്കാളും താഴ്ത്തിയുള്ള കന്നു വില്‍പനയെ പ്രഫുല്ലചന്ദ്രന്‍ ന്യായീകരിച്ചു. അദ്ധ്വാന ശീലത്തിനൊപ്പം സാങ്കേതികവിദ്യകളും സമയബന്ധിതമായ കൃഷിപ്പണികളും അതിന് വിദഗ്ദ്ധരുടെ നേതൃത്വത്തിലുള്ള തുടര്‍ നിരീക്ഷണ സംവിധാനവുമാണ് വിജയം കൈവരിക്കാന്‍ ‘ഹരിതശ്രീ’യെ സഹായിച്ചത്.

ഈ നാല്‍വര്‍ സംഘത്തിലാരും മുഴുവന്‍ സമയ കര്‍ഷകരല്ല. സജികുമാര്‍ മാത്രമാണ് കൃഷിയുമായി ബന്ധപ്പെട്ട് പ്രവര്‍ത്തിക്കുന്നത്. മറ്റു ഉപജീവനമാര്‍ഗങ്ങള്‍ക്കിടയില്‍ കിട്ടുന്ന സമയം ഇവര്‍ കൃഷിയ്ക്ക് വിനിയോഗിക്കുന്നു.

വാഴ നട്ട ശേഷം മാറി മാറി ദിവസവും രാവിലെ രണ്ടു മണിക്കൂര്‍ മാത്രമാണ് ഒരാള്‍ കൃഷിയിടത്തില്‍ ചെലവിടുന്നത്. സമയക്കുറവും സാമ്പത്തിക പരാധീനതയുമാണ് വാഴയ്ക്കിടയില്‍ ഇടവിളകള്‍ ചെയ്യുന്നതില്‍ നിന്ന് ഇവരെ പിന്തിരിപ്പിച്ചത്.

ദിനം മുഴുവന്‍ ഉഴപ്പിയടിച്ച് പണിയില്ലെന്നു കപട നാടകം നടത്തുന്ന ഒഴിവുസമയം ക്രിയാത്മകമാക്കാതെ പാഴായി കളയുന്ന ജനങ്ങള്‍ക്കിടയിലും സന്മനസ്സുകള്‍ക്കുടമകളും സ്ഥിരോത്സാഹികളുമായ ഇവരെ ഏതു വാക്കുകളില്‍ വിശേഷിപ്പിക്കും?

വാഴകൃഷിയിലെ ഏറ്റവും വലിയ നേട്ടമായി മനസ്സില്‍ തോന്നുന്നതെന്ത് എന്ന ചോദ്യത്തിനു ശശിധരന്റെ മറുപടി എന്നെ അത്ഭുതപ്പെടുത്തി. ”മനഃസ്സമാധാനം. മറ്റു അനാവശ്യമായ ചിന്തകള്‍ ഒന്നുമില്ല.” അതെ, അതാണ് കാര്‍ഷിക സംസ്‌കാരം പകര്‍ന്നു നല്‍കുന്ന നന്മ.

ഈ വിജയത്തിന്റെ പ്രചോദനത്തില്‍ വാഴ കൃഷി തുടരാനും പൂ കൃഷിയിലും പച്ചക്കറി കൃഷിയിലും ഒരു കൈ നോക്കാനുമാണ് നാല്‍വര്‍ സംഘത്തിന്റെ തീരുമാനം.

പ്രഫുല്ല ചന്ദ്രന്‍ : 9249221916
വ്യാസ് എന്‍.ജി.: 9946017788

ആലപ്പുഴ കൃഷി വിജ്ഞാന കേന്ദ്രത്തിലെ സബ്ജക്ട് മാറ്റര്‍ സ്‌പെഷ്യലിസ്റ്റാണ് ലേഖകന്‍
ഫോണ്‍ – 9447222896

Advertisement