ഭൂമിത്തര്‍ക്കം; ഉത്തര്‍പ്രദേശില്‍ ഉറങ്ങിക്കിടക്കവേ ദളിത് കുടുംബത്തിലെ മൂന്ന് പേരെ വെടിവെച്ചുകൊന്നു
national news
ഭൂമിത്തര്‍ക്കം; ഉത്തര്‍പ്രദേശില്‍ ഉറങ്ങിക്കിടക്കവേ ദളിത് കുടുംബത്തിലെ മൂന്ന് പേരെ വെടിവെച്ചുകൊന്നു
ഡൂള്‍ന്യൂസ് ഡെസ്‌ക്
Saturday, 16th September 2023, 9:33 am

കൗശാംമ്പി: ഉത്തര്‍പ്രദേശിലെ കൗശാംമ്പിയില്‍ ഭൂമി തര്‍ക്കത്തിന്റെ പേരില്‍ ദളിത് കുടുംബത്തിലെ മൂന്ന് പേരെ വെടിവെച്ചുകൊന്നു. സംഭവത്തില്‍ അമര്‍ സിങ്, അമിത് സിങ് എന്നിവരെ പൊലീസ് അറസ്റ്റ് ചെയ്തു. സെപ്റ്റംബര്‍ 14ന് പുലര്‍ച്ചെ രണ്ട് മണിക്കാണ് സംഭവം. പാസി വിഭാഗത്തില്‍ പെട്ട ശിവശരണ്‍, പങ്കാളിയായ ബ്രിജ്കലി, ഇവരുടെ പിതാവ് ഹൊറിലാല്‍ എന്നിവര്‍ ഉറങ്ങികിടക്കവേ പ്രതികള്‍ വെടിവെച്ച് കൊല്ലുകയായിരുന്നു.

മൊഹിദീന്‍പൂരിലുള്ള സന്ദീപന്‍ ഘട്ട് പൊലീസ് സ്റ്റോഷന്‍ പരിധിയിലാണ് സംഭവം നടന്നത്. ഹൊറിലാലിന്റെ കുടുംബവും അയല്‍വാസികളും തമ്മില്‍ ഒരു ഭൂമിയുടെ മേല്‍ തര്‍ക്കം നടന്നിരുന്നു. ഇവിടെ ഹൊറിലാല്‍ ഒരു കുടില്‍ കെട്ടുകയും മകളും മരുമകനും അവിടെ താമസിച്ചുവരുകയായിരുന്നുവെന്നും പൊലീസ് പറഞ്ഞു. കൂടുതല്‍ വിശദാംശങ്ങള്‍ അന്വേഷിച്ച് വരികയാണെന്ന് പൊലീസ് അറിയിച്ചു.

കൊല്ലപ്പെട്ടവരുടെ അയല്‍വാസികളായ മൂന്ന് കുടുംബത്തിലെ എട്ട് പേര്‍ക്കെതിരെ കേസെടുത്തു.
ഹൊറിലാലിന്റെ മകന്‍ സുഭാഷ് കുമാറിന്റെ പരാതിയുടെ അടിസ്ഥാനത്തിലാണ് ഗുഡ്ഡു യാദവ്, അരവിന്ദ് സിങ്, അമിത് സിങ്, സുരേഷ്, അനൂജ് സിങ്, രാജേന്ദ്ര സിങ്, അജിത് സിങ്, അമര്‍ സിങ് എന്നീ എട്ട് പേര്‍ക്കെതിരെ കേസെടുത്തത്.

രണ്ട് പേരെ അറസ്റ്റ് ചെയ്തിട്ടുണ്ടെന്നും ബാക്കിയുള്ള ആറ് പ്രതികളെ കൂടി പിടികൂടാന്‍ എട്ട് ടീമുകളെ രൂപീകരിച്ചിട്ടുണ്ടെന്നും എസ്.പി. പറഞ്ഞു. കൊലപാതകത്തെ തുടര്‍ന്ന് ഗ്രാമത്തില്‍ കനത്ത പോലീസ് സേനയെയും പി.എ.സി. ഉദ്യോഗസ്ഥരെയും വിന്യസിച്ചിട്ടുണ്ട്. രോഷാകുലരായ നാട്ടുകാര്‍ പ്രതികളുടെ വീടിന് തീയിട്ടിരുന്നു. നിലവില്‍ സ്ഥിതിഗതികള്‍ പൂര്‍ണമായും നിയന്ത്രണവിധേയമാണെന്ന് എസ്.പി. പറഞ്ഞു.

Content Highlight: Shocking incident after land dispute in Kaushambi, Uttar Pradesh