എഡിറ്റര്‍
എഡിറ്റര്‍
കെട്ടിട നികുതി കൂട്ടി പാവപ്പെട്ടവര്‍ക്ക് വീട് നല്‍കും
എഡിറ്റര്‍
Wednesday 10th October 2012 12:46am

തിരുവനന്തപുരം: കെട്ടിട നികുതി കൂട്ടി വീടില്ലാത്തവര്‍ക്ക് പാര്‍പ്പിടം ഉറപ്പാക്കാന്‍ ശ്രമം തുടങ്ങി.സംസ്ഥാനത്തെ എല്ലാവര്‍ക്കും വീട് നിയമപരമായി ഉറപ്പാക്കുന്ന നിയമനിര്‍മാണത്തിലേക്കാണ് സര്‍ക്കാര്‍ കടക്കുന്നത്. എമര്‍ജിങ് കേരളയുടെ തുടര്‍ച്ചയായി കൊണ്ടുവരുന്ന നിയമനിര്‍മാണങ്ങളുടെ കൂട്ടത്തിലാണ് ഇതുള്‍പ്പെടുത്തിയിരിക്കുന്നത്.

എല്ലാവര്‍ക്കും വീട് നിയമപരമായ അവകാശമാക്കുമെങ്കിലും ബി.പി.എല്ലുകാര്‍ക്കാണ് ഇത് കൂടുതല്‍ പ്രയോജനപ്പെടുക. കെട്ടിട നികുതി 10 ശതമാനം കൂട്ടാനാണ് തീരുമാനിച്ചത്. നിലവില്‍ തദ്ദേശസ്ഥാപനങ്ങള്‍ക്കാണ് ബി.പി.എല്‍. വിഭാഗത്തില്‍പ്പെട്ടവര്‍ക്ക് പാര്‍പ്പിടം നിര്‍മിക്കാനുള്ള ഉത്തരവാദിത്വമുള്ളത്. ഈ ചുമതല തദ്ദേശസ്ഥാപനങ്ങളില്‍ നിലനിര്‍ത്തിക്കൊണ്ട് തന്നെയായിരിക്കും നിയമനിര്‍മാണം.

Ads By Google

എന്നാല്‍ ഇതിനായി പണം കണ്ടെത്താനുള്ള വഴി നിയമത്തില്‍ വ്യവസ്ഥ ചെയ്യുന്നു. കെട്ടിട നികുതിയില്‍ 10 ശതമാനം സെസ്സ് ഏര്‍പ്പെടുത്തി ഈ തുക ബി. പി.എല്ലുകാരുടെ പാര്‍പ്പിട നിര്‍മാണത്തിനായി ഉപയോഗിക്കും. എല്ലാ വിഭാഗക്കാരുടെയും കെട്ടിട നികുതി 10 ശതമാനം കണ്ട് വര്‍ധിപ്പിച്ച് തദ്ദേശസ്ഥാപനങ്ങള്‍ക്ക് ഈടാക്കാം.

4000 ചതുരശ്രയടിയില്‍ കൂടുതലുള്ള വീടുകള്‍ക്കും ആഡംബര കാറുകള്‍ക്കും 20 ശതമാനം അധിക നികുതി കഴിഞ്ഞ ബജറ്റില്‍ ഏര്‍പ്പെടുത്തിയിരുന്നു. ഈ തുകയും തദ്ദേശസ്ഥാപനങ്ങളുടെ ഭവനനിര്‍മാണത്തിനായി വിനിയോഗിക്കും. ഈ തുക സമാഹരിച്ചുകൊണ്ടുള്ള ഫണ്ട് നിലവില്‍ വരും. വീടില്ലാത്തവര്‍ക്ക് മൂന്ന് മുതല്‍ അഞ്ച് സെന്റ് വരെ കണ്ടെത്തിയായിരിക്കും ബി.പി.എല്‍. വിഭാഗത്തില്‍ വീട് വെച്ച് നല്‍കുക.

നഗരങ്ങളില്‍ ഫ്‌ളാറ്റ് സമുച്ചയമായിരിക്കും നിര്‍മിച്ച് നല്‍കുക. ഒരു വീടിന് മൂന്നു ലക്ഷം രൂപവരെ ചെലവ് വരുമെന്ന് കണക്കാക്കുന്നു. നിലവില്‍ തദ്ദേശസ്ഥാപനങ്ങള്‍ വഴി നടപ്പാക്കുന്ന കേന്ദ്ര, സംസ്ഥാന സര്‍ക്കാറുകളുടെ എല്ലാ ഭവന പദ്ധതികളും ഇതുമായി യോജിപ്പിക്കും. ഇങ്ങനെ നല്‍കുന്ന പാര്‍പ്പിടങ്ങള്‍ വില്‍ക്കാന്‍ വിലക്കുണ്ട്. മക്കള്‍ക്ക് കൈമാറാം.

എ.പി.എല്‍. വിഭാഗത്തിലുള്ളവര്‍ക്ക് പാര്‍പ്പിടം നിയമപരമായ അവകാശമാക്കുമെങ്കിലും സര്‍ക്കാര്‍ അത് ഉറപ്പാക്കില്ല. പ്രായമായവരെ മക്കള്‍ ഒപ്പം താമസിപ്പിക്കണം. അല്ലെങ്കില്‍ വേറെ പാര്‍പ്പിട സൗകര്യം ഒരുക്കണം. മക്കള്‍ക്ക് നേരത്തെ നല്‍കിയ സ്വത്ത് തിരിച്ചെടുക്കാന്‍ പ്രായമായവര്‍ക്ക് സ്വാതന്ത്ര്യം നല്‍കുന്ന വേറെ നിയമവും നിലവിലുണ്ട്. ഈ നിയമത്തിന് പാര്‍പ്പിടാവകാശ നിയമം ബലം നല്‍കും.

ദൂരെ സ്ഥലങ്ങളില്‍ നിന്ന് ചികിത്സയ്ക്കായി എത്തുന്നവര്‍ക്ക് വാടകയ്ക്ക് പാര്‍പ്പിട സൗകര്യം ഒരുക്കുമെന്നും പാര്‍പ്പിടാവകാശ നിയമത്തിന്റെ കരടില്‍ വ്യവസ്ഥ ചെയ്യുന്നു. ജോലിക്കായി മറ്റ് സ്ഥലങ്ങളില്‍ എത്തുന്ന ബി.പി. എല്ലുകാര്‍ക്കും ചെറിയ വാടകയ്ക്ക് നഗരങ്ങളില്‍ പാര്‍പ്പിടം ഒരുക്കും. ഇതിനുപുറമേ, എമര്‍ജിങ് കേരളയുടെ തുടര്‍ച്ചയായി ഐ.ടി പ്രദേശമായി നിശ്ചിത സ്ഥലം വിജ്ഞാപനം ചെയ്യുന്നതിനുള്ള നിയമവും കൊണ്ടുവരും. ഭൂവിനിയോഗ നിയമവും കൊണ്ടുവരാനും ആലോചിക്കന്നുണ്ട്.

നാളെ മന്ത്രി കെ.എം.മാണി അധ്യക്ഷനായ മന്ത്രിസഭാ ഉപസമിതി നിയമപരിഷ്‌കാരങ്ങളെക്കുറിച്ച് ആലോചിക്കാന്‍ യോഗം ചേരുന്നുണ്ട്. ഈ യോഗം പാര്‍പ്പിടാവകാശ നിയമം സംബന്ധിച്ച ശുപാര്‍ശകളും മുന്നോട്ടുവെക്കും.

Advertisement