ഹൈക്കോടതിക്ക് ഇല്ലാത്ത അധികാരം എങ്ങനെയാണ് ലോകായുക്തക്കുണ്ടാവുക; ഗവര്‍ണറോട് സര്‍ക്കാര്‍
Kerala News
ഹൈക്കോടതിക്ക് ഇല്ലാത്ത അധികാരം എങ്ങനെയാണ് ലോകായുക്തക്കുണ്ടാവുക; ഗവര്‍ണറോട് സര്‍ക്കാര്‍
ഡൂള്‍ന്യൂസ് ഡെസ്‌ക്
Wednesday, 2nd February 2022, 2:33 pm

തിരുവനന്തപുരം: ഹൈക്കോടതിക്ക് ഇല്ലാത്ത അധികാരം എങ്ങനെയാണ് ലോകായുക്തക്ക് നല്‍കുകയെന്ന് ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാനോട് സംസ്ഥാന സര്‍ക്കാര്‍. ലോകായുക്താ നിയമ ഭേദഗതി ഓര്‍ഡിനന്‍സ് വിഷയത്തില്‍ ഗവര്‍ണര്‍ നല്‍കിയ മറുപടിയിലാണ് സര്‍ക്കാര്‍ ചോദ്യമുന്നയിച്ചത്.

ഗവര്‍ണര്‍ നിയമിച്ച മന്ത്രിസഭയുടെ കാലാവധി അവസാനിപ്പിക്കാന്‍ ലോകായുക്തക്ക് കഴിയില്ലെന്നും സര്‍ക്കാര്‍ പറഞ്ഞു.

ഗവര്‍ണര്‍ നിയമിച്ച ഒരു മന്ത്രിക്കെതിരെ റിട്ട് ഓഫ് ക്വോ വാറന്റോ നില്‍നില്‍ക്കുന്നതല്ലെന്ന് ഹൈക്കോടതി നേരത്തെ പറഞ്ഞിരുന്നു. അതുകൊണ്ട് തന്നെ ഹൈക്കോടതിക്ക് ഇല്ലാത്ത എന്ത് അധികാരമാണ് ലോകായുക്തക്ക് നല്‍കേണ്ടതെന്നും സര്‍ക്കാര്‍ ചോദിച്ചു.

ലോകായുക്ത നിയമത്തിലെ 14ാം വകുപ്പ് ഭരണഘടനാ വിരുദ്ധമാണെന്ന എ.ജിയുടെ നിയമോപദേശത്തിന്റെ അടിസ്ഥാനത്തിലാണ് നടപടി എന്നാണ് സര്‍ക്കാര്‍ വിശദീകരണം. ലോക്പാല്‍ നിയമം വന്നതോടെ ലോകായുക്ത സംസ്ഥാനത്തിന്റെ വിഷയമായെന്നും ഭേദഗതിക്ക് രാഷ്ട്രപതിയുടെ അനുമതി വേണ്ടെന്നും സര്‍ക്കാര്‍ വ്യക്തമാക്കി.

ലോകായുക്ത നിയമഭേദഗതി ഓര്‍ഡിനന്‍സ് വിഷയത്തില്‍ സര്‍ക്കാരിനോട് ഗവര്‍ണര്‍ നേരത്തെ വിശദീകരണം തേടിയിരുന്നു. പ്രതിപക്ഷം ഉന്നയിച്ച പരാതികളിലാണ് ഗവര്‍ണര്‍ സര്‍ക്കാരിന്റെ വിശദീകരണം തേടിയിരുന്നത്.

ഓര്‍ഡിനന്‍സില്‍ ഒപ്പിടരുതെന്ന് പ്രതിപക്ഷം ഗവര്‍ണറെ നേരില്‍ കണ്ട് ആവശ്യപ്പെട്ടിരുന്നു. ഇതിന് പിന്നാലെയാണ് നടപടി. ഓര്‍ഡിനന്‍സ് രാഷ്ട്രപതിക്ക് അയക്കണമെന്നത് ഉള്‍പ്പെടെയുള്ള കാര്യങ്ങളാണ് പ്രതിപക്ഷം ഗവര്‍ണറെ ധരിപ്പിച്ചത്.

