വിദ്വേഷ പ്രസം​ഗങ്ങൾ ഉയരുന്നുവെന്ന് കർണാടക ആഭ്യന്തര വകുപ്പ്; നോക്കുകുത്തിയായി പൊലീസ്
national news
വിദ്വേഷ പ്രസം​ഗങ്ങൾ ഉയരുന്നുവെന്ന് കർണാടക ആഭ്യന്തര വകുപ്പ്; നോക്കുകുത്തിയായി പൊലീസ്
ഡൂള്‍ന്യൂസ് ഡെസ്‌ക്
Saturday, 25th February 2023, 10:28 am

ബെംഗളൂരു: ബി.ജെ.പി ഭരിക്കുന്ന കര്‍ണാടകയില്‍ വിദ്വേഷ പ്രസംഗങ്ങള്‍ ഇരട്ടിയായതായി ആഭ്യന്തര മന്ത്രാലയം റിപ്പോര്‍ട്ട് ചെയ്തു. മൂന്ന് വര്‍ഷത്തിനിടെ നൂറിലധികം വിദ്വേഷ പ്രസംഗങ്ങളാണ് ഉണ്ടായതെന്ന് കണക്കുകള്‍ പറയുന്നു. പൊലീസ് കേസെടുത്ത സംഭവങ്ങളുടെ കണക്ക് മാത്രമാണിത്.

2021നെക്കാള്‍ കൂടുതലാണ് 2022ലെ കേസുകള്‍. 2021ല്‍ നിന്ന് 22ലേക്ക് വരുമ്പോഴേക്കും 46 ശതമാനത്തിന്റെ വര്‍ധനവാണ് ഉണ്ടായത്. 2020 ജനുവരി മുതല്‍ 2023 ജനുവരി വരെ ആകെ 105ലധികം കേസുകള്‍ രജിസ്റ്റര്‍ ചെയ്തു. ഇതില്‍ 52 ശതമാനവും ബെംഗളൂരുവിലാണ് രജിസ്റ്റര്‍ ചെയ്തിട്ടുള്ളത്.

വിദ്വേഷ പ്രസംഗം നടത്തുന്നവര്‍ക്കെതിരെ നടപടിയെടുക്കണമെന്ന് ആഭ്യന്തരമന്ത്രി അംഗ ജ്ഞാനേന്ദ്ര അറിയിച്ചു. ഇത്തരക്കാര്‍ക്കെതിരെ നടപടിയെടുക്കുമെന്നും പൊലീസ് കേസ് രജിസ്റ്റര്‍ ചെയ്ത് കോടതിയിലെത്തിക്കുമെന്നും ആഭ്യന്തരമന്ത്രാലയം അറിയിച്ചു.

ആഭ്യന്തരമന്ത്രാലയത്തിന്റെ തീരുമാനം സ്വീകരിക്കുന്നുവെങ്കിലും ഇതില്‍ പക്ഷപാതപരമായ നടപടികളാണ് എടുക്കുന്നതെന്ന് മനുഷ്യാവകാശ പ്രവര്‍ത്തകര്‍ വിമര്‍ശിച്ചു.

അടുത്തിടെയുണ്ടായ വെറുപ്പ് പ്രചാരണ പ്രസംഗങ്ങള്‍ക്കെതിരെ നടപടിയെടുക്കണമെന്ന് ആവശ്യപ്പെട്ട് ഡി.ജി.പിയെ കാണാന്‍ പോലും തങ്ങളെ അനുവദിച്ചില്ലെന്ന് കാമ്പയിന്‍ എഗെയിന്‍സ്റ്റ് ഹേറ്റ് സ്പീച്ച് അംഗം വിനയ് ശ്രീനിവാസ് പറഞ്ഞു. പൊലീസ് പ്രമോദ് മുത്തലിക്കിനെ പോലെയുള്ളവര്‍ക്കെതിരെ സ്വമേധയാ കേസെടുക്കുന്നില്ലെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. ഇത്തരം കേസുകളില്‍ സ്വമേധയാ കേസെടുക്കണമെന്ന് സുപ്രീം കോടതി ഉത്തരവുണ്ടെന്നും എന്നാല്‍ പൊലീസ് അത് ചെയ്യുന്നില്ലെന്നും കാമ്പയിന്‍ അംഗങ്ങള്‍ പറഞ്ഞു.

ലവ് ജിഹാദില്‍ ഒരു പെണ്‍കുട്ടിയെ നഷ്ടപ്പെട്ടാല്‍ പത്ത് മുസ്‌ലിം പെണ്‍കുട്ടികളെ കെണിയില്‍പെടുത്തണമെന്നും ഹിന്ദുക്കള്‍ ആയുധം മൂര്‍ച്ചകൂട്ടി വെക്കണമെന്നും ശ്രീരാമസേന തലവന്‍ പ്രമോദ് മുത്തലിക്ക് ആഹ്വാനം ചെയ്തിരുന്നു. നിയമസഭ തെരഞ്ഞെടുപ്പ് അടുത്തിരിക്കേ ബി.ജെ.പിയുടെ നേതാക്കളടക്കമുള്ളവര്‍ ന്യൂനപക്ഷവിഭാഗങ്ങള്‍ക്കെതിരെ വിദ്വേഷ പ്രസംഗങ്ങള്‍ ധാരാളമായി നടത്തുന്നുണ്ട്. തെരഞ്ഞെടുപ്പ് പ്രചാരത്തിനിടെ ടിപ്പുവും സവര്‍ക്കറും തമ്മിലാണ് മത്സരമെന്നും ടിപ്പുവിന്റെ ആളുകളെ കൊല്ലണമെന്നും ബി.ജെ.പി സംസ്ഥാന അധ്യക്ഷനും എം.പിയുമായ നളിന്‍ കുമാര്‍ കട്ടീല്‍ പറഞ്ഞു.

മന്ത്രി അശ്വത് നാരായണ്‍, വിശ്വ ഹിന്ദു പരിഷത്ത് നേതാവ് ശരണ്‍ പമ്പ്വെല്‍ തുടങ്ങി നിരവധി നേതാക്കള്‍ അടുത്ത കാലത്ത് തന്നെ നിരവധി വിദ്വേഷ പരാമര്‍ശങ്ങള്‍ നടത്തിയിട്ടുണ്ട്.

ഇത്തരത്തില്‍ സംസ്ഥാനത്ത് വര്‍ധിച്ച് വരുന്ന വിദ്വേഷ പ്രസംഗങ്ങള്‍ക്കെതിരെ കഴിഞ്ഞ ദിവസം അഭിഭാഷകരും വനിതാ ആക്ടിവിസ്റ്റുകളും വിദ്യാര്‍ത്ഥികളുമെല്ലാം കാമ്പയിന്‍ അംഗങ്ങളുമെല്ലാം പൊലീസ് സ്റ്റേഷനില്‍ പ്രതിഷേധവുമായി എത്തിയിരുന്നു. അതിന് പിന്നാലെയാണ് ആഭ്യന്തരമന്ത്രാലയത്തിന്റെ കണക്കുകള്‍ പുറത്ത് വന്നത്.

ബെംഗളൂരു കഴിഞ്ഞാല്‍ ബിദല്‍, കല്‍ബുര്‍ഗി, ശിവമുഗ്ഗ എന്നീ ജില്ലകളിലാണ് ഏറ്റവും കൂടുതല്‍ വെറുപ്പ് പ്രചരിക്കുന്നത്. 2022ല്‍ ഷഹീന്‍ അബ്ദുള്ള വേഴ്‌സസ് യൂണിയന്‍ ഓഫ് ഇന്ത്യ കേസില്‍ വിദ്വേഷ പ്രസംഗ കുറ്റകൃത്യങ്ങള്‍ക്കെതിരെ സ്വമേധയാ നടപടിയെടുക്കാന്‍ ഉത്തര്‍പ്രദേശ്, ഉത്തരാഖണ്ഡ്, ഡല്‍ഹി സര്‍ക്കാരുകളോട് സുപ്രീം കോടതി നിര്‍ദേശിച്ചിരുന്നു.

content highlight: Karnataka Home Department says hate speeches are on the rise; Police observed