കൊലപാതകം നടത്തിയത് ഗുണ്ടയെന്ന രീതിയില്‍ അറിയപ്പെടാന്‍; ഞെട്ടിക്കുന്ന വെളിപ്പെടുത്തലുമായി ഹോട്ടല്‍ ജീവനക്കാരനെ കൊലപ്പെടുത്തിയ അജീഷ്
Kerala News
കൊലപാതകം നടത്തിയത് ഗുണ്ടയെന്ന രീതിയില്‍ അറിയപ്പെടാന്‍; ഞെട്ടിക്കുന്ന വെളിപ്പെടുത്തലുമായി ഹോട്ടല്‍ ജീവനക്കാരനെ കൊലപ്പെടുത്തിയ അജീഷ്
ഡൂള്‍ന്യൂസ് ഡെസ്‌ക്
Saturday, 26th February 2022, 8:09 pm

തിരുവനന്തപുരം: തമ്പാനൂരില്‍ ഹോട്ടല്‍ ജിവനക്കാരനെ വെട്ടിക്കൊന്ന സംഭവത്തില്‍ ഞെട്ടിക്കുന്ന വെളിപ്പെടുത്തലുമായി പ്രതി അജീഷ്. ഗുണ്ടയെന്ന രീതിയില്‍ കൂടുതല്‍ ശ്രദ്ധിക്കപ്പെടാനാണ് കൊലപാതകം നടത്തിയതെന്ന് അജീഷ് പൊലീസിന് മൊഴി നല്‍കി.

മുന്‍വൈരാഗ്യം കാരണമാണ് കൊലപാതകം നടത്തിയതെന്ന് ഹോട്ടലിലെത്തിച്ചുള്ള തെളിവെടുപ്പില്‍ അജീഷ് പൊലീസിനോട് പറഞ്ഞു. കൊല നടത്തിയ രീതിയും പൊലീസിന് വിശദീകരിച്ചു.

കഴിഞ്ഞ വെള്ളിയാഴ്ചയാണ് നാടിനെ നടുക്കിയ കൊലപാതകം നടന്നത്. ഹോട്ടല്‍ സിറ്റി ടവറിലെ റിസ്പ്ഷനിസ്റ്റായ തമിഴ്നാട് സ്വദേശി അയ്യപ്പനെയാണ് വെട്ടിക്കൊലപ്പെടുത്തിയത്. ഹോട്ടലില്‍ മുറിയെടുക്കുന്നതുമായി ബന്ധപ്പെട്ട് രണ്ട് ദിവസം മുമ്പ് നടന്ന തര്‍ക്കമാണ് കൊലപാതകത്തിന് പിന്നിലെന്ന് പൊലീസ് നേരത്തെ പറഞ്ഞിരുന്നു.

അജീഷ് അയ്യപ്പനെ വെട്ടിക്കൊലപ്പെടുത്തുന്ന ദൃശ്യങ്ങള്‍ പുറത്തുവന്നിരുന്നു. കസേരയില്‍ ഇരുന്ന അയ്യപ്പനെ അജീഷ് തലയില്‍ പിടിച്ച് മേശയില്‍ ചേര്‍ത്ത് കിടത്തി തുടരെ വെട്ടുകയായിരുന്നു.

30 സെക്കന്റിനുള്ളിലാണ് കൊലപാതകം നടന്നതെന്ന് സി.സി.ടി.വി ദൃശ്യങ്ങളില്‍ നിന്ന് വ്യക്തമാകുന്നുണ്ട്.

സംഭവ ദിവസം രാവിലെ അയ്യപ്പനും ഒരു റൂം ബോയും മാത്രമാണ് ഹോട്ടലിലുണ്ടായിരുന്നത്. മാലിന്യം കളയാനായി റൂം ബോയ് അകത്തേക്ക് പോയ സമയത്തായിരുന്നു സംഭവം നടന്നത്. എട്ടരയോടെ ബൈക്കിലെത്തിയ അജീഷ് ബൈക്ക് പാര്‍ക്ക് ചെയ്ത ശേഷം വെട്ടുകത്തിയുമായി ഹോട്ടലിലേക്ക് കയറി, റിസപ്ഷനിലുണ്ടായിരുന്ന അയ്യപ്പനെ വെട്ടുകയായിരുന്നു.

റൂം ബോയ് തിരിച്ചെത്തിയപ്പോഴാണ് അയ്യപ്പനെ കൊല്ലപ്പെട്ട നിലയില്‍ കണ്ടെത്തിയത്.

നാല് വര്‍ഷത്തോളമായി ഹോട്ടലിലെ ജീവനക്കാരനാണ് അയ്യപ്പന്‍. കൊവിഡ് സമയത്ത് നാട്ടിലേക്ക് പോയ ഇയാള്‍ ഒമ്പത് മാസം മുമ്പാണ് തിരിച്ചെത്തിയത്. അയ്യപ്പനെതിരെ തമിഴ്നാട്ടില്‍ ഒരു കേസുള്ളതായി പൊലീസിന് വിവരം ലഭിച്ചിട്ടുണ്ട്.


Content Highlights: Hotel employee murder case ajeesh with new relevation