ലോകായുക്ത നിയമ ഭേദഗതയില്‍ നിന്ന് പിന്മാറാന്‍ സി.പി.ഐ.എം നേതൃത്വത്തിലുള്ള സംസ്ഥാന സര്‍ക്കാരിനോട് പാര്‍ട്ടി കേന്ദ്ര നേതൃത്വം ആവശ്യപ്പെടണമെന്ന് ആവശ്യപ്പെട്ട് പ്രതിപക്ഷ നേതാവ് വി.ഡി. സതീശന്‍ സി.പി.ഐ.എം ജനറല്‍ സെക്രട്ടറി സീതാറാം യെച്ചൂരിക്ക് കത്തയച്ചിരുന്നു.

ഓര്‍ഡിനന്‍സ് ഭേദഗതി ചെയ്യുന്നത് ലോക്പാല്‍, ലോകായുക്ത നിയമങ്ങളെ ശക്തിപ്പെടുത്തുന്നതില്‍ യെച്ചൂരിയും സി.പി.ഐ.എമ്മും സ്വീകരിച്ച പുരോഗമനപരമായ നിലപാടുകള്‍ക്ക് വിരുദ്ധമാണെന്ന് കത്തില്‍ പറയുന്നു.

സി.പി.ഐ.എമ്മിന്റെ രാഷ്ട്രീയ ധാര്‍മ്മികത ചോദ്യം ചെയ്യപ്പെടുന്നതും അഴിമതിക്കെതിരെ പാര്‍ട്ടി ഇതുവരെ സ്വീകരിച്ച നിലപാടുകള്‍ ജനങ്ങളെ കബളിപ്പിക്കാന്‍ മാത്രമുള്ളതായിരുവെന്ന് കരുതേണ്ടി വരുമെന്നും വി.ഡി. സതീശന്‍ കത്തിലൂടെ പറഞ്ഞിരുന്നു.

മുഖ്യമന്ത്രിക്കും ഉന്നത വിദ്യാഭ്യാസമന്ത്രിക്കുമെതിരെയുള്ള കേസുകളില്‍ സര്‍ക്കാരിനെ പ്രതികൂലമായി ബാധിച്ചേക്കാവുന്ന വിധിയില്‍ നിന്നും രക്ഷപ്പെടാനാണ് ലോകായുക്തയുടെ പല്ലും നഖവും കൊഴിച്ച് നിഷ്‌ക്രിയമാക്കുന്നത്. അതിനാല്‍ ലോകായുക്തയെ കഴുത്ത് ഞെരിച്ചു കൊല്ലാനുള്ള ഭേദഗതിയില്‍ നിന്നും പിന്‍മാറാന്‍ സി.പി.ഐ.എം നേതൃത്വത്തിലുള്ള സര്‍ക്കാരിനും പാര്‍ട്ടി കേരളഘടകത്തിനും നിര്‍ദ്ദേശം നല്‍കണമെന്ന് അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

ലോകായുക്ത നിയമത്തില്‍ ഭേദഗതി കൊണ്ടുവരാനുള്ള സര്‍ക്കാര്‍ നീക്കം മുഖ്യമന്ത്രിയെ കേസില്‍ നിന്ന് രക്ഷപ്പെടുത്താനുള്ള ശ്രമമാണെന്നും തുടര്‍ഭരണം ലഭിച്ചതിന്റെ അഹങ്കാരവും ധാര്‍ഷ്ട്യവും ഇടതുപക്ഷത്തിനുണ്ടെന്നും വി.ഡി. സതീശന്‍ നേരത്തെ പറഞ്ഞിരുന്നു.


Content Highlights: How can the Lokayukta have powers that the High Court does not have; Government to the Governor