ഡിജിറ്റല്‍-സാങ്കേതിക മേഖലയില്‍ ഉള്ളത് വമ്പന്‍ വേരോട്ടം; ഇന്ത്യന്‍ വിപണി ചൈനീസ് കമ്പനികള്‍ കീഴടക്കിയതെങ്ങനെ?
TechNews
ഡിജിറ്റല്‍-സാങ്കേതിക മേഖലയില്‍ ഉള്ളത് വമ്പന്‍ വേരോട്ടം; ഇന്ത്യന്‍ വിപണി ചൈനീസ് കമ്പനികള്‍ കീഴടക്കിയതെങ്ങനെ?
ന്യൂസ് ഡെസ്‌ക്
Sunday, 5th July 2020, 9:54 am

ചൈനീസ് ആപ്പുകള്‍ക്ക് ഇന്ത്യയില്‍ നിരോധനം ഏര്‍പ്പെടുത്തിയതിനു പിന്നാലെ രാജ്യത്തെ ചൈനീസ് ആപ്പുകളുടെ സോഫ്റ്റ്‌വെയറുകളുടെയും ഇന്ത്യയിലെ സാന്നിധ്യം ചര്‍ച്ചയായിരിക്കുകയാണ്.

ഈ ഘട്ടത്തില്‍ ഡിജിറ്റല്‍, സാങ്കേതിക മേഖലയില്‍ ഇന്ത്യയില്‍ എത്രമാത്രം വേഗത്തിലാണ് ചൈന വേരോട്ടം നടത്തിയതെന്ന് ശ്രദ്ധിക്കേണ്ടതാണ്.

കഴിഞ്ഞ കുറച്ചു വര്‍ഷങ്ങള്‍ക്കുള്ളില്‍ ഇന്ത്യന്‍ വിപണിയില്‍ മറ്റ് ആഗോള കമ്പനികളെ പിന്നിലാക്കി അതിവേഗ വളര്‍ച്ചയാണ് ചൈനീസ് കമ്പനികള്‍ക്കുണ്ടായത്.

ആഗോള മാര്‍ക്കറ്റില്‍ നേട്ടം കൊയ്യാനുള്ള പ്രധാന മേഖലയായി ചൈനീസ് കമ്മ്യൂണിസ്റ്റ് പാര്‍ട്ടി ഡിജിറ്റല്‍ മേഖലയെ കണ്ടിരുന്നു. 2015 ല്‍ ചൈന പ്രഖ്യാപിച്ച ഡിജിറ്റല്‍ റോഡ് പോളിസി ഇതിന്റെ ഭാഗമായിരുന്നു.

2016 ല്‍ രാജ്യത്തെ ദേശീയ സൈബര്‍ സുരക്ഷാ മേഖല ശക്തമായ ഇന്റര്‍നെറ്റ് പവര്‍ ഒരു പ്രധാന നയമായി എടുത്തിരുന്നു.

ഇതിനു പുറമെ 2015 ലെ ഇന്റര്‍നെറ്റ് പ്ലസ്, നാഷണല്‍ ഇന്‍ഫര്‍മേഷന്‍ ഡവലപ്‌മെന്റ് സ്ട്രാറ്റജി 2006-2020 എന്നിവയും ഇതിന്റെ ഭാഗമായിരുന്നു.

ഈ പദ്ധതികള്‍ ആലിബാബ, ടെന്‍സന്റ്, ബൈദു എന്നീ ചൈനീസ് കമ്പനികളെ ആഗോള മാര്‍ക്കറ്റിലേക്ക് ഉല്‍പ്പന്നങ്ങള്‍ എത്തിക്കാനുള്ള ശ്രമത്തിന്റെ ഭാഗമായിരുന്നു.

2014 ല്‍ ചൈനയുടെ ആപ്പിള്‍ എന്നറിയപ്പെടുന്ന ഷവോമി ഇന്ത്യയില്‍ എത്തിയത് ഇതില്‍ നിര്‍ണായകമായിരുന്നു. ഷവോമിക്ക് പിന്നാലെ ഒപ്പോ, വിവോ, വണ്‍പ്ലസ്, റിയല്‍ മി തുടങ്ങിയ ബ്രാന്‍ഡുകള്‍ ഇന്ത്യയിലെത്തി.

ഈ ബ്രാന്‍ഡുകള്‍ എത്തിയതിനു പുറമെ 2016 ല്‍ ഇന്ത്യയില്‍ ജിയോയുടെ വരവ് ഇവരെ സഹായിച്ചു. ജിയോയിലൂടെ കുറഞ്ഞ നിരക്കില്‍ 4ജി ഇന്റര്‍നെറ്റ് ലഭ്യത എല്ലാവരിലും എത്തിയതോടെ ഈ ഫോണുകള്‍ക്ക് ആവശ്യക്കാര്‍ കൂടി.

അന്താരാഷ്ട്ര ഡാറ്റ കോര്‍പ്പറേഷന്‍ അടുത്തിടെയിറക്കിയ കണക്കില്‍ വ്യക്തമാക്കുന്നത് ഇന്ത്യയില്‍ പ്രവര്‍ത്തിക്കുന്ന സ്മാര്‍ട്ട് ഫോണ്‍ കമ്പനികളില്‍ മാര്‍ക്കറ്റില്‍ മുന്നില്‍ നില്‍ക്കുന്ന ആദ്യ അഞ്ച് കമ്പനികളില്‍ നാലെണ്ണം ചൈനീസ കമ്പനികളാണ്.

ഷവോമി ആണ് ഏറ്റവും മുന്നിലുള്ളത്. മിതമായ നിരക്കില്‍ ഈ ഉല്‍പന്നങ്ങള്‍ വിപണിയില്‍ എത്തിച്ചതിനു പുറമെ മറ്റൊരു തന്ത്ര പ്രധാന നീക്കമായ മൈക്രോഫിനാന്‍സിംഗിലൂടെ ഈ ഉല്‍പന്നങ്ങള്‍ വാങ്ങാന്‍ പ്രേരിപ്പിക്കുകയും ചെയ്തു. ഒപ്പോയുടെ ഓപ്പോ ക്യാഷ്, റിയല്‍മിയുടെ പേസ, ഷവോമിയുടെ എം.ഐ ക്രെഡിറ്റ് എന്നിവ ഇതിനുദാഹരണമാണ്.

സ്മാര്‍ട്ട് ഫോണ്‍ സ്‌ക്രീന്‍ ഇന്‍ഷുറന്‍സ്, ലോണ്‍, ക്രെഡിറ്റ് സര്‍വീസ് തുടങ്ങിയ സേവനങ്ങള്‍ ഇവ നല്‍കുന്നു. ഒരു സമയത്ത് തിളങ്ങി നിന്ന ഇന്ത്യന്‍ കമ്പനിയായ മൈക്രോമാക്‌സിന് ചൈനീസ് ബ്രാന്‍ഡുകളുടെ വരവ് തിരിച്ചടിയാണുണ്ടാക്കിയത്.

ഡൂള്‍ന്യൂസിനെ ഫേസ്ബുക്ക്ടെലഗ്രാം,പേജുകളിലൂടെയും ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക 

ഡൂള്‍ന്യൂസിനെ  സാമ്പത്തികമായി സഹായിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