ഫലസ്തീന്‍ അനുകൂല പരാമര്‍ശം; ഹോളിവുഡ് താരങ്ങള്‍ക്ക് സിനിമകളില്‍ നിന്ന് വിലക്ക്, അവസരം നിഷേധിക്കല്‍
World News
ഫലസ്തീന്‍ അനുകൂല പരാമര്‍ശം; ഹോളിവുഡ് താരങ്ങള്‍ക്ക് സിനിമകളില്‍ നിന്ന് വിലക്ക്, അവസരം നിഷേധിക്കല്‍
ഡൂള്‍ന്യൂസ് ഡെസ്‌ക്
Wednesday, 22nd November 2023, 4:47 pm

കാലിഫോർണിയ: ഇസ്രഈലിനെതിരെയുള്ള വിമർശനത്തിന്റെ പേരിൽ സമ്മർദത്തിലായി ഹോളിവുഡ് സെലിബ്രിറ്റികൾ.

ഗസയിലെ ആക്രമണത്തിൽ പ്രതിഷേധിച്ച് ഇസ്രഈലിനെതിരെ സമൂഹമാധ്യമങ്ങളിൽ നിരവധി പോസ്റ്റുകൾ പങ്കുവെച്ചതിനെ തുടർന്ന് നടി മെലിസ ബരേരയെ സ്ക്രീം VII എന്ന സിനിമയിൽ നിന്ന് പുറത്താക്കിയിരുന്നു. സ്ക്രീം സിനിമാ പരമ്പരയിലെ പ്രധാന താരങ്ങളിൽ ഒരാളായിരുന്നു ബരേര.

‘ഗസയെ നിലവിൽ ഒരു കോൺസെൻട്രേഷൻ ക്യാമ്പ് പോലെയാണ് അവർ കൈകാര്യം ചെയ്യുന്നത്. എല്ലാവരെയും വളഞ്ഞിട്ട് ആക്രമിക്കുന്നു, എങ്ങോട്ടും പോകാനാകാതെ, വെള്ളമോ വൈദ്യുതിയോ ഇല്ലാതെ… ഇത് വംശഹത്യയും വംശീയ ഉന്മൂലനവുമാണ്,’ ബരേരയുടെ ഇൻസ്റ്റഗ്രാം പോസ്റ്റിൽ നിശിദമായി വിമർശിക്കുന്നു.

പാശ്ചാത്യ മാധ്യമങ്ങൾ അവരുടെ വശം മാത്രമാണ് കാണിക്കുന്നതെന്നും ഫലസ്തീനികളുടെ വശത്തുനിന്ന് യുദ്ധത്തിന്റെ വാർത്തകൾ അറിയാൻ താൻ ശ്രമിക്കുകയാണെന്നും ബരേര ഇൻസ്റ്റഗ്രാം സ്റ്റോറികളിൽ എഴുതിയിരുന്നു.

എന്നാൽ താൻ ആന്റി സെമിറ്റിസത്തിന് എതിരാണെന്ന് ബരേര നേരത്തെ വ്യക്തമാക്കിയിരുന്നു. താൻ ഫലസ്തീനെ മോചിപ്പിക്കണം എന്ന് പറയുമ്പോൾ ജൂതന്മാരെ കൊല്ലണമെന്നല്ല ഉദ്ദേശിക്കുന്നത് എന്ന് ഒക്ടോബർ 27ന് ഇൻസ്റ്റഗ്രാമിൽ പോസ്റ്റ് ചെയ്ത കുറിപ്പിൽ പറയുന്നു.

ഫലസ്തീൻ അനുകൂല റാലിയിൽ സംസാരിച്ചതിനെ തുടർന്ന് ഓസ്കാർ ജേതാവ് സൂസൻ സരൻഡോണുമായുള്ള കരാർ അവരുടെ ടാലെന്റ് ഏജൻസി (താരങ്ങൾക്കായി പ്രൊജക്റ്റുകൾ കണ്ടെത്തി നൽകുന്ന സ്ഥാപനം) റദ്ദാക്കിയിരുന്നു. ഇസ്രഈൽ – ഫലസ്തീൻ സംഘർഷത്തെ കുറിച്ച് പ്രചരിക്കുന്ന തെറ്റിദ്ധാരണകൾക്ക് ആളുകൾ ഇപ്പോൾ നിന്നുകൊടുക്കുന്നില്ലെന്ന് സരൻഡോൺ റാലിയിൽ പറഞ്ഞിരുന്നു.

‘ഇക്കാലത്ത് ജൂതന്മാരായി ജീവിക്കാൻ ഭയപ്പെടുന്ന കുറേയാളുകളുണ്ടാകും. എന്നാൽ ആ രാജ്യത്ത് മുസ്‌ലിം ആയി ജീവിക്കുന്നവരുടെ അവസ്ഥയെ കുറിച്ച് ആലോചിച്ചുനോക്കൂ,’ സരൻഡോൺ പറഞ്ഞു.

സി.എ.എ എന്ന ടാലെന്റ ഏജൻസിയുടെ ഏജന്റ് ആയ മഹാ ദാഖിലിനെ ഇസ്രഈലി ആക്രമണത്തെ വംശഹത്യ എന്ന് പരാമർശിച്ചതിന്റെ പേരിൽ ഏജൻസി പുറത്താക്കിയിരുന്നു. പിന്നീട് ഹോളിവുഡ് സൂപ്പർ നടൻ ടോം ക്രൂസിന്റെ ഇടപെടലിനെ തുടർന്ന് അവരെ ജോലിയിൽ തിരിച്ചെടുക്കുകയായിരുന്നു.

Content Highlight: Hollywood celebrities come under pressure for critical stance on Israel; Melissa Barrera dropped from starring Scream VII